റോത്തക്കിൽ നിന്ന്​ റിയോയിലേക്ക്​

റോത്തക്കിൽ നിന്ന്​ റിയോയിലേക്ക്​

റിയോ ഡെ ജനീറോ: ഗ്രാമീണരുടെ എതിര്‍പ്പ് അവഗണിച്ചാണ് സുഖ്വീര്‍ മാലിക് മകളെ ഗോദയിലേക്കയച്ചത്. അന്ന് അവള്‍ക്ക് 12 വയസ്സ് മാത്രം. ഗുസ്തിക്കാരേറെയുള്ള നാടാണെങ്കിലും പെണ്‍കുട്ടികള്‍ ഗോദയിലിറങ്ങുന്നത് ഹരിയാന ഗ്രാമങ്ങളില്‍ പതിവില്ലാത്ത കാഴ്ച. സുഖ്വീറിനെയും ഭാര്യ സുദേഷിനെയും  എല്ലാവരും വിലക്കി. പെണ്‍കുട്ടികള്‍ ഗുസ്തിപിടിക്കാനിറങ്ങിയാല്‍ ചെറുക്കനെ കിട്ടാന്‍ പ്രയാസമാകും എന്നായിരുന്നു ഒരു ന്യായം.  റോത്തക് ജില്ലയിലെ മൊഖ്ര ഗ്രാമം ഇപ്പോള്‍ അതേ പെണ്‍കുട്ടിയുടെ വിജയം മതിമറന്ന് ആഘോഷിക്കുകയാണ്. ഗോദയിലും ഗോദക്ക് പുറത്തും എതിര്‍പ്പുകളെ അതിജീവിച്ച് 12 വര്‍ഷം നീണ്ട കഠിനതപസ്യക്കൊടുവിലാണ് സാക്ഷി ഇപ്പോള്‍ രാജ്യത്തിന് വേണ്ടി റിയോയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്.

മുത്തച്ഛനില്‍നിന്നാണ് സാക്ഷിക്ക് ഏറെ പ്രചോദനം ലഭിച്ചത്. ഈശ്വര്‍ ദാഹിയയുടെ കീഴിലായിരുന്നു ആദ്യ പരിശീലനം. പെണ്‍കുട്ടിയെ ഗോദയിലിറക്കിയതിന് അദ്ദേഹവും കേട്ടു, കുറേ വിമര്‍ശം. കൊച്ചു സാക്ഷിയുടെ മല്‍പ്പിടിത്തം കൂടുതലും ആണ്‍കുട്ടികളോടായിരുന്നു. സര്‍ ചോട്ടുറാം സ്റ്റേഡിയത്തിലെ പരിശീലന ഗോദയിലേക്ക് സൈക്കിളിലായിരുന്നു അവളുടെ വരവ്. ഹരിയാനയിലെ പെണ്‍കുട്ടികള്‍ വിവാഹം കഴിഞ്ഞ് ചെറുക്കന്‍െറ വീട്ടിലേക്ക് പോകുന്ന പ്രായത്തില്‍ സാക്ഷി ഗോദകളില്‍നിന്ന് ഗോദകളിലേക്ക് എതിരാളികളെ തേടി സഞ്ചരിക്കുകയായിരുന്നു. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ മത്സരങ്ങളിലെല്ലാം ജില്ല, സംസ്ഥാന, ദേശീയ തലത്തിലെല്ലാം മത്സരിച്ച് സമ്മാനങ്ങള്‍ വാരിക്കൂട്ടി. അതോടെ നാട്ടുകാരുടെ എതിര്‍പ്പുകളും കെട്ടടങ്ങി.

2010ല്‍ 18ാം വയസ്സില്‍ അവള്‍ അന്താരാഷ്ട്ര വേദികളിലത്തെി. ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ 59 കിലോ വിഭാഗത്തില്‍ വെങ്കലം. ആദ്യ അന്താരാഷ്ട്ര സ്വര്‍ണം 2014ല്‍ ഡേവ് ഷുള്‍സ് ഗുസ്തി ടൂര്‍ണമെന്‍റില്‍നിന്നായിരുന്നു. 2014ലെ ഗ്ളാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍. തുടര്‍ന്ന് ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം. താഷ്കന്‍റില്‍ അതേവര്‍ഷം നടന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ 60 കിലോ വിഭാഗത്തില്‍ മത്സരിച്ചെങ്കിലും ക്വാര്‍ട്ടറില്‍ പുറത്തായി. 2015 മേയില്‍ ദോഹയില്‍ നടന്ന സീനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം. തുടര്‍ന്ന് ഇസ്തംബൂളില്‍ നടന്ന മത്സരത്തില്‍ ചൈനക്കാരിയെ തറപറ്റിച്ചാണ് റിയോ ഒളിമ്പിക്സിനുള്ള ടിക്കറ്റ് ഉറപ്പാക്കിയത്. ഇക്കഴിഞ്ഞ ജുലൈയില്‍ സ്പാനിഷ് ഗ്രാന്‍ഡ്പ്രീയില്‍ വെങ്കലം നേടിയ ശേഷമാണ് റിയോയിലേക്ക് പറന്നത്.

അപ്പോഴും മെഡല്‍ സാധ്യതാ പട്ടികയില്‍ ഇവളുടെ പേര് ഉണ്ടായിരുന്നില്ല. സാക്ഷി മാലിക് എന്ന പേര്‍ കേട്ടവര്‍തന്നെ വളരെ കുറവ്. എന്നാല്‍, മെഡല്‍ നേടുമെന്ന് പിതാവിന് വാക്കുകൊടുത്താണ്  അവള്‍ ബ്രസീലിലേക്ക് വിമാനം കയറിയത്. ഒരു മെഡലുമില്ലാതെ രാജ്യം അപമാനിതയായി നില്‍ക്കുമ്പോഴുള്ള ഈ മെഡല്‍നേട്ടത്തിന് ത്രിമധുരമുണ്ട്. കര്‍ണം മല്ളേശ്വരിക്കും മേരികോമിനും സൈന നെഹ്വാളിനും പിന്നാലെ ഇന്ത്യക്ക് ഒളിമ്പിക് മെഡല്‍ നേടിക്കൊടുക്കുന്ന നാലാമത്തെ വനിത. ഇനി സാക്ഷി മാലിക്കിന്‍െറ പേര് ചരിത്രത്തില്‍ തിളങ്ങിനില്‍ക്കും. അവളെ കേള്‍ക്കാത്തവരോ അറിയാത്തവരോ ആയി ഇന്ത്യക്കാരില്‍ ആരുമുണ്ടാകില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.