തേഞ്ഞിപ്പാലം: 67ാമത് സംസ്ഥാന സീനിയർ അത്ലറ്റിക് മീറ്റിൽ എറണാകുളം ജേതാക്കൾ. 240.5 പോയന്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് എറണാകുളം ചാമ്പ്യൻമാരായത്. 174 പോയന്റുമായി കോട്ടയമാണ് രണ്ടാമത്. 98.5 പോയന്റോടെ തിരുവനന്തപുരം മൂന്നാമതും 74.5 പോയന്റുമായി തൃശൂർ നാലാം സ്ഥാനക്കാരുമായി.
ചാമ്പ്യൻമാരെന്ന ഖ്യാതിയോടെ എത്തിയ പാലക്കാടിന് 66 പോയന്റുമായി അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 17 സ്വർണം, എട്ട് വെള്ളി, എട്ട് വെങ്കലം എന്നിങ്ങനെയാണ് എറണാകുളത്തിന്റെ മെഡൽ നേട്ടം. രണ്ട് ദിവസങ്ങളിലായി എട്ട് മീറ്റ് റെക്കോഡുകളാണ് പിറന്നത്. 20 കിലോമീറ്റർ നടത്തത്തിൽ ദേശീയ താരം കെ.ടി. ഇർഫാന്റെ മീറ്റ് റെക്കോഡും, 5,000 മീറ്റർ ഓട്ടത്തിൽ പ്രീജ ശ്രീധരന്റെ റെക്കോഡും പഴങ്കഥയായി. രണ്ട് പേരാണ് ഇർഫാന്റെ (ഒരു മണിക്കൂറും 33 മിനിറ്റും 44.00 സെക്കൻഡും) റെക്കോഡ് മറികടന്നത്.
എറണാകുളത്തിന്റെ ബിലിൻ ജോർജ് ആന്റോ ഒരു മണിക്കൂറും 29 മിനിറ്റും 41.04 സെക്കൻഡുമായി പുതിയ മീറ്റ് റെക്കോഡ് സ്ഥാപിച്ചപ്പോൾ ഒരു മണിക്കൂറും 33 മിനിറ്റും 39.72 സെക്കൻഡുമായി പാലക്കാടിന്റെ കെ.പി പ്രവീണും ഇർഫാന്റെ റെക്കോഡ് മറിക്കടന്ന് വെള്ളി മെഡൽ സ്വന്തമാക്കി. ഇരട്ട റെക്കോഡുമായി എറണാകുളത്തിന്റെ കെ. ആനന്ദ് കൃഷ്ണ ശ്രദ്ധേയ താരമായി. 1500,5000 മീറ്റർ ഓട്ടത്തിലുമാണ് ആനന്ദ് കൃഷ്ണ റെക്കോഡോടെ സ്വർണ മെഡൽ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.