മഡ്രിഡ്: വരാനിരിക്കുന്ന സീസണിൽ ആക്രമണ നീക്കങ്ങൾക്ക് തേരുതെളിക്കാൻ സ്പാനിഷ് അതികായരായ റയൽ മഡ്രിഡിന് ലക്ഷണമൊത്തൊരു മുന്നേറ്റക്കാരനെ വേണം. സീസൺ തുടക്കം മുതലേ ടീമിന്റെ മുന്നോട്ടുള്ള കുതിപ്പിൽ കൈയൊപ്പു ചാർത്താൻ കരുത്തുള്ള നമ്പർ 9 താരമാണ് റയലിന്റെ ഉന്നം. അത് പുതുമുഖമായാലും പരിചയ സമ്പന്നനായാലും. മിഡ്ഫീൽഡർക്ക് മുന്നിലായി ടീമിന്റെ പ്രധാന സെന്റർ ഫോർവേഡായോ സ്ട്രൈക്കറായോ കളിക്കുന്ന താരമാണ് നമ്പർ 9. ടീമിനുവേണ്ടി ഗോളുകളടിച്ചുകൂട്ടുകയാണ് അവരുടെ ഉത്തരവാദിത്വം.
ഈ പൊസിഷനിലേക്ക് ആളെ കണ്ടെത്താൻ ട്രാൻസ്ഫർ മാർക്കറ്റിൽ ഇറങ്ങിക്കളിക്കാൻ തന്നെയാണ് റയലിന്റെ തീരുമാനം. നിരവധി താരങ്ങളാണ് ഇതിനായി അവരുടെ പരിഗണനയിലുള്ളത്. ഇതുസംബന്ധിച്ച ചർച്ചകളും ക്ലബ് തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോർട്ട്.
ഹാരി കെയ്ൻ, റോബർട്ടോ ഫിർമിനോ, യൂലിയൻ ആൽവാരെസ്, മാർകസ് തുറാം, ഹോസെലു, ഗോൺസാലോ റാമോസ്, റാസ്മസ് ഹോയ്‍ലണ്ട്, കായി ഹാർവെട്സ്, കോളോ മുവാനി, വിക്ടർ ഒസിമെൻ, കരീം അഡെയാമി തുടങ്ങിയ നിരവധി പേരുകളാണ് റയലിന്റെ പരിഗണനയിൽ ഉള്ളതെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റയൽ മഡ്രിഡ് അക്കാദമിയിൽനിന്നുള്ള യുവതാരങ്ങളായ ആൽവാരോ റോഡ്രിഗ്വസ്, യുവാൻമി ലതാസ എന്നിവരും പരിഗണിക്കപ്പെടുന്നവരാണ്. ഇവരിൽ ലതാസ നിലവിൽ സ്പാനിഷ് ക്ലബായ ഗെറ്റാഫെക്ക് വായ്പാടിസ്ഥാനത്തിൽ കളിക്കുന്ന താരമാണ്.
ലിസ്റ്റിലുള്ളവരിൽ ഇംഗ്ലണ്ട് ക്യാപ്റ്റനും ടോട്ടൻഹാം ഹോട്സ്പർ താരവുമായ ഹാരി കെയ്നിനാണ് പ്രഥമ പരിഗണന. മുമ്പും റയലിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങളിൽ കെയ്ൻ നിറഞ്ഞുനിന്നിരുന്നു. കിരീട നേട്ടങ്ങളിലേക്കെത്താതെ പോകുന്ന ഇംഗ്ലീഷ് ക്ലബിൽനിന്ന് കൂടുമാറുന്ന കാര്യത്തിൽ കെയ്നിനും ഇപ്പോൾ ഏറെ താൽപര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ടോട്ടൻഹാമുമായി റയൽ അധികൃതർ വൈകാതെ ഔദ്യോഗിക ചർച്ച നടത്തിയേക്കും.
ഭാവിയിലേക്കു കൂടി കണ്ണുനട്ട് ഒരു യുവ സ്ട്രൈക്കറെ ഈ പൊസിഷനിലേക്ക് വളർത്തിക്കൊണ്ടുവരുന്നതിനെക്കുറിച്ച് റയൽ ആലോചിക്കുന്നുണ്ട്. എന്നാൽ, ലൂക ജോവിച്ചിനെപോലെ, ഈ ലക്ഷ്യം മുൻനിർത്തി ടീമിലെത്തിച്ച പലരും നിറംമങ്ങിയ സാഹചര്യത്തിൽ ആ പരീക്ഷണങ്ങൾക്ക് ഏറെ ചിന്തിച്ച ശേഷമേ ക്ലബ് മുതിരാൻ ഇടയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.