ഇനി തോക്കെടുക്കില്ല വീട്ടിലെ ഷൂട്ടിങ് റേഞ്ച് പൊളിച്ച് കൃഷിയിറക്കും

റിയോ ഡെ ജനീറോ: മെഡല്‍ നഷ്ടമായ മത്സരത്തിനു ശേഷം ഏറെ കഴിഞ്ഞാണ് അഭിനവ് ബിന്ദ്ര തിങ്കളാഴ്ച ഷൂട്ടിങ് റേഞ്ചില്‍നിന്ന് പുറത്തുവന്നത്. പുറത്ത് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ കാത്തുനില്‍പുണ്ടായിരുന്നു.ചിരിവരുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മുഖത്ത് നിരാശ പ്രകടം. തന്‍െറ അവസാന ഒളിമ്പിക്സില്‍ രാജ്യത്തിന് ഒരു മെഡല്‍ നല്‍കണമെന്ന് ഏതു താരവും ആഗ്രഹിക്കുക സ്വാഭാവികം. കഴിത്തതു കഴിഞ്ഞു എന്ന മട്ടില്‍ അദ്ദേഹം ഏറെനേരം മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചു.തോല്‍വിയിലും താങ്കളുടെ ധീരമായ മുഖമാണോ ഇപ്പോള്‍ കാണുന്നതെന്ന ചോദ്യത്തിന് കരയണമോ എന്നായി മറുചോദ്യം. ‘ഇതെല്ലാം കളിയുടെ ഭാഗമാണ്. ഞാന്‍ നന്നായിതന്നെ കാഞ്ചിവലിച്ചു. അതില്‍ അഭിമാനിക്കുന്നു. പരമാവധി ചെയ്തെന്നാണ് വിശ്വാസം. 20 വര്‍ഷവും മികച്ച പ്രകടനം നടത്താന്‍തന്നെയാണ് ശ്രമിച്ചത്. അഞ്ച് ഒളിമ്പിക്സില്‍ പങ്കെടുത്തു. ഒരു സ്വര്‍ണം നേടുകയും ചെയ്തു. എല്ലാത്തിലും സന്തോഷമുണ്ട്. എല്ലാവര്‍ക്കും നന്ദി’ -ബിന്ദ്ര പറഞ്ഞു.

‘വിരമിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. ഇനി ഷൂട്ടിങ്ങിനില്ല.പരിശീലകന്‍െറ റോളിലുമില്ല. താന്‍ പരിശീലകനായാല്‍ രണ്ടു മണിക്കൂര്‍കൊണ്ട് കുട്ടികളെല്ലാം എഴുന്നേറ്റോടും.’ വീട്ടുവളപ്പില്‍  തയാറാക്കിയ ഷൂട്ടിങ് റേഞ്ചിലെങ്കിലും തോക്കെടുക്കില്ളേ എന്ന ചോദ്യത്തിന് അത് പൊളിച്ചുമാറ്റി അവിടെ പച്ചക്കറി കൃഷി ചെയ്യാന്‍ പോവുകയാണെന്നായി മറുപടി. കാര്യമായാണോ പറയുന്നതെന്ന് വീണ്ടും ചോദ്യം. തന്നെ ഗൗരവക്കാരനായി തോന്നുന്നില്ളേയെന്ന് ബിന്ദ്ര.
പഞ്ചാബിലെ ധനിക സിഖ് കുടുംബത്തില്‍ ജനിച്ച ബിന്ദ്രക്ക് വേണ്ടി അദ്ദേഹത്തിന്‍െറ പിതാവ് 13 ഏക്കര്‍ ഫാം ഹൗസിന് പിറകില്‍ നിര്‍മിച്ച പൂര്‍ണമായും ശീതീകരിച്ച ഷൂട്ടിങ് റേഞ്ചിനെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകന്‍െറ ചോദ്യം.

ഭാവിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിന്ദ്രയുടെ മുഖംമാറി. ‘ശരിയല്ലാത്ത ചോദ്യമാണിത്. ഷൂട്ടിങ് കഴിഞ്ഞു. അത്രതന്നെ. അത് ജീവിതത്തിന്‍െറ ഒരുഘട്ടമായിരുന്നു. അതോടെ എല്ലാം തീരുന്നില്ല. ആരെങ്കിലും ജോലി തരുമെങ്കില്‍ 2020ലെ ടോക്യോ ഒളിമ്പിക്സില്‍ മാധ്യമപ്രവര്‍ത്തകനായി വരാം.’ -ബെയ്ജിങ് ഒളിമ്പിക്സിലെ ചാമ്പ്യന്‍െറ വാക്കുകള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.