കോഴിക്കോട്: ഇല്ല, ഒരു കുറ്റവും പറയാൻ തോന്നില്ല ഈ സംഘാടകരുടെ പ്രവർത്തനം കാണുമ്പോൾ. ശരീരത്തിനും മനസ്സിനും ആവതില്ലാത്തതിനാൽ ആരുടെയൊക്കെയോ സഹായത്താൽ മത്സരിക്കാനെത്തിയവർക്ക് ആവേശം പകരാനും കരുതലോടെ നോക്കാനും ദൈവത്തിന്റെ കൈയൊപ്പു ചാർത്തിക്കിട്ടിയ ചിലർ ഗ്രൗണ്ടിൽ വെയിലും പൊടിയുംകൊണ്ട് ഓടിനടക്കുകയാണ്.
സംസ്ഥാനത്തെ 5000ത്തോളം ഭിന്നശേഷിക്കാരെ ഉൾപ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ റഹ്മാന് സ്റ്റേഡിയത്തില്‍ നടക്കുന്ന സ്പെഷല്‍ ഒളിമ്പിക്സിലെ എൻ.എസ്.എസ് പ്രവർത്തകരുടെ സേവനം കാരുണ്യപ്രവർത്തനവുംകൂടിയാകുകയാണ്. കൂട്ടംതെറ്റി നടക്കുന്നവരെയും ശാഠ്യംപിടിച്ചു മാറിനിൽക്കുന്നവരെയും അനുനയിപ്പിച്ച് കളിക്കളത്തിലേക്ക് എത്തിക്കാനും ഭക്ഷണം നൽകാനും പ്രാഥമിക കാര്യങ്ങൾക്കുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാനും ഇവർ ദൈവനിയോഗംപോലെ പ്രവർത്തിക്കുകയാണ്.
മത്സരവേദികളിലൊന്നും ഇതുവരെ കാണാത്ത അനുകമ്പക്കാഴ്ചകളാണ് ഗ്രൗണ്ടിനകത്തും പുറത്തും. ഭാരത് -കേരള, യു.എൽ.സി.സിയുടെ സഹകരണത്തോടെ നടക്കുന്ന സംസ്ഥാന സ്പെഷൽ ഒളിമ്പിക്സ് മീറ്റിൽ കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ 35 കോളജുകളിൽനിന്നായി അഞ്ഞൂറോളം എൻ.എസ്.എസ് വളന്റിയർമാരാണ് ദൗത്യം ഏറ്റെടുത്തു മാതൃകയാകുന്നത്.
സംസ്ഥാന എൻ.എസ്.എസ് ഓഫിസർ ഡോ. ആർ.എൻ. അൻസറിന്റെ നിർദേശപ്രകാരം രജിസ്ട്രേഷൻ, പ്രോഗ്രാം കമ്മിറ്റി, റിസപ്ഷൻ, മെഡിക്കൽ, അക്കമഡേഷൻ, ട്രാസ്പോർട്ടേഷൻ, ഫുഡ് കമ്മിറ്റി എന്നിവയുടെ പ്രവർത്തനമെല്ലാം കോട്ടംകൂടാതെ ചലിപ്പിക്കുന്നത് ഈ സംഘമാണ്. മത്സരാർഥികളെ തയാറാക്കി ഗ്രൗണ്ടിലെത്തിക്കുന്നതിനും തിരിച്ച് വിശ്രമ കേന്ദ്രമായ പവലിയനിൽ എത്തിക്കുന്നതും ഇവരാണ്.
ഒളിമ്പിക്സ് നടക്കുന്ന ഗ്രൗണ്ടിലും കായികതാരങ്ങൾ അന്തിയുറങ്ങുന്ന ദേവഗിരി കോളജിലുമുള്ള നിർവഹണ ചുമതല അതിശയിപ്പിക്കുന്നതാണ്. എൻ.എസ്.എസ് ദേശീയ പരിശീലകൻ ബ്രഹ്മനായകം മഹാദേവന്റെ പരിശീലനം വളന്റിയർമാർക്ക് സേവനത്തിന്റെ മറ്റൊരു പാത തുറന്നു. കോഓഡിനേറ്റർ ഫസീൽ അഹമ്മദ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാരായ ലിജോ ജോസഫ്, ഷൈനി കെ. മാത്യൂ, വി.ബി. ഫാത്തിമ, ഡോ. സംഗീത ജി. കൈമൾ എന്നിവരാണ് വളന്റിയർമാരുടെ പ്രവർത്തനത്തെ ഏകോപിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.