ദീപ കര്‍മകാറിന് ജന്മനാടിന്‍െറ വരവേല്‍പ്

അഗര്‍തല: ചരിത്രത്തില്‍ ആദ്യമായി വനിത ജിംനാസ്റ്റിക്സില്‍ ഒളിമ്പിക്സ് യോഗ്യത നേടിയ ദീപ കര്‍മകാറിന് സ്വന്തം നാട്ടില്‍ ഉജ്ജ്വല വരവേല്‍പ്. അടുത്ത ഒളിമ്പിക്സ് വേദികൂടിയായ ബ്രസീലിലെ റിയോ ഡെ ജനീറോയില്‍ നടന്ന യോഗ്യതാമത്സരത്തില്‍ സ്വര്‍ണമണിഞ്ഞ് ഒളിമ്പിക്സ് യോഗ്യത നേടിയ ദീപ 36 മണിക്കൂര്‍ നീണ്ട വിമാനയാത്ര കഴിഞ്ഞ് വ്യാഴാഴ്ചയാണ് ന്യൂഡല്‍ഹിയില്‍ ഇറങ്ങിയത്. അവിടെനിന്ന് വെള്ളിയാഴ്ച രാവിലെ കോച്ച് ബിശ്വേശര്‍ നന്ദിക്കൊപ്പം അഗര്‍തലയില്‍ വിമാനമിറങ്ങിയ ദീപയെ സ്വീകരിക്കാന്‍ സംസ്ഥാന കായിക വകുപ്പ് ഡയറക്ടര്‍ ദുലാല്‍ ദാസ്, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ദിലീപ് ചക്രവര്‍ത്തി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ ജനാവലിയാണ് വിമാനത്താവളത്തില്‍ കാത്തുനിന്നത്. 

‘അമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് ഒരാഴ്ച ഞാനിവിടെയുണ്ടാകും. അതുകഴിഞ്ഞ് കഠിനപരിശീലനത്തിന്‍െറ നാളുകള്‍. രാജ്യത്തിനായി ഒളിമ്പിക്സില്‍ ഒരു മെഡല്‍ എന്ന ലക്ഷ്യം എങ്ങനെയും സാക്ഷാത്കരിക്കും’ -തന്‍െറ ആത്മവിശ്വാസം ദീപ ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചു. സ്വതന്ത്ര ഇന്ത്യയുടെ 52 വര്‍ഷത്തെ ഒളിമ്പിക്സ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത ജിംനാസ്റ്റിക്സില്‍ യോഗ്യത നേടുന്നത്. മുമ്പ് 11 തവണ പുരുഷന്മാര്‍ യോഗ്യത നേടിയിട്ടുണ്ട്. 1964നുശേഷം ജിംനാസ്റ്റിക്സ് കുപ്പായമണിഞ്ഞ് ഇന്ത്യയെ പ്രതിനിധാനം ചെയ്യാന്‍ ആരുമുണ്ടായിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.