ആ മഞ്ഞക്കുപ്പായം എന്നെയും മോഹിപ്പിക്കുന്നു –അനസ്

മലപ്പുറം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ഏതൊരു മലയാളി താരത്തെയും പോലെ കേരള ബ്ളാസ്റ്റേഴ്സിന് വേണ്ടി പന്ത് തട്ടാന്‍ താനും ആഗ്രഹിക്കുന്നുണ്ടെന്ന് ഡല്‍ഹി ഡൈനാമോസ് പ്രതിരോധനിരക്കാരന്‍ അനസ് എടത്തൊടിക. ഫുട്ബാള്‍ പ്രേമികള്‍ ഇത്രയധികം സ്നേഹിക്കുന്ന ടീമിനെ മുമ്പ് കണ്ടിട്ടില്ല. ഡല്‍ഹിയും ബ്ളാസ്റ്റേഴ്സും കൊച്ചിയില്‍ ഫൈനല്‍ കളിക്കുന്നതായിരുന്നു തന്‍െറ സ്വപ്നമെന്ന് ഐ.എസ്.എല്ലിന് ശേഷം കൊണ്ടോട്ടിയിലെ വീട്ടില്‍ വിശ്രമിക്കുന്ന അനസ് മനസ്സുതുറന്നു.

? ഐ.എസ്.എല്‍ എന്ത് പഠിപ്പിച്ചു
തുടര്‍ച്ചയായ രണ്ടാമത്തെ സീസണാണ് ഐ.എസ്.എല്ലില്‍ എനിക്ക്. വ്യത്യസ്തമായിരുന്നു അനുഭവങ്ങള്‍. ഓരോ ടീമും വെവ്വേറെ ശൈലിയാണ് പിന്തുടരുന്നത്. വിദേശ താരങ്ങള്‍ക്കൊപ്പം ഇറങ്ങാനാവുന്നത് ഇന്ത്യന്‍ കളിക്കാര്‍ക്ക് ഗുണം ചെയ്യുന്നു. ഇപ്പോള്‍ ആറ് വിദേശി, അഞ്ച് സ്വദേശി എന്നതാണ് നയം. ഇത് മാറ്റണമെന്നാണ് എന്‍െറ അഭിപ്രായം. ഇന്ത്യയില്‍ നടക്കുന്ന ലീഗില്‍ ആറ് സ്വദേശ താരങ്ങളെയെങ്കിലും കളിപ്പിക്കണം. സ്വന്തം താരങ്ങള്‍ക്ക് നമ്മള്‍ അവസരം നല്‍കിയില്ളെങ്കില്‍ പിന്നെ ആരാണത് ചെയ്യുക.

? ഡല്‍ഹി ഡൈനാമോസ് അനുഭവങ്ങള്‍
പത്ത് വര്‍ഷത്തെ കരിയറില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച പരിശീലകനാണ് ജിയാന്‍ലൂക സാംബ്രോട്ട. സാധാരണഗതിയില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ കോച്ചുമാരെ വല്ലാതെ സ്വീകര്യമാവാറില്ല. എന്നാല്‍, സംബ്രോട്ടയുടെ കാര്യം മറിച്ചാണ്. കളിക്കാര്‍ക്ക് എളുപ്പത്തില്‍ പിന്തുടരാനാവും അദ്ദേഹത്തിന്‍െറ നിര്‍ദേശങ്ങള്‍. ഗോള്‍ വഴങ്ങിയാലും തന്ത്രങ്ങള്‍ മാറ്റില്ളെന്ന പക്ഷക്കാരന്‍. യുവതാരങ്ങളെ വലിയ രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. തോറ്റാല്‍ കളിക്കാരെ കുറ്റപ്പെടുത്താതെ സ്വന്തം പിഴവായി ഏറ്റെടുക്കാന്‍ മാത്രം വിശാലമാണ് സാംബ്രോട്ടയുടെ കാഴ്ചപ്പാട്.

? ഐ ലീഗും ഐ.എസ്.എല്ലും 
എന്നെ സംബന്ധിച്ചിടത്തോളം ഐ ലീഗിനോടാണ് പ്രിയം കൂടുതല്‍. എട്ട് വര്‍ഷത്തെ ഐ ലീഗ് കരിയറാണ് ജീവിതം മാറ്റി മറിച്ചത്. ഐ.എസ്.എല്ലിന് ഗ്ളാമറുണ്ട്. പക്ഷേ, എത്രയോ ഇന്ത്യന്‍ താരങ്ങള്‍ അവസരം കിട്ടാതെ പുറത്തുനില്‍ക്കുകയാണ്. ഇവര്‍ക്ക് ആശ്രയം ഐ ലീഗാണ്. ഇന്ത്യന്‍ ഫുട്ബാളിനെ സ്നേഹിക്കുന്നവരെല്ലാം ദേശീയ ലീഗ് നിലനില്‍ക്കണമെന്ന അഭിപ്രായക്കാരാണ്.

? ഇന്ത്യന്‍ ഫുട്ബാളിന്‍െറ ഭാവി
രാഷ്ട്രീയവും പണക്കൊഴുപ്പും ഫുട്ബാളിനെ ഭരിക്കാന്‍ തുടങ്ങിയാല്‍ താരങ്ങള്‍ നശിക്കും. താഴേ തട്ടില്‍നിന്ന് കളിക്കാര്‍ക്ക് ഉയര്‍ന്നുവരാന്‍ അവസരമുണ്ടാവണം. അക്കാദമികളിലേക്ക് താരങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ മികവിനാണ് മുന്‍ഗണന നല്‍കേണ്ടത്. ഫീസ് ഈടാക്കുന്ന നിരവധി അക്കാദമികള്‍ രംഗപ്രവേശം ചെയ്തിരിക്കുന്നു. ഇതിലെ കുട്ടികളെ നോക്കുക. 99 ശതമാനവും സാമ്പത്തികഭദ്രതയുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാവും. കൊടുക്കാന്‍ കാശില്ലാത്തതിനാല്‍ പാവപ്പെട്ടവന്‍ പിന്തള്ളപ്പെട്ടുപോവുന്നു.

? കേരള ബ്ളാസ്റ്റേഴ്സിന്‍െറ ശക്തി
ഫിസിക്കലി ശക്തമാണ് കേരള ബ്ളാസ്റ്റേഴ്സ്. അതിലേറെ ആരാധകരുടെ പിന്തുണയും. ബ്ളാസ്റ്റേഴ്സിന്‍െറ ഹോം മത്സരങ്ങള്‍ നടക്കുമ്പോള്‍ ഗാലറിയിലേക്ക് നോക്കൂ, മഞ്ഞക്കടല്‍ കാണാം. ആ ആരവങ്ങള്‍ നല്‍കുന്ന ഊര്‍ജമേറെ. ഇത്രയും പേരുടെ കൈയടികളുടെ താളത്തില്‍ കളിക്കുക ഏതൊരു താരത്തിന്‍െറയും ഭാഗ്യമാണ്. കാണികളുടെ ആവേശം കെടാതിരിക്കാന്‍ ബ്ളാസ്റ്റേഴ്സിന്‍െറ സെമിഫൈനല്‍ പ്രവേശത്തിനായി പ്രാര്‍ഥിച്ചവരില്‍ ഞാനുമുണ്ടായിരുന്നു. ഫൈനല്‍ ബ്ളാസ്റ്റേഴ്സും ഡല്‍ഹിയും തമ്മിലാവണമെന്നും ആഗ്രഹിച്ചു. ഇപ്പോള്‍ ഞാന്‍ ഡൈനാമോസ് താരമാണ്. ബ്ളാസ്റ്റേഴ്സ് വിളിക്കുകയാണെങ്കില്‍ അപ്പോള്‍ ആലോചിക്കാം.

? ഐ.എസ്.എല്ലിന് ശേഷം
മോഹന്‍ബഗാന് എന്നെ ലോണില്‍ നല്‍കിയിരിക്കുകയാണ് ഡൈനാമോസ്. ജനുവരി ഒന്നിന് കൊല്‍ക്കത്തയിലേക്ക് പോവും. അതുവരെ വീട്ടിലുണ്ടാവും. ഐ ലീഗില്‍ കളിക്കാന്‍ ബഗാനുമായി കരാറൊപ്പിടും. വയസ്സ് 29 ആയി. വലിയൊരു മോഹം ബാക്കി കിടക്കുന്നുണ്ട്. ഇന്ത്യന്‍ ജഴ്സിയണിയുക എന്നതുതന്നെ. 

Tags:    
News Summary - interview with footballer anas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.