കോപകബാനയിലത്തെുമ്പോള്‍ തന്നെ ഒന്നു സംശയിക്കും. ഇത് ബ്രസീല്‍തന്നെയോ അതോ ഏതെങ്കിലും യൂറോപ്യന്‍ പട്ടണമോ. വീതിയും വൃത്തിയുമുള്ള റോഡുകള്‍. ഇരുവശങ്ങളിലും പച്ചപ്പ് പടര്‍ത്തി വൃക്ഷനിരകളും ഉദ്യാനങ്ങളും. പൗരാണിക ശില്‍പചാതുരിയില്‍ പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിടങ്ങള്‍. വിലപിടിപ്പുള്ള കാറുകളും ടൂറിസ്റ്റുകളുമായി വരുന്ന ആര്‍ഭാട ബസുകളുമാണ് റോഡില്‍. തെക്കന്‍ റിയോയിലെ ഈ ഉല്ലാസ നഗരം ലോകപ്രശസ്തമാണ്. നാലു കിലോമീറ്റര്‍ നീളത്തില്‍ കിഴക്കു പടിഞ്ഞാറായി പരന്നുകിടക്കുന്ന പഞ്ചാരമണല്‍ തീരമാണ് ഈ പ്രശസ്തിക്ക് ആധാരം. പിന്നെ വിശാലമായ കടലും മലകളും ഉള്‍പ്പെടെ പ്രകൃതി തന്നെയൊരുക്കിയ അലങ്കാരങ്ങളും ഈ ബല്‍നിയറിയോയുടെ ആകര്‍ഷണം. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള കടല്‍ത്തീര പട്ടണങ്ങള്‍ക്ക് ലാറ്റിനമേരിക്കയില്‍ ബല്‍നിയറിയോ എന്നാണ് പറയുക.
റിയോ ഡെ ജനീറോ സംസ്ഥാനത്തിലെ ഒരു ജില്ലയാണ് കോപകബാന. റിയോ നഗരത്തില്‍ നിന്ന് ഒമ്പതു കിലോമീറ്റര്‍ ദൂരമേയുള്ളൂ. റിയോ ഒളിമ്പിക്സിലെ മത്സരവേദികൂടിയാണ് ഈ ചെറു നഗരം. അതുകൊണ്ടുതന്നെ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ബസ് പുറപ്പെടുന്നത് നഗരത്തിന്‍െറ തെക്കുകിഴക്കു മാറിയുള്ള ബാഹയിലെ പ്രധാന മാധ്യമകേന്ദ്രത്തില്‍ നിന്നാണ്. അപ്പോള്‍ ദൂരം 31 കി.മീറ്ററാകും. മുക്കാല്‍ മണിക്കൂര്‍ യാത്ര.
കോപകബാനയിലേക്ക് അടുക്കുന്തോറും ഭൂമിശാസ്ത്രം തന്നെ മാറുന്നു. ഒരു ഭാഗത്ത് പരന്നുകിടക്കുന്ന അറ്റ്ലാന്‍റിക് സമുദ്രം. മറുഭാഗത്ത് മലനിരകള്‍. മലയുടെ മടിത്തട്ടിലൂടെയും അകം തുരന്നുമെല്ലാമാണ് പാത. മലയും കുന്നുകളും തുരന്നുള്ള തുരങ്കപാതകള്‍ റിയോയിലും സാവോപോളോയിലുമെല്ലാം എമ്പാടും കാണാം. ഇടക്ക് കടല്‍ത്തീരങ്ങളെ മറച്ച് കൂറ്റന്‍ കെട്ടിടങ്ങളുടെ നീണ്ട നിര.
വിനോദ സഞ്ചാരം തന്നെയാണ് കോപകബാനയുടെ ജീവന്‍. നിറയെ റസ്റ്റാറന്‍റുകളും ഹോട്ടലുകളും. ബാറുകള്‍ക്കും നിശാക്ളബുകള്‍ക്കും കുറവില്ല. പാര്‍പ്പിട സമുച്ചയങ്ങളും നിരനിരയായി കാണാം. കോപകബാനയിലെ പുതുവത്സര ആഘോഷങ്ങളും വെടിക്കെട്ടും പ്രശസ്തമാണ്. 1950കളില്‍ തുടങ്ങിയതാണിത്. ലക്ഷക്കണക്കിനാളുകളാണ് പുതുവത്സരം ആഘോഷിക്കാനായി പലരാജ്യങ്ങളില്‍ നിന്നായി ഇവിടെയത്തെുക. ഫുട്ബാള്‍ ലോകകപ്പ് വേളകളില്‍ ഇവിടെ ഉത്സവകാലമാണ്. കൂറ്റന്‍ സ്ക്രീനില്‍ കളി കാണാന്‍ പതിനായിരങ്ങളുണ്ടാകും. 1995 മുതല്‍ 2007 വരെ ഫിഫ ബീച്ച് സോക്കര്‍ ലോകകപ്പിന്‍െറ മുഖ്യവേദിയായിരുന്നു ഈ തീരം.
ഇപ്പോള്‍ ഒളിമ്പിക്സ് വന്നപ്പോഴും തിരക്ക് കൂടിയിരിക്കുന്നു. ഗെയിംസിനത്തെിയ ടീമുകളും കാണികളുമെല്ലാം കോപകബാന കാണാതെ തിരിച്ചുപോകില്ല. ആകാശത്ത് വട്ടമിട്ടുപറക്കുന്ന സൈനിക ഹെലികോപ്ടറുകളും റോഡിലും കടല്‍ത്തീരത്തും തോക്കും ചൂണ്ടി നില്‍ക്കുന്ന പട്ടാളക്കാരും ഇടക്കിടെ കുതിച്ചുപായുന്ന സൈനിക വാഹനങ്ങളുമെല്ലാം കോപകബാനയുടെ ഒളിമ്പിക് സുരക്ഷയുടെ ഭാഗമാണ്. പണക്കാരും സമൂഹത്തിലെ ഉന്നതരും താമസിക്കുന്ന, ഉല്ലാസവേളകള്‍ ചെലവഴിക്കുന്ന ആര്‍ഭാട നഗരമെന്ന് കോപകബാനയെ വിശേഷിപ്പിക്കാം. അങ്ങോട്ടുള്ള യാത്രയില്‍ തന്നെ ആ മാറ്റം നിങ്ങള്‍ക്ക് നേരില്‍ കാണാം. റിയോയുടെയും മറ്റു ബ്രസീലിയന്‍ നഗരങ്ങളുടെയും അഴുകിയ പിന്നാമ്പുറ കാഴ്ചകളോ ദരിദ്രര്‍ താമസിക്കുന്ന കോളനികളോ ഇവിടെ കാണില്ല. ഒളിമ്പിക്സിനായി ഒന്നുകൂടി ഭംഗി കൂട്ടിയിരിക്കുന്നു. വൃത്തിയുള്ള നടപ്പാതകളും സൈക്കിള്‍ പാതകളും പുതുതായി പണിതതുപോലെ തോന്നിച്ചു.
ഏഴേമുക്കാല്‍ ചതുരശ്ര കി.മീറ്റര്‍ വിസ്തൃതിയുള്ള നഗരത്തിലെ ജനസംഖ്യ 1.60 ലക്ഷം. കൂടുതലും 60 വയസ്സുകഴിഞ്ഞവരാണ് ഇവിടത്തെ സ്ഥിരവാസികളെന്നും ഒൗദ്യോഗിക കണക്കുകളില്‍ കാണുന്നു. തെരുവിലും ബീച്ചിലും കാണുന്ന ജനത്തിരക്ക് സഞ്ചാരികളുടേതാണ്. ആഘോഷമാണ് ബ്രസീലിന്‍െറ മുഖമുദ്ര. കോപകബാനയില്‍ അതിന്‍െറ പാരമ്യം കാണാം. കടല്‍ത്തീരത്ത് അല്‍പവസ്ത്രധാരികളായി ആണും പെണ്ണും. മണല്‍പ്പരപ്പില്‍ ചൂടുകാഞ്ഞ് കിടന്നും കടലില്‍ തിരകള്‍ക്കൊപ്പം കളിച്ചും സമയം കൊല്ലുന്നവര്‍. ഫുട്ബാള്‍ കളിക്കുന്ന കുട്ടികളും യുവാക്കളും തീരത്തെ മറ്റൊരു കാഴ്ച. ഏതു ടൂറിസ്റ്റ് കേന്ദ്രങ്ങളെയും പോലെ തെരുവുകച്ചവടക്കാരുടെയും വിലപേശലിന്‍െറയും ബഹളം. ഇത്രയധികം വിദേശ സഞ്ചാരികള്‍ വരുന്ന സ്ഥലമായിട്ടും അദ്ഭുതപ്പെടുത്തിയത് ഇവിടത്തെ കച്ചവടക്കാര്‍ക്കും കടകളിലെയും റസ്റ്റാറന്‍റുകളിലെയും ജീവനക്കാര്‍ക്കും ടാക്സി ഡ്രൈവര്‍മാര്‍ക്കും ഇംഗ്ളീഷ് തീരെ വശമില്ളെന്നതാണ്. നമ്മുടെ കോവളത്ത് കടല വില്‍ക്കുന്ന കൂട്ടികള്‍ വരെ നാലോ അഞ്ചോ വിദേശ ഭാഷ സംസാരിക്കുന്ന കാര്യം അല്‍പം അഹങ്കാരത്തോടെ മനസ്സില്‍തന്നെ പറഞ്ഞു. ഇവരോട് പറഞ്ഞിട്ട് കാര്യമില്ലല്ളോ. ഒരു കാര്യം ഉറപ്പാണ്. ബ്രസീലില്‍ അല്‍പം കൂടി തുടര്‍ന്നാല്‍ പോര്‍ച്ചുഗീസ് ഭാഷ സിമ്പിളായി പഠിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.