ദീപ കര്‍മാകറിന് ഒളിമ്പിക്സ് ടിക്കറ്റ്

റിയോ ഡെ ജനീറോ: ചരിത്രമെഴുതിയ മെയ്വഴക്കവുമായി ഇന്ത്യയുടെ ദീപ കര്‍മാകര്‍ ജിംനാസ്റ്റിക്സില്‍ ഒളിമ്പിക്സ് യോഗ്യത സ്വന്തമാക്കി. ഒളിമ്പിക്സിന് വേദിയാകുന്ന റിയോയില്‍ തന്നെ നടന്ന യോഗ്യതാ മത്സരങ്ങളില്‍ 52.698 പോയന്‍റുമായാണ് ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന അനുപമനേട്ടവും ദീപ സ്വന്തമാക്കിയത്. ത്രിപുരയില്‍നിന്നുള്ള ഈ 22കാരിയുടെ യോഗ്യത അന്താരാഷ്ട്ര ജിംനാസ്റ്റിക്സ് ഫെഡറേഷന്‍ സ്ഥിരീകരിച്ചു. യോഗ്യത നേടിയവരുടെ പട്ടികയില്‍ 79ാമതാണ് ദീപ. 52 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയുടെ ജിംനാസ്റ്റിക്സ് താരം ലോക കായികമാമാങ്കത്തിനത്തെുന്നത്. 1964ല്‍ ടോക്യോയിലാണ് ഒരു ഇന്ത്യന്‍ താരം ഒളിമ്പിക്സില്‍ അവസാനമായി മാറ്റുരച്ചത്. 11 പുരുഷ താരങ്ങളാണ് 1952, 56, 64 ഒളിമ്പിക്സുകളില്‍ ജിംനാസ്റ്റിക്സില്‍ ഇന്ത്യക്കുവേണ്ടി മത്സരിച്ചത്.
യോഗ്യതാ പോരാട്ടത്തില്‍, ബുദ്ധിമുട്ടേറിയ പ്രോഡുനോവ വിഭാഗത്തില്‍ 15.066 പോയന്‍റുമായി ദീപ ഒന്നാം സ്ഥാനത്തത്തെി. ആകെ 14 പേരായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. എന്നാല്‍, ബാറില്‍ ദീപ ഏറെ പിന്നിലായി. 11.7000 പോയന്‍േറാടെ 13ാം സ്ഥാനമായിരുന്നു കിട്ടിയത്. ബീമിലും ഫ്ളോര്‍ എക്സര്‍സൈസിലും യഥാക്രമം 13.666ഉം 12.566ഉം പോയന്‍റും ലഭിച്ചു. ദീപയുടെ തകര്‍പ്പന്‍ പ്രകടനം അഭിമാനാര്‍ഹമാണെന്ന് റിയോയിലുണ്ടായിരുന്ന ജിംനാസ്റ്റിക്സ് റഫറിയായ ദീപക് കാര്‍ഗ പറഞ്ഞു.
നവംബറില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ ദീപക്ക് നേരിയ വ്യത്യാസത്തിനാണ് ഒളിമ്പിക്സ് യോഗ്യത നഷ്ടമായത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതാ താരമായ ദീപ, ലോകചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച ഏക ഇന്ത്യന്‍ വനിതാ താരം കൂടിയാണ്. ദേശീയ ജിംനാസ്റ്റിക്സ് ഫെഡറേഷനിലെ തമ്മിലടിക്കിടെയാണ് ദീപയുടെ ഒളിമ്പിക്സ് യോഗ്യതാ നേട്ടം. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) ആണ് അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി ഇപ്പോള്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിന് റിസര്‍വ് മാത്രമായിരുന്ന ദീപ അവസാന നിമിഷമാണ് ടീമില്‍ കയറിക്കൂടിയത്.
ദീപയുടെ നേട്ടത്തെ ഇതിഹാസ ക്രിക്കറ്റ് താരം സചിന്‍ ടെണ്ടുല്‍കറും കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സൊനോവാളുമടക്കമുള്ള പ്രമുഖര്‍ പ്രകീര്‍ത്തിച്ചു. ഇന്ത്യയിലെ യുവനിരക്ക് പ്രചോദനമേകുന്നതാണ് ദീപയുടെ നേട്ടമെന്ന് സചിന്‍ ട്വിറ്ററില്‍ കുറിച്ചു. ദീപയെ അഭിനന്ദിച്ച സചിന്‍, താരത്തിന് എല്ലാവിധ ആശംസകളും നേര്‍ന്നു. നേട്ടത്തില്‍ അഭിമാനിക്കുന്നതായി സൊനോവാള്‍ ട്വിറ്ററില്‍ പറഞ്ഞു. യോഗ്യത നേടിയ ഉടന്‍ ദീപയെ സായി ടാര്‍ജറ്റ് ഒളിമ്പിക് പോഡിയം പദ്ധതിയിലുള്‍പ്പെടുത്തി. 30 ലക്ഷം രൂപ പരിശീലനത്തിനായി സായി നല്‍കും. ഇന്ത്യയുടെ സ്റ്റൈലിഷ് ബാറ്റ്സ്മാനായിരുന്ന വി.വി.എസ്. ലക്ഷ്മണും അഭിനന്ദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.