ജയിച്ചുതന്നെ തിരിച്ചുവരും -സ്റ്റീവ് കോപ്പല്‍

മുംബൈ: എതിരാളിയെ അറിഞ്ഞ് തന്ത്രം മെനയുന്നതിലായിരുന്നു കേരള ബ്ളാസ്റ്റേഴ്സ് കോച്ച് സ്റ്റീവ് കോപ്പലിന്‍െറ വിജയം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണിന്‍െറ തുടക്കത്തില്‍ ശരാശരി ടീമുമായി കോപ്പല്‍ ഇത് ഫലപ്രദമായി നടപ്പാക്കുകയും ചെയ്തു. കളിക്കാര്‍ക്ക് പലകുറി പിഴച്ചപ്പോഴും ജയിച്ചത് കോപ്പല്‍ മാത്രമായിരുന്നു. പക്ഷേ, മുംബൈ ഫുട്ബാള്‍ അറീനയില്‍ മഞ്ഞപ്പടയുടെ ആശാന് ആദ്യമായി പിഴച്ചു. ഫലമോ, കേരള ബ്ളാസ്റ്റേഴ്സിന് ഐ.എസ്.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയും. 

ഡീഗോ ഫോര്‍ലാന്‍, സുനില്‍ ഛെത്രി, ഡിഫെഡ്രികോ, സോണി നോര്‍ദെ എന്നിവരടങ്ങിയ കരുത്തുറ്റ മുന്നേറ്റത്തെ തളക്കാന്‍ വിശ്വസ്തരായ പ്രതിരോധത്തില്‍ കൈവെച്ചതായിരുന്നു കോപ്പലിന് ശനിയാഴ്ച തിരിച്ചടിയായത്. പരിക്കു കാരണം ആരോണ്‍ ഹ്യൂസ് പുറത്തായതിന്‍െറ അങ്കലാപ്പ് പ്ളെയിങ് ലൈനപ്പില്‍ വ്യക്തമായിരുന്നു. സെഡ്രിക് ഹെങ്ബര്‍ട്ടിനും സന്ദേശ് ജിങ്കാനും വശങ്ങളിലായി റിനോ ആന്‍േറായെയും പ്രതിക് ചൗധരിയെയും നിയോഗിച്ചതും, ഹോസുവിനെ വിങ്ങറുടെ റോളിലേക്ക് നിയോഗിച്ചതും തിരിച്ചടിയായി. രണ്ടാം പകുതിയില്‍ നിര്‍ണായക മാറ്റവുമായി പ്രതിരോധം ശക്തിപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഒന്നും കോപ്പലിന്‍െറ പിടിയിലൊതുങ്ങിയില്ല.

‘‘പ്രതീക്ഷിച്ചതിനേക്കാള്‍ ശക്തമായിരുന്നു അവരുടെ മുന്നേറ്റം. പ്രതിരോധം പിഴവുതിരുത്തി തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആദ്യ അഞ്ചു മിനിറ്റിനുള്ളില്‍ ഗോള്‍ വഴങ്ങുകയെന്നത് മുന്നറിയിപ്പാണ്. അതില്‍നിന്ന് പഠിച്ചുവേണം കളി തിരിച്ചുപിടിക്കാന്‍. പക്ഷേ, ഫ്രീകിക്ക് ഗോള്‍കൂടിയായതോടെ അപായസൂചന ശക്തമായി. രണ്ടാം പകുതിയില്‍ മികച്ച കുറെ അവസരങ്ങള്‍ ഒരുക്കിയിരുന്നു. ലോങ് ഡിസ്റ്റന്‍സില്‍ ഷൂട്ടിങ് അവസരവും കിട്ടി. എന്നാല്‍, വീണ്ടും ഗോള്‍വഴങ്ങിയത് നിയന്ത്രണം നഷ്ടമാക്കി’’ -കോച്ച് സ്റ്റീവ് കോപ്പല്‍ തോല്‍വിയെക്കുറിച്ച് വിശദീകരിച്ചു.  തോറ്റെങ്കിലും ബ്ളാസ്റ്റേഴ്സ് തിരിച്ചുവരും. ബാക്കിയുള്ള മൂന്ന് മത്സരങ്ങളിലാണ് ശ്രദ്ധ. ഗോള്‍ ശരാശരിയെക്കുറിച്ച് ചിന്തിക്കുന്നില്ല. ജയിച്ച് പോയന്‍റ് നേടി തന്നെ സെമിയിലത്തൊനാണ് ശ്രമം -കോപ്പല്‍ പറഞ്ഞു. 25ന് പുണെക്കെതിരെ കൊച്ചിയിലാണ് അടുത്ത മത്സരം.
Tags:    
News Summary - steve coppell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.