ന്യൂഡൽഹി: ആവേശകരമായ വോളിബാൾ കാഴ്ചകളും കളികളുമൊരുക്കുന്ന പ്രൈം വോളിബാൾ ലീഗിന്റെ മൂന്നാം സീസണിൽ മറ്റൊരു ടീം കൂടിയെത്തുന്നു. സംഘി ഗ്രൂപ്പിന്റെ അലോക് സംഘിയുടെ ഉടമസ്ഥതയിൽ ഡൽഹി തൂഫാൻസാണ് പുതിയ ടീം. മലയാളികളടക്കം കരുത്തരായ ടീമുമായാണ് തൂഫാൻ എത്തുന്നത്.
അനു ജെയിംസ്, അമൽ കെ. തോമസ്, കെ. ആനന്ദ്, എൻ.കെ. ഫായിസ്, യു. ജൻഷാദ് എന്നിവരാണ് ടീമിലെ മലയാളി സാന്നിധ്യം. ആക്രമണ നിരയിൽ അനുവിന് പുറമെ, അമലും വെറ്ററൻ താരം രോഹിത് കുമാറും മനോജ് കുമാറും കളിക്കും. മിഡിൽ ബ്ലോക്കറാണ് ഫായിസ്. ആനന്ദ് ലിബറോ സ്ഥാനത്തും ജൻഷാദ് സെറ്ററായും ടീമിലിടം നേടി. കശ്മീരി സെറ്റർ സഖ് ലെയ്ൻ താരിഖിനെയും കഴിഞ്ഞദിവസം ബംഗളൂരുവിൽ നടന്ന ലേലത്തിൽ ടീമിലെടുത്തിരുന്നു.
ഇത് വെറുമൊരു ടീമല്ലെന്നും സ്പോർട്സിനോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കലും വളർന്നുവരുന്ന താരങ്ങൾക്കായി വേദിയൊരുക്കലുമാണ് ലക്ഷ്യമെന്ന് അലോക് സംഘി പറഞ്ഞു. ഇതോടെ പ്രൈം വോളിയിലെ ടീമുകളുടെ എണ്ണം ഒമ്പതായി.
കൊൽക്കത്ത തണ്ടർബോൾട്ട്സ്, അഹ്മദാബാദ് ഡിഫൻഡേഴ്സ്, കാലിക്കറ്റ് ഹീറോസ്, ബംഗളൂരു ടോർപിഡോസ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, മുംബൈ മീറ്റിയോസ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, ചെന്നൈ ബ്ലിറ്റ്സ് എന്നിവയാണ് മറ്റ് ടീമുകൾ. അടുത്ത ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് പ്രൈം വോളി മൂന്നാം സീസൺ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.