ന്യൂഡൽഹി: വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ റിയോ ഒളിമ്പിക് മെഡൽ ജേത്രി സാക്ഷി മലിക്കിലെ വീട്ടിലെത്തി ആശ്വസിപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
വെള്ളിയാഴ്ച വൈകീട്ടാണ് ഡൽഹിയിലെ വീട്ടിലെത്തി സാക്ഷിയുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തിയത്. ലൈംഗിക പീഡനക്കേസിലുൾപ്പെട്ട ബി.ജെ.പി എം.പിയും ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യു. എഫ്.ഐ) മുൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്‍റെ അടുത്ത അനുയായി യു.പിയിൽനിന്നുള്ള സഞ്ജയ് സിങ് പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിൽ പ്രതിഷേധിച്ചാണ് സാക്ഷി ഗുസ്തിയിൽനിന്ന് വിരമിച്ചത്. ലൈംഗികാരോപണക്കേസിലടക്കം ആത്മാർഥമായി പൊരുതിയിട്ടും ബ്രിജ്ഭൂഷന്റെ അടുത്ത അനുയായിയും കച്ചവട പങ്കാളിയുമായ സഞ്ജയ് സിങ് ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനാൽ ഗുസ്തിയോട് വിടപറയുകയാണെന്ന് വാർത്തസമ്മേളനത്തിലാണ് സാക്ഷി പ്രഖ്യാപിച്ചത്.
ഷൂ അഴിച്ച് മേശപ്പുറത്തുവെച്ച് വികാരാധീനയായാണ് സാക്ഷി മാധ്യമങ്ങളോട് സംസാരിച്ചത്. ഒരു സ്ത്രീ എന്ന നിലയിലാണ് സാക്ഷിയെ കാണാനെത്തിയതെന്ന് പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ പെൺകുട്ടികൾക്ക് സംഭവിച്ചത് വെറുപ്പുളവാക്കുന്നതിനും അപ്പുറമാണെന്നും അവർ വ്യക്തമാക്കി. തനിക്ക് ലഭിച്ച പത്മശ്രീ തിരിച്ചുനൽകുമെന്ന് ഗുസ്തി താരമായ ബജ്റംഗ് പൂനിയയും അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.