ചുമതലയേറ്റിട്ട് ആറ് മാസം, പാകിസ്താൻ ​ക്രിക്കറ്റ് ടീം സെലക്ടർ സ്ഥാനം രാജിവെച്ച് മുഹമ്മദ് യൂസുഫ്

കറാച്ചി: പാകിസ്താൻ ​ക്രിക്കറ്റ് ടീം സെലക്ടർ സ്ഥാനം രാജിവെച്ച് മുഹമ്മദ് യൂസുഫ്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് മുൻ നായകൻ കൂടിയായ യൂസുഫിന്റെ വിശദീകരണം.

‘വ്യക്തിപരമായ കാരണങ്ങളാൽ പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ സെലക്ടർ സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിക്കുന്നു. ഈ ടീമിനെ സേവിക്കുന്നത് വലിയ അംഗീകാരമാണ്. പാകിസ്താൻ ക്രിക്കറ്റിന്റെ വളർച്ചക്കും വിജയത്തിനും സംഭാവന നൽകാനായതിൽ ഞാൻ അഭിമാനിക്കുന്നു’ -എന്നാണ് രാജി അറിയിച്ച് മുഹമ്മദ് യൂസുഫ് എക്സിൽ കുറിച്ചത്.

2024 മാർച്ചിലാണ് യൂസുഫ് സെലക്ടറായി ചുമതലയേറ്റത്. ട്വന്റി 20 ലോകകപ്പിൽ പാകിസ്താൻ പ്രാഥമിക റൗണ്ടിൽ പുറത്തായതിന് പിന്നാലെ മുൻ താരങ്ങളായ വഹാബ് റിയാസിനെയും അബ്ദുൽ റസാഖിനെയും പുറത്താക്കി സെലക്ഷൻ കമ്മിറ്റി പുനഃസംഘടിപ്പിച്ചിരുന്നു. എന്നാൽ, യൂസുഫിനെയും ആസാദ് ഷഫീഖിനെയും നിലനിർത്തുകയായിരുന്നു.

ഈയിടെ പാകിസ്താൻ ടീം സ്വന്തം മണ്ണിൽ നടന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ 2-0ത്തിന് നാണം കെട്ടതോടെ സെലക്ഷൻ കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടീമിനെ തെരഞ്ഞെടുത്തതിന് പിന്നാലെയും കടുത്ത വിമർശനമുയർന്നു. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം.

പാകിസ്താൻ ക്രിക്കറ്റ് കണ്ട ഇതിഹാസ താരങ്ങളിലൊരാളാണ് മുഹമ്മദ് യൂസുഫ്. 90 ടെസ്റ്റുകളിലും 288 ഏകദിനങ്ങളിലും മൂന്ന് ട്വന്റി 20കളിലും രാജ്യത്തിനായി ഇറങ്ങിയ യൂസുഫ് 17000ത്തിലധികം റൺസ് നേടിയിട്ടുണ്ട്.

Tags:    
News Summary - Six months after taking charge, Mohammad Yousuf resigned as Pakistan cricket team selector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.