ഷുമാക്കറിന് നടക്കാനാവുമെന്ന് റിപ്പോര്‍ട്ട്; വാര്‍ത്ത നിഷേധിച്ച് മാനേജര്‍

ബെര്‍ലിന്‍: അപകടത്തില്‍ പരിക്കേറ്റ് രണ്ടുവര്‍ഷമായി അബോധാവസ്ഥയിലായ എഫ്.വണ്‍ ചാമ്പ്യന്‍ മൈക്കല്‍ ഷുമാക്കറിന്‍െറ ആരോഗ്യത്തില്‍ വന്‍ പുരോഗതിയുണ്ടായതായി ജര്‍മന്‍ മാധ്യമങ്ങള്‍. പരസഹായത്തോടെ ഏതാനും ചുവടുകള്‍ വെക്കാന്‍വിധം ഷുമാക്കര്‍ ആരോഗ്യം വീണ്ടെടുക്കുന്നുവെന്നാണ് ജര്‍മന്‍ മാഗസിന്‍ ‘ബുന്‍െറ’യുടെ റിപ്പോര്‍ട്ട്. ഒരു കൈ ചലിപ്പിക്കാന്‍  കഴിയുമെന്നും വാര്‍ത്തയില്‍ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍, ഇക്കാര്യം ഷുമാക്കറിന്‍െറ മാനേജര്‍ സബിനെ ഖെം തള്ളി. വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും താരത്തിന്‍െറ സ്വകാര്യതക്ക് പ്രാധാന്യം നല്‍കണമെന്നും നിഷേധക്കുറിപ്പില്‍ ഇവര്‍ വ്യക്തമാക്കി. താരവുമായി ബന്ധപ്പെട്ട് അനാവശ്യമായ വാര്‍ത്തകള്‍ തെറ്റായ സൂചനകള്‍ നല്‍കുമെന്നും സെബിനെ ഖം പറഞ്ഞു.
എന്നാല്‍, തങ്ങളുടെ വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുകയാണ് ജര്‍മന്‍ മാധ്യമം. ‘മൈക്കല്‍ മെലിഞ്ഞ് ക്ഷീണിതനാണ്. പക്ഷേ, തെറപിസ്റ്റിന്‍െറ സഹായത്തോടെ ഏതാനും ചുവടുകള്‍ വെക്കാന്‍ അദ്ദേഹത്തിനാവുന്നുണ്ട്. ഒരു കൈ ഉയര്‍ത്താനും കഴിയും’ -റിപ്പോര്‍ട്ടില്‍ പറയുന്നു.
2013 ഡിസംബറിലായിരുന്നു സ്കിയിങ്ങിനിടെ തെന്നിവീണ് തലക്ക് ഗുരുതരപരിക്കേറ്റ് എഫ്.വണ്‍ ചാമ്പ്യന്‍ കിടപ്പിലായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.