ആരും പറഞ്ഞുകൊടുത്തില്ല, ആരും പരിശീലനവും നൽകിയില്ല, ആദിത്യൻ ഹൈജംപിൽ ഒന്നാമത് ഫിനിഷ് ചെയ്തത് സ്വയം നിരത്തിയുണ്ടാക്കിയ ജംപിങ് പിറ്റിൽ. നിലേശ്വരം സ്റ്റേഡിയത്തിൽ നടന്ന ജില്ല സ്കൂൾ കായികമേളയിൽ ഹൈജംപിൽ 1.43 ഉയരത്തിൽ ജില്ല ചാമ്പ്യനായ ഈ ഗോത്രവർഗ വിദ്യാർഥി സ്കൂൾ കായിക മേഖലയുടെ ദയനീയ ചിത്രം കൂടി നൽകുന്നുണ്ട്.
ആരുടെയും സഹായമില്ലാതെ ജില്ല ചാമ്പ്യനാകാമെങ്കിൽ പരിശീലനം സിദ്ധിച്ചാൽ ഈ കുട്ടി രാജ്യത്തിെന്റ കായികമേഖലയുടെ ഏതറ്റം വരെയാണ് എത്തുകയെന്ന ചോദ്യം അവൻ ചാടിയതിനേക്കാൾ ഉയരത്തിൽ ഉദിച്ചു നിൽക്കുന്നു. പാണത്തൂർ ഗവ. വെൽഫെയർ ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയായ ആദിത്യൻ ഹൈജംപിനോടുള്ള താൽപര്യം കൊണ്ട് സ്വയം പരിശീലിക്കുകയായിരുന്നു. നാലാം ക്ലാസ് മുതൽ ആരംഭിച്ചതാണ് പരിശീലനം.
കായികാധ്യാപകനില്ലാത്ത ഈ സ്കൂളിൽനിന്ന് മൂന്നു ഗോത്ര വിദ്യാർഥികളാണ് ഇങ്ങനെ വന്നത്. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ 800 മീറ്ററിൽ ചന്ദന, സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ 400 മീറ്ററിൽ അപർണ എന്നിവരാണവർ. മാപ്പിളച്ചേരിയിലെ മലഞ്ചെരുവിൽ സ്വയം കിളച്ചുണ്ടാക്കിയ പിറ്റിൽ ദിനേന രാവിലെയും വൈകീട്ടും ഗുരുവില്ലാതെ സ്വയം പരിശീലിച്ച ‘ഏകലവ്യൻമാരാ’ണിവർ.
കൂലിപ്പണിയെടുത്ത് കുടുംബംപോറ്റുന്ന അജയകുമാർ -വാസന്തി ദമ്പതികളുടെ മകനായ ആദിത്യന് കൂട്ട് അച്ഛെന്ററയും അമ്മയുടെയും പ്രാർഥന മാത്രം. വീട്ടുജോലിക്കു പോയി കുടുംബം പോറ്റുന്ന ജാനകിയുടെ മകളാണ് ചന്ദന. പിതാവ് ഗോപി നേരത്തേ മരിച്ചു. അമ്മയുടെ ചെറിയ വരുമാനം കൊണ്ട് മുന്നോട്ടുപോകുന്ന കുടുംബത്തിൽനിന്നും അത്ലറ്റാകുകയെന്നതാണ് ചന്ദനയുടെ ജീവിതത്തിലെ ഏക സ്വപ്നം.
സ്വന്തമായി വീടുപോലും ഇല്ലാത്ത ചന്ദനയുടെ കുടുംബം താമസിക്കുന്നത് ബാപ്പുങ്കയത്തെ വാടക വീട്ടിലാണ് എന്നതും അവളുടെ പ്രയാസത്തിെന്റ ആഴം വർധിപ്പിക്കുന്നു. കുണ്ടുപള്ളിയിലെ ജനാർദനൻ- നാരായണി ദമ്പതികളുടെ മകളാണ് അപർണ. കൂലിവേല ചെയ്ത് കുടുംബം പോറ്റുന്ന കുടുംബത്തിലെ വിദ്യാർഥിനിയാണ് അപർണ.
മൂന്നു കായിക താരങ്ങളും തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ താണ്ടുന്ന ദുർഘട പാതകൾ ആരും കാണുന്നില്ല. 500 കുട്ടികളിൽ കൂടുതൽ ഉള്ള സ്കൂളുകൾക്ക് മാത്രമാണ് കായിക അധ്യപാകരെ നിയമിച്ച് നൽകുന്നത്. മികച്ച് സ്പോർട്സ് താരങ്ങൾ ഏറെയും മലയോര മേഖലയിൽ നിന്നാണ് എന്നതാണ് സത്യം.
എന്നാൽ 500 എന്ന മാനദണ്ഡം വലിയ താരങ്ങളായി ഉയർന്നു വരാൻ ശേഷിയുള്ള കുട്ടികളുടെ കായിക ഭാവിക്ക് മുന്നിൽ ഇരുട്ടുപരത്തുകയാണ്. സബ്ജില്ല തലത്തിൽ മികച്ച വിജയം നേടുന്ന വിദ്യാർഥികൾക്ക് അതിനുവേണ്ട പരിശീലനം നൽകണമെന്നാണ് കുട്ടികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.