കപിലും അശ്വിനും വഴിമാറി; റെക്കോഡ് ബുക്കിലേക്ക് കുതിച്ചുകയറി രവീന്ദ്ര ജദേജ

കാൺപൂർ: ബംഗ്ലാദേശിനെതിരായ രണ്ടാം ​ക്രിക്കറ്റ് ടെസ്റ്റിൽ അതുല്യ റെക്കോഡ് സ്വന്തമാക്കി ഇന്ത്യൻ ആൾറൗണ്ടർ രവീന്ദ്ര ജദേജ. ടെസ്റ്റിന്റെ നാലാം ദിനം ബംഗ്ലാദേശ് താരം ഖാലിദ് അഹ്മദിനെ പുറത്താക്കി 300 വിക്കറ്റ് ക്ലബിലെത്തിയ ജദേജ, ടെസ്റ്റിൽ 3000 റൺസും 300 വിക്കറ്റും ഏറ്റവും വേഗത്തിൽ നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടമാണ് സ്വന്തം പേരിലാക്കിയത്. നേരത്തെ ഇതിഹാസ താരം കപിൽ ദേവിനും രവിചന്ദ്ര അശ്വിനും മാത്രമാണ് ഈ അപൂർവ ഡബിൾ തികക്കാനായത്.

രാജ്യാന്തര ക്രിക്കറ്റിൽ ഇക്കാര്യത്തിൽ രണ്ടാമതാണ് ജദേജ. 72 ടെസ്റ്റിൽ 3000 റൺസും 300 വിക്കറ്റും നേടിയ ഇംഗ്ലീഷ് ഇതിഹാസ ആൾറൗണ്ടർ ഇയാൻ ബോതം ആണ് ഒന്നാമത്. ഇന്ത്യൻ താരത്തിന് ഒരു മത്സരമാണ് കൂടുതൽ കളിക്കേണ്ടി വന്നത്.

ടെസ്റ്റിൽ 300 വിക്കറ്റ് നേടുന്ന ഏഴാമത്തെ ഇന്ത്യൻ താരം കൂടിയാണ് ജദേജ. 17,428 പന്താണ് ഇത്രയും വിക്കറ്റ് നേടാൻ എറിയേണ്ടി വന്നത്. 15,636 ബാളിൽ 300ലെത്തിയ അശ്വിനാണ് ഇക്കാര്യത്തിൽ മുമ്പിൽ. അനിൽ കും​െബ്ല (619), അശ്വിൻ (524), കപിൽ ദേവ് (434), ഹർഭജൻ സിങ് (417), ഇഷാന്ത് ശർമ (311), സഹീർ ഖാൻ (311) എന്നിവരാണ് 300 വിക്കറ്റ് ക്ലബിലുള്ള മറ്റു ഇന്ത്യക്കാർ.

മഴ കാരണം പലതവണ മുടങ്ങിയ ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ആദ്യ ഇന്നിങ്സിൽ 233 റൺസെടുത്ത് പുറത്തായിരുന്നു. 107 റൺസുമായി പുറത്താകാതെനിന്ന മോമിനുൽ ഹഖാണ് വൻ തകർച്ചയിൽനിന്ന് ടീമിനെ കരകയറ്റിയത്. ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ (31), ഷദ്മാൻ ഇസ്‍ലാം (24), മെഹ്ദി ഹസൻ മിറാസ് (20) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ്, രവിചന്ദ്രൻ അശ്വിൻ, ആകാശ് ദീപ് എന്നിവർ രണ്ട് വീതവും രവീന്ദ്ര ജദേജ ഒന്നും വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ട്വന്റി 20 ശൈലിയിൽ അടിച്ചുതകർക്കുകയാണ്. 15 ഓവർ പിന്നിടുമ്പോൾ രണ്ടിന് 130 റൺസെന്ന ശക്തമായ നിലയിലാണ്. 51 പന്തിൽ രണ്ട് സിക്സും 12 ഫോറുമടക്കം 72 റൺസെടുത്ത യശസ്വി ജയ്സ്വാളും 11 പന്തിപ മൂന്ന് സിക്സും ഒരു ഫോറുമടക്കം 23 റൺസെടുത്ത രോഹിത് ശർമയുമാണ് പുറത്തായത്. ജയ്സ്വാളിനെ ഹസൻ മഹ്മൂദും രോഹിതിനെ മെഹ്ദി ഹസൻ മിറാസും ബൗൾഡാക്കുകയായിരുന്നു. 31 റൺസുമായി ശുഭ്മൻ ഗില്ലും രണ്ട് റൺസുമായി ഋഷബ് പന്തുമാണ് ക്രീസിൽ. 

News Summary - Ravindra Jadeja Rewrites Record Books, Beats R Ashwin, Kapil Dev To Script Test History

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.