പതിവ് തെറ്റാതെ സോഹലും കൂട്ടരും റിയോയിലും

ഇന്ത്യന്‍ ഹോക്കി ടീം എവിടെ കളിക്കുന്നുണ്ടോ അവിടെ അവതാര്‍ സിങ് സോഹല്‍ എത്തും. ഒറ്റക്കല്ല കൂട്ടുകാരെയെല്ലാം കൂട്ടി. അത് ലോകകപ്പോ ഒളിമ്പിക്സോ ചാമ്പ്യന്‍സ് ട്രോഫിയോ അസ്ലന്‍ ഷാ കപ്പോ ഏതുമാകട്ടെ. കഴിഞ്ഞ കുറെ കാലങ്ങളായുള്ള ശീലമാണ്. ഇത്തവണയും അതു മുടക്കിയില്ല. ലണ്ടനിലും കാനഡയിലും നോര്‍വേയിലുമെല്ലാമുള്ള ഹോക്കി ഭ്രാന്തന്മാരെയും കൂട്ടി റിയോയിലേക്കിങ്ങു പോന്നു. ചൊവ്വാഴ്ച അര്‍ജന്‍റീനക്കെതിരെ ഇന്ത്യന്‍ ടീം വിജയം ആഘോഷിക്കുമ്പോള്‍ ഗാലറിയില്‍ ഭാംഗ്ര നൃത്തച്ചുവടുമായി 15 അംഗ ‘സോഹല്‍ സംഘം’ ഉണ്ടായിരുന്നു. വയസ്സ് 78 ആയെങ്കിലും ആവേശത്തിന് കുറവൊന്നുമില്ല. ഏതോ ഒരു ഹോക്കി പ്രേമി എന്നാണ് സോഹലിനെക്കുറിച്ച് കരുതുന്നതെങ്കില്‍ തെറ്റി. ലോക ഹോക്കിയിലെ എണ്ണംപറഞ്ഞ കളിക്കാരനായിരുന്നു ഒരിക്കല്‍ സോഹല്‍. നാലു ഒളിമ്പിക്സില്‍ കളിച്ചിട്ടുണ്ട്. മൂന്നുതവണയും ടീം ക്യാപ്റ്റന്‍. ടീം ഏതാണെന്ന് ചോദിച്ചാല്‍ അഭിമാനത്തോടെ പറയും കെനിയ.

ജനിച്ചതും വളര്‍ന്നതുമെല്ലാം കെനിയയില്‍. 1930ലാണ് സോഹലിന്‍െറ കുടുംബം പഞ്ചാബില്‍നിന്ന് കുടിയേറിയത്. പിതാവ് കെനിയന്‍ വ്യോമസേനയിലായിരുന്നു. 1960 മുതല്‍ 72 വരെ നാലു ഒളിമ്പിക്സില്‍ കെനിയക്കുവേണ്ടി സ്റ്റിക്കെടുത്തു. ‘60ല്‍ ഒഴിച്ചു മൂന്നുതവണയും ക്യാപ്റ്റന്‍. ‘64ല്‍ 16 ടീമുകള്‍ കളിച്ചതില്‍ കെനിയ ആറാം സ്ഥാനത്തെി. ‘68ല്‍ എട്ടാം സ്ഥാനത്തും. 1971ല്‍ ബാഴ്സലോണയില്‍ നടന്ന പ്രഥമ ലോകകപ്പിലും സോഹല്‍ തന്നെയായിരുന്നു ക്യാപ്റ്റന്‍. കെനിയയുടെ ഏറ്റവും മികച്ച പ്രകടനം അന്നായിരുന്നെന്ന് സോഹല്‍ പറയുന്നു. നാലാം സ്ഥാനത്തത്തെി. മൂന്നാം സ്ഥാനത്തിനായി പൊരുതിയത് ഇന്ത്യയോട്. ഒരു ഗോളിന് മുന്നിലായിരുന്ന കെനിയയെ പിന്നീട് എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിലാണ് ഇന്ത്യ 2-1ന് തോല്‍പിച്ചത്.

മികച്ച ടീമായിരുന്നു അത്. ആറു ഇന്ത്യക്കാരുണ്ടായിരുന്നു അന്ന്  ടീമില്‍. 1957 മുതല്‍ ‘72 വരെ കെനിയക്കുവേണ്ടി 167 അന്താരാഷ്ട്ര മത്സരങ്ങളില്‍ സോഹല്‍ കളിച്ചു. ഇത് ഗിന്നസ് റെക്കോഡാണ്. നെയ്റോബിയിലെ സ്കൂള്‍ പഠന കാലത്തുതന്നെ ഹോക്കി മൈതാനത്തിറങ്ങിയതാണ്. പഞ്ചാബി രക്തമല്ളേ ഞരമ്പില്‍ ഓടുന്നത് പിന്നെയെങ്ങനെ ഹോക്കി കളിക്കാതിരിക്കുമെന്നാണ് ‘താരി’ എന്ന പേരിലറിയപ്പെടുന്ന സോഹലിന്‍െറ ന്യായം. കെനിയയില്‍ ഹോക്കി വേരുപിടിപ്പിക്കുന്നതില്‍ ഇന്ത്യന്‍ ടീമിനും ഇന്ത്യക്കാര്‍ക്കും വലിയ പങ്കുണ്ട്. 1940കളില്‍ അന്നത്തെ ഏറ്റവുംമികച്ച ടീമായിരുന്ന ഇന്ത്യ, കെനിയയില്‍ വന്ന് നിരവധി മത്സരങ്ങള്‍ കളിച്ചു. തന്നെയടക്കം ഹോക്കിയിലേക്ക് ആകര്‍ഷിച്ചതില്‍ ഇവര്‍ക്ക് വലിയ പങ്കുണ്ടെന്ന് സോഹല്‍.

കളി നിര്‍ത്തിയശേഷം 1978 മുതല്‍ പത്തുവര്‍ഷം കെനിയയുടെ ദേശീയ കോച്ചായിരുന്നു. 1984ലെ ലോസ്ആഞ്ജലസ് ഒളിമ്പിക്സില്‍ കളിച്ച ടീമിന്‍െറ പരിശീലകന്‍ സോഹലായിരുന്നു. അവിടെയും നിര്‍ത്തിയില്ല. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍െറ (എഫ്.ഐ.എച്ച്) അമ്പയര്‍ ബാഡ്ജുമുണ്ട്. 1988ലെ സോള്‍ ഒളിമ്പിക്സില്‍ ജഡ്ജിങ് പാനലില്‍ അംഗമായിരുന്നു. 1988ല്‍ എഫ്.ഐ.എച്ച് വികസന, പരിശീലന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
കെനിയയെ വളരെ ഇഷ്ടപ്പെടുന്നതായും മനോഹരമായ രാജ്യമാണതെന്നും സോഹല്‍ പറയുന്നു. എങ്കിലും പഞ്ചാബുമായുള്ള ബന്ധം വിട്ടിട്ടില്ല. ചണ്ഡിഗഢില്‍ വീടും ബന്ധുക്കളുമുണ്ട്. വര്‍ഷത്തില്‍ മൂന്നുതവണയെങ്കിലും അവിടെ പോകും.

ഇത്തവണ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്‍െറ പ്രകടനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ടീം ഓരോ കളിയിലും മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് മറുപടി. അയര്‍ലന്‍ഡിനെതിരെ ജയിച്ചെങ്കിലും അതിനേക്കാള്‍ നന്നായി കളിച്ചത് ജര്‍മനിയോടായിരുന്നു. അര്‍ജന്‍റീനയോടും മികച്ച കളി തന്നെയായിരുന്നു. ചില സമ്മര്‍ദങ്ങളും പിഴവകളും തിരുത്തിയാല്‍ സെമിഫൈനല്‍ വരെ എളുപ്പം എത്താനാകുമെന്നാണ് ഈ മുന്‍ ലെഫ്റ്റ്ബാക്കിന്‍െറ അഭിപ്രായം.
കെനിയയും ഇന്ത്യയും തമ്മില്‍ കളിച്ചാല്‍ ആരെ പിന്തുണക്കുമെന്ന ചോദ്യത്തിന് കെനിയയെ എന്നായിരുന്നു ചിരിച്ചുകൊണ്ട് ഈ വൃദ്ധന്‍െറ മറുപടി. പക്ഷേ, ഇന്ത്യക്ക് ഹസ്തദാനം നല്‍കുകയും ചെയ്യും അദ്ദേഹം

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.