കാൺപൂർ: ടെസ്റ്റ് ക്രിക്കറ്റിൽനിന്നും ട്വന്റി 20യിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ആൾറൗണ്ടറും മുൻ നായകനുമായ ഷാകിബുൽ ഹസൻ. ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത മാസം ദക്ഷിണാഫ്രിക്കക്കെതിരെ മിർപൂരിൽ നടക്കുന്ന ടെസ്റ്റോടെ വിരമിക്കണമെന്നാണ് ആഗ്രഹമെന്നും സുരക്ഷ കാരണങ്ങളാൽ മിർപൂരിൽ കളിക്കാനായില്ലെങ്കിൽ നാളെ ഇന്ത്യക്കെതിരെ നടക്കുന്ന മത്സരം അവസാന ടെസ്റ്റായിരിക്കുമെന്നും താരം അറിയിച്ചു. ട്വന്റി 20യിൽനിന്ന് ലോകകപ്പോടെ വിരമിച്ചെന്നും ലോകകപ്പിൽ കളിച്ച അവസാന മത്സരമാണ് തന്റെ വിരമിക്കൽ മത്സരമെന്നും 37കാരൻ പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരെ അടുത്ത മാസം നടക്കുന്ന ടെസ്റ്റ് പരമ്പരയോടെ വിരമിക്കാനുള്ള ആഗ്രഹം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചിട്ടുണ്ടെന്നും 2025ലെ ചാമ്പ്യൻസ് ട്രോഫിയോടെ ഏകദിന ക്രിക്കറ്റും മതിയാക്കുമെന്നും ഷാക്കിബ് വ്യക്തമാക്കി.
2006ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ ഷാകിബ് ലോകം കണ്ട മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ്. എല്ലാ ഫോർമാറ്റിലുമായി 14,000 റൺസും 700 വിക്കറ്റും നേടിയിട്ടുണ്ട്. 70 ടെസ്റ്റിൽ നിന്നായി അഞ്ച് സെഞ്ച്വറികളും 31 അർധ സെഞ്ച്വറികളും അടക്കം 4600 റൺസും 242 വിക്കറ്റുമാണ് സമ്പാദ്യം. ടെസ്റ്റിൽ ബംഗ്ലാദേശിനായി ഏറ്റവും കൂടുതൽ റൺസ് നേടിയവരിൽ മൂന്നാമൻ കൂടിയാണ്. ട്വന്റി 20യിൽ 129 മത്സരങ്ങളിൽനിന്ന് 2551 റൺസും 149 വിക്കറ്റും നേടിയിട്ടുണ്ട്. ഏകദിനത്തിൽ 7000 റൺസും 300 വിക്കറ്റും നേടിയ രണ്ടു താരങ്ങളിൽ ഒരാൾ കൂടിയാണ്.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിൽ അംഗമായ ഷാകിബ്, ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തിന് ശേഷം ബംഗ്ലാദേശിലേക്ക് പോയിട്ടില്ല. ധാക്കയിലെ ഒരു കൊലപാതകക്കേസിലും പ്രതി ചേർക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.