അമ്പെയ്ത്ത്: കാറ്റു പറ്റിച്ചെന്ന് കോച്ച്

റിയോ ഡെ ജനീറോ: ഒളിമ്പിക്സിനായി ബ്രസീലിലത്തെിയ ഇന്ത്യയുടെ ആദ്യ സംഘമായിരുന്നു അമ്പെയ്ത്തുകാര്‍. ബ്രസീലിലെ കാലാവസ്ഥ അടക്കമുള്ള കാര്യങ്ങളുമായി പൊരുത്തപ്പെടാനായി ഒരു മാസത്തോളം മുമ്പ് ടീം ഇവിടെ എത്തിയിരുന്നു. അമ്പെയ്ത്ത് വേദിയായ സാംബോഡ്രോമോയില്‍ തന്നെ രണ്ടാഴ്ചയോളം പരിശീലനം നടത്തുകയും ചെയ്തു. എന്നാല്‍, വീശിയടിച്ച കാറ്റാണ് കഴിഞ്ഞദിവസം വനിതകളുടെ ടീം ഇനത്തില്‍ തോല്‍വിക്ക് പ്രധാന കാരണമെന്നാണ് ഇന്ത്യയുടെ മുഖ്യകോച്ച് ധര്‍മേന്ദ്ര തിവാരി ‘മാധ്യമ’ത്തോട് പറഞ്ഞത്. ഒപ്പം മുന്‍നിര താരം ദീപിക കുമാരി പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നതും തിരിച്ചടിയായി.

എതിരാളികളെ മലര്‍ത്തിയടിക്കാനുള്ള അടങ്ങാത്ത ദാഹവും ഉത്സാഹവുമാണ് കളിക്കളത്തിലെ വിജയത്തിന്‍െറ അടിസ്ഥാനം. കളിയിലെ മിടുക്കിനും മികവിനുമപ്പുറം മാനസിക കരുത്തും ആത്മവിശ്വാസവും നിര്‍ണായക ഘട്ടത്തില്‍ വിജയദാഹത്തോടെ പൊരുതാനുള്ള നിശ്ചയദാര്‍ഢ്യവും ഇതിനാവശ്യമാണ്. ഒളിമ്പിക്സിലെ ഇന്ത്യന്‍ പരാജയഗാഥയുടെ അടിസ്ഥാന കാരണവും അതുതന്നെ. നിര്‍ണായക ഘട്ടത്തില്‍ നിരുപാധികം കീഴടങ്ങുന്ന രീതിക്ക് റിയോയിലും മാറ്റമൊന്നുമില്ളെന്നാണ് ഇതുവരെയുള്ള അനുഭവം. അല്ലായിരുന്നെങ്കില്‍ ഞായറാഴ്ച തന്നെ ഇന്ത്യ ഒളിമ്പിക്സ് മെഡല്‍പട്ടികയില്‍ സ്ഥാനം പിടിച്ചേനെ.
അമ്പെയ്ത്തില്‍ വനിതകളുടെ ടീം ഇനത്തില്‍ ഞായറാഴ്ച രാവിലെ കൊളംബിയയെ മൂന്നിനെതിരെ അഞ്ചു സെറ്റുകള്‍ക്ക് തകര്‍ത്ത് ക്വാര്‍ട്ടറില്‍ പ്രവേശിച്ച ഇന്ത്യക്ക് പിന്നെ നേരിടാനുണ്ടായിരുന്നത് ലോക ചാമ്പ്യന്മാരായ റഷ്യയെ. ദീപിക കുമാരി, ലക്ഷ്മി റാണി മാഞ്ചി, ബൊംബായ്ല ദേവി എന്നിവര്‍ പതറാതെ തന്നെ വില്ളെടുത്തു. മത്സരം മൂന്നു സെറ്റ് പിന്നിട്ടപ്പോള്‍ 4-2ന് ഇന്ത്യ മുന്നിലുമത്തെി. എന്നാല്‍, അവസാന സെറ്റില്‍ ഇന്ത്യയുടെ താരങ്ങള്‍ വരുത്തിയ പിഴവിന് വലിയ വിലകൊടുക്കേണ്ടിവന്നു. സെറ്റും രണ്ടു പോയന്‍റും നേടി റഷ്യ 4-4ല്‍ എത്തിച്ചു. അതോടെ ആത്മവിശ്വാസം നഷ്ടമായ ഇന്ത്യന്‍ വനിതകള്‍ ടൈബ്രേക്കറില്‍ എളുപ്പം കീഴടങ്ങി.

ഏറ്റവും മികച്ച ടീമിനെയാണ് ഇന്ത്യ അയച്ചത്. കഴിഞ്ഞ ഒളിമ്പിക്സിലെല്ലാം പ്രതീക്ഷയോടെ പോയി വെറുംകൈയോടെ മടങ്ങുന്ന ശീലം കണക്കിലെടുത്ത് ഇത്തവണ വേണ്ടതെല്ലാം നല്‍കി പ്രത്യേക പരിശീലനം തന്നെയൊരുക്കി. ലോക റാങ്കിങ്ങില്‍ രണ്ടു തവണ ഒന്നാമതത്തെിയ താരമാണ് ദീപികാ കുമാരി. 2010ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ടു സ്വര്‍ണവും തുടര്‍ന്ന് നടന്ന ലോകകപ്പുകളില്‍ നാലു വെള്ളി മെഡലുകളും നേടിയ 21കാരിയുടെ മോശം പ്രകടനമാണ് റിയോയില്‍ ഇന്ത്യയുടെ പ്രതീക്ഷ തകര്‍ത്തത്. മൂന്നാം ഒളിമ്പിക്സിനത്തെിയ ബൊംബായ്ല ദേവി നല്ല ഫോമിലായിരുന്നെങ്കിലും നിര്‍ണായക ടൈബ്രേക്കറില്‍ കൈവിറച്ചു. കന്നി ഒളിമ്പിക്സിനത്തെിയ ലക്ഷ്മിറാണി മാഞ്ചി അവസരത്തിനൊത്ത് ഉയര്‍ന്നുമില്ല.

ഓരോരുത്തര്‍ക്കും രണ്ട് അമ്പു വീതം മൊത്തം ആറ് അവസരമാണ് ഒരു സെറ്റിലുണ്ടാവുക. 70 മീറ്റര്‍ അകലെയുള്ള 1.22 മീറ്റര്‍ വ്യാസമുള്ള ബോര്‍ഡിലേക്കാണ് ഉന്നംപിടിക്കേണ്ടത്. ഇതില്‍ 10 വൃത്തങ്ങള്‍. ഏറ്റവും മധ്യത്തിലെ വൃത്തത്തില്‍ അമ്പ് എത്തിച്ചാല്‍ 10 പോയന്‍റ്. തൊട്ടടുത്തതില്‍ ഒമ്പത് എന്നിങ്ങനെയാണ് സ്കോര്‍ കണക്കുകൂട്ടുക. ഓരോ സെറ്റിലും ആറ് അമ്പുകളുടെയും സ്കോര്‍ കൂട്ടി കൂടുതലുള്ളവര്‍ ജയിക്കും. ആദ്യ സെറ്റ് 48-55ന് റഷ്യ നേടി. ആദ്യ അമ്പില്‍ ഇന്ത്യക്കാര്‍ 28 പോയന്‍റ് മൊത്തം നേടിയപ്പോള്‍ രണ്ടാം അമ്പില്‍ 20 ആയി ചുരുങ്ങി. ആദ്യം 10 നേടിയ ദീപിക കുമാരി അടുത്തതില്‍ തൊടുത്തത് ആറ്. രണ്ടാം സെറ്റ് ഇന്ത്യ നേടിയത് ബൊംബായ്ല ദേവിയുടെ മിടുക്കില്‍. രണ്ട് അമ്പില്‍ 19. ദീപിക 16 നേടിയപ്പോള്‍ മാഞ്ചി 18 ചേര്‍ത്തു. മൊത്തം സ്കോര്‍ 53-52.

ദീപികയും ദേവിയും ഓരോ തവണ പത്തടിച്ചതോടെ മൂന്നാം സെറ്റും ഇന്ത്യക്കായി. ഈ മുന്‍തൂക്കം നിലനിര്‍ത്തി നാലാം സെറ്റുകൂടി നേടിയാല്‍ ഇന്ത്യക്ക് സെമിയില്‍ എത്താമായിരുന്നു. പക്ഷേ, അവിടെ ഇന്ത്യ ആ വീര്യം കാട്ടിയില്ല. രണ്ടു പേര്‍ എട്ടു പോയന്‍റിലേക്ക് അമ്പ് താഴ്ത്തിയതോടെ റഷ്യ സെറ്റ് നേടി. അതോടെ ടൈബ്രേക്കറായി. ഓരോരുത്തര്‍ക്കും ഓരോ അവസരം. ആദ്യം ബൊംബായ്ലയുടെ അമ്പ് പാളിപ്പോയത് ഏഴിലേക്ക്. മറ്റു രണ്ടു പേരുടേത് എട്ടിലേക്കും. റഷ്യ മൊത്തം 25 നേടി വിജയം ആഘോഷിച്ചു. ഗാലറിയില്‍ ഇന്ത്യന്‍ പതാക വീശിയിരുന്ന ഏതാനും പേരും കൂട്ടമായത്തെിയ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരും നിശ്ശബ്ദരായി മടങ്ങി.അമ്പെയ്ത്തില്‍ ആകെയുള്ള നാലു സ്വര്‍ണമെഡലുകളില്‍ തീരുമാനമായ രണ്ടെണ്ണവും ദക്ഷിണകൊറിയക്കാണ്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.