ഹൈദരാബാദ്: റുപേ പ്രൈം വോളിബാള്‍ ലീഗിന് രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള കായിക പ്രേമികളുടെ ആവേശാജനകമായ പ്രതികരണം ലഭിക്കുന്ന സാഹചര്യത്തില്‍, കേരളം കേന്ദ്രീകരിച്ച് കേരള പ്രീമിയര്‍ വോളിബാള്‍ ലീഗ് തുടങ്ങാന്‍ തീരുമാനിച്ചതായി പ്രൈം വോളിബാൾ ലീഗിന്റെ സ്ഥാപക പങ്കാളികള്‍ അറിയിച്ചു. വെള്ളിയാഴ്ച നടക്കുന്ന റുപേ പ്രൈം വോളിബാള്‍ ലീഗിന്റെ രണ്ടാം സെമി ഫൈനല്‍ മത്സരത്തിന് മുന്നോടിയായാണ് ടൂര്‍ണമെന്റിന്റെ പ്രഖ്യാപനം. ജില്ലകളില്‍ നിന്നുള്ള ടീമുകളായിരിക്കും വോളിബാള്‍ ലീഗില്‍ പങ്കെടുക്കുക. ഈ വര്‍ഷം പകുതിയോടെ ടൂര്‍ണമെന്റ് തുടങ്ങും. ബേസ്‌ലൈന്‍ വെഞ്ച്വേഴ്‌സിനായിരിക്കും കേരള പ്രീമിയര്‍ വോളിബാള്‍ ലീഗിന്റെയും വിപണന അവകാശം.
മേഖലാ അടിസ്ഥാനത്തിലുള്ള വോളിബാള്‍ ലീഗിനായി ഓരോ ടീമുകള്‍ക്കും കേരളത്തിന് പുറമെ മറ്റൊരു സംസ്ഥാനത്തില്‍ നിന്നോ വിദേശത്ത് നിന്നോ നിശ്ചിത എണ്ണം താരങ്ങളെ തിരഞ്ഞെടുക്കാം. ലീഗ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിനായി ചില ടി.വി ചാനലുകളുമായി കേരള പ്രീമിയര്‍ വോളിബാള്‍ ലീഗ് സംഘാടകര്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യും.
വോളിബാള്‍ താരങ്ങള്‍ക്ക് താഴെത്തട്ടില്‍ ഒരു വേദി നല്‍കുന്നതിനായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വോളിബാള്‍ ലീഗുകള്‍ സ്ഥാപിക്കുക എന്നതാണ് പ്രൈം വോളിബാള്‍ ലീഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ലക്ഷ്യം. പ്രൈം വോളിബാള്‍ ലീഗിലെ ഫ്രാഞ്ചൈസികളില്‍ കളിക്കുന്നതിനായി താരങ്ങളെ കണ്ടെത്തി അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും മേഖലാ അടിസ്ഥാനത്തിലുള്ള ലീഗുകള്‍ ഉപയോഗപ്പെടുത്തും.
നിരവധി വര്‍ഷങ്ങളായി മികച്ച വോളിബാള്‍ താരങ്ങളുടെ വിളനിലമാണ് കേരളം. കൂടാതെ അനേകം ഇതിഹാസ വോളിബാള്‍ താരങ്ങളെയും കേരളം രൂപപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ, ഈ സംസ്ഥാനത്തിന്റെ അളവറ്റ കായിക പ്രേമം കൂടി കണക്കിലെടുത്താണ് മേഖല അടിസ്ഥാനത്തില്‍ ആരംഭിക്കുന്ന പ്രദേശാധിഷ്ഠിത ലീഗുകളില്‍ ആദ്യത്തേതിന് കേരളത്തില്‍ തന്നെ തുടക്കമിടുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയായി റുപേ പ്രൈം വോളിബാള്‍ ലീഗിന് അതിശയകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്നും, വോളിബാള്‍ ആവേശം വര്‍ഷം മുഴുവന്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെന്നും ഇതേകുറിച്ച് സംസാരിച്ച ബേസ്‌ലൈന്‍ വെഞ്ച്വേഴ്‌സ് സഹസ്ഥാപകനും എം.ഡിയുമായ തുഹിന്‍ മിശ്ര പറഞ്ഞു. ഇന്ത്യയില്‍ മേഖലാടിസ്ഥാനത്തിലുള്ള നിരവധി വോളിബാള്‍ ലീഗുകള്‍ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ട്, അവയില്‍ ആദ്യത്തേത് കേരള പ്രീമിയര്‍ വോളിബാള്‍ ലീഗായിരിക്കും. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റുപേ പ്രൈം വോളിബാള്‍ ലീഗില്‍ പ്രതിഭാധനരായ നിരവധി താരങ്ങള്‍ കാണികളെ അമ്പരപ്പിക്കുന്നത് ഞങ്ങള്‍ കണ്ടു, കേരള പ്രീമിയര്‍ വോളിബാള്‍ ലീഗിലൂടെ കൂടുതല്‍ കഴിവുള്ള താരങ്ങളെ കണ്ടെത്താന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ വോളിബാളിനെ പിന്തുണക്കാനും പ്രോത്സാഹിപ്പിക്കാനും മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഉടമ തോമസ് മുത്തൂറ്റ് പറഞ്ഞു. കേരളത്തില്‍ താഴെത്തട്ടില്‍ തന്നെ മികച്ച രീതിയില്‍ ബന്ധപ്പെട്ടിരിക്കുന്ന ഗെയിമാണിത്. കൂടാതെ രാജ്യത്തിനായി മികച്ച താരങ്ങളെ സൃഷ്ടിക്കുന്ന സമ്പന്നമായ പാരമ്പര്യവും കേരളത്തിനുണ്ട്. കേരള പ്രീമിയര്‍ ലീഗ് വോളിബാള്‍, പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ള വോളിബാള്‍ പ്രതിഭകള്‍ക്ക് ഒരു വലിയ വേദിയായിരിക്കും. ഈ കായികരംഗത്തെ ജനകീയമാക്കുന്നതില്‍ ലീഗ് ഒരു വലിയ മാറ്റം വരുത്തുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. താരങ്ങള്‍ക്ക് മികവ് പുലര്‍ത്താന്‍ അനുയോജ്യമായ ഒരു പ്ലാറ്റ്‌ഫോം നല്‍കി, അവരുടെ വളര്‍ച്ചയില്‍ ക്രിയാത്മകമായി സ്വാധീനിക്കുന്നതിന് മറ്റൊരു അവസരം കൂടി കെ.പി.എലുമായുള്ള ബന്ധം ഞങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഇന്ത്യയില്‍ വോളിബാളിന്റെ സുസ്ഥിര വികസനം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് കേരള പ്രീമിയര്‍ വോളിബാള്‍ ലീഗിന്റെ രൂപീകരണവും അതിനോടുള്ള പിന്തുണയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലങ്ങളായി കേരളത്തിലെ ഏറ്റവും ജനപ്രിയമായ കായിക ഇനങ്ങളിലൊന്നാണ് വോളിബാളെന്നും, അതിനാല്‍ കേരളത്തിലെ വോളിബാള്‍ താരങ്ങള്‍ക്ക്, പ്രത്യേകിച്ച് യുവതാരങ്ങള്‍ക്ക് കേരള പ്രീമിയര്‍ വോളിബാള്‍ ലീഗില്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള മഹത്തായ അവസരം ലഭിക്കുമെന്ന് പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും ബീക്കണ്‍ ഇന്‍ഫോടെക് എം.ഡിയും, കാലിക്കറ്റ് ഹീറോസ് സഹ ഉടമയുമായ സഫീര്‍ പി.ടി പറഞ്ഞു. ടൂര്‍ണമെന്റിലൂടെ കഴിവുള്ള വോളിബാള്‍ താരങ്ങളെ കണ്ടെത്താനും, കേരളത്തില്‍ വോളിബാള്‍ കായികരംഗം കൂടുതല്‍ വളരുന്നതും പരിണമിക്കുന്നതും കാണാനും ഞങ്ങള്‍ക്ക് കാത്തിരിക്കാനാവുന്നില്ല. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പ്രൈം വോളിബാള്‍ ലീഗില്‍ 84 ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമാണ് അവസരം ലഭിച്ചത്. ഇവിടെ അവസരം ലഭിക്കാത്ത കേരളത്തിലെ നിരവധി താരങ്ങള്‍ക്ക് അവരുടെ കഴിവ് തെളിയിക്കാന്‍ കേരള പ്രീമിയര്‍ വോളിബാള്‍ ലീഗ് വേദിയൊരുക്കും. നിരവധി താരങ്ങളെ കേരളത്തില്‍ മാത്രമല്ല, രാജ്യമൊട്ടാകെ പ്രശസ്തരാക്കാനും ഈ പ്രാദേശിക ലീഗ് സഹായിക്കുമെന്നും സഫീര്‍ കൂട്ടിച്ചേര്‍ത്തു.
കേരള പ്രീമിയര്‍ വോളിബോള്‍ ലീഗിന്റെ തീയതിയും വേദിയും ഉടന്‍ പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.