ബകു (അസർബൈജാൻ): ലോക മൂന്നാം നമ്പറുകാരൻ യു.എസിന്റെ ഫാബിയോ കരുവാനയെ അട്ടിമറിച്ച് കൗമാര ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ ഫിഡെ ചെസ് ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. സെമിഫൈനൽ ടൈ ബ്രേക്കറിൽ 3.5-2.5 ജയവുമായാണ് 18കാരനായ ചെന്നൈ സ്വദേശി ഫൈനലിന് ടിക്കറ്റെടുത്തത്. ബുധനാഴ്ച കലാശപ്പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം നോർവേയുടെ മാഗ്നസ് കാൾസണാണ് പ്രഗ്നാനന്ദയുടെ എതിരാളി. 2024ലെ ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ കാൻഡിഡേറ്റ് ടൂർണമെന്റിനും യോഗ്യത നേടി പ്രഗ്നാനന്ദ.
സെമിയിലെ രണ്ട് ഗെയിം ക്ലാസിക്കൽ പരമ്പര 1-1ന് അവസാനിച്ചതോടെയാണ് ടൈബ്രേക്കറിലേക്കു നീണ്ടത്. ബുദ്ധിപരമായ നീക്കങ്ങളിലൂടെ കരുവാനയെ മറികടന്ന പ്രഗ്നാനന്ദ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദിനുശേഷം ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനുമായി.
സെമിയിലും ഇതിനുമുമ്പ് ഇന്ത്യയിൽനിന്ന് ആനന്ദ് മാത്രമേ മത്സരിച്ചിട്ടുള്ളൂ. സഹതാരം അർജുൻ എറിഗെയ്സിയെ തോൽപിച്ചാണ് പ്രഗ്നാനന്ദ സെമിയിൽ കടന്നത്. ചരിത്രത്തിലാദ്യമായി ഇക്കുറി നാല് ഇന്ത്യക്കാർ ക്വാർട്ടറിലെത്തിയിരുന്നു. കാൾസൺ സെമിയിൽ അസർബൈജാന്റെ നിജാത് അബാസോവിനെയും പരാജയപ്പെടുത്തി. ‘‘പ്രാഗ് ഫൈനലിലേക്ക് കടന്നു! ടൈബ്രേക്കിൽ അദ്ദേഹം ഫാബിയാനോ കരുവാനയെ തോൽപിച്ചു. ഇനി മാഗ്നസ് കാൾസണെ നേരിടും. എന്തൊരു പ്രകടനം!’’ -വിശ്വനാഥൻ ആനന്ദ് ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.