ത്രിവർണ സാക്ഷ്യം

ബുധനാഴ്ച രാവിലെ ബാഡ്മിന്‍റണില്‍ കെ. ശ്രീകാന്ത് ചൈനയുടെ ലിന്‍ ഡാനോട് തോറ്റ് ക്വാര്‍ട്ടറില്‍ പുറത്താകുന്നു. അല്‍പം കഴിഞ്ഞ് ടിന്‍റു ലൂക്ക 800 മീറ്റര്‍ ഓട്ടത്തില്‍ യോഗ്യതാറൗണ്ടില്‍ തന്നെ പിന്തള്ളപ്പെടുന്നു. 119 അംഗ ഇന്ത്യന്‍ സംഘത്തില്‍ ഇനി മത്സരത്തില്‍ അവശേഷിക്കുന്നവര്‍ വിരലിലെണ്ണാവുന്നവര്‍. മെഡല്‍ സാധ്യതയുള്ളവരില്‍ ബാഡ്മിന്‍റണില്‍ സെമിയിലത്തെിയ  പി.വി. സിന്ധുവിന്‍െറ പേര് മാത്രമേ ഇനിയുള്ളൂ. ഇന്ത്യന്‍ ക്യാമ്പ് നിരാശയുടെ പടുകുഴിയിലാണ്. മൂന്നുദിവസം മാത്രമാണ് ബാക്കി. ഒരു മെഡല്‍ പോലുമില്ലാതെ തിരിച്ചുപോകേണ്ടിവരുമെന്ന അവസ്ഥ.

ബുധനാഴ്ച രാവിലെ ഗോദ ഉണര്‍ന്നെങ്കിലും ഇന്ത്യന്‍ ഗുസ്തിക്കാരികളില്‍ ആരുടെയും ശ്രദ്ധ പതിഞ്ഞിട്ടില്ല. അതിനിടെ ഉച്ചയോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സാക്ഷി മാലിക് തോറ്റ വാര്‍ത്ത എത്തി. മറ്റൊരു ഗുസ്തിക്കാരിയായ വിനീഷ് ഫോഗട്ട് ക്വാര്‍ട്ടറില്‍ പരിക്കേറ്റ്  പുറത്താവുകയും ചെയ്തു. അപ്രതീക്ഷിതമായൊന്നും സംഭവിച്ചില്ളെന്ന നിസ്സംഗതയായിരുന്നു എല്ലാവരുടെയും മുഖത്ത്. ഉച്ചകഴിഞ്ഞതോടെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരില്‍ ഒരനക്കം. തോറ്റവരില്‍ നിന്ന് വെങ്കല മെഡലിനര്‍ഹതയുള്ളവരെ കണ്ടത്തൊനുള്ള റെപ്പെഷാഗ് മത്സരത്തില്‍ മംഗോളിയയുടെ ഓര്‍ക്കോന്‍ പുരെദോര്‍ജിനെ സാക്ഷി തോല്‍പിച്ചിരിക്കുന്നു. അതായത് അടുത്ത മത്സരം കൂടി ജയിച്ചാല്‍ ഇന്ത്യക്ക് മെഡല്‍. മഴ കാത്തുനില്‍ക്കുന്ന വേഴാമ്പലുകള്‍ കാര്‍മേഘം കണ്ടപോലെ മാധ്യമപ്പട ബാഹ ഒളിമ്പിക് പാര്‍ക്കില്‍തന്നെയുള്ള സ്പോര്‍ട്സ് സെന്‍ററിലേക്ക് കുതിച്ചു. വൈകീട്ട് ആറിനാണ് മത്സരം.
ഗാലറിയില്‍ അവിടെയും ഇവിടെയുമായി ഏതാനും ത്രിവര്‍ണ പതാകകളും ‘കമോണ്‍ ഇന്ത്യ’ വിളികളും.

സാക്ഷിയും എതിരാളി കിര്‍ഗിസ്താന്‍കാരി ഐസുലു ടിനിബിക്കോവയും ഗോദയിലത്തെി. രാവിലെ മത്സരം തുടങ്ങിയത് മുതല്‍ സാക്ഷി അഞ്ചാം തവണയാണ് ഗോദയിലത്തെുന്നത്. അതിന്‍െറ ക്ഷീണം ആ മുഖത്ത് ചെറുതായുണ്ട്. എങ്കിലും രാജ്യം ഏറെ മോഹിക്കുന്ന മെഡലാണ് ആറു മിനിറ്റ് മുമ്പിലുള്ളതെന്ന ബോധം അവര്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ടാകണം. ഓറഞ്ച് വേഷത്തില്‍ നീണ്ട മുടി പിന്നില്‍കെട്ടി സാക്ഷി. ഐസുലു നീലവേഷത്തിലാണ്. മത്സരം തുടങ്ങി. തലകളും കൈകളും ചേര്‍ത്തു പിടിച്ച് പരസ്പരം കാലുവാരാനുള്ള ശ്രമം. നിമിഷങ്ങള്‍ നീങ്ങവെ ഐസുലു അഞ്ചു പോയന്‍റ് മുന്നില്‍. മൂന്നു മിനിറ്റിന്‍െറ ആദ്യ റൗണ്ട് കഴിയുമ്പോള്‍ സാക്ഷിക്ക് ഒന്നുമില്ല. ഷൂട്ടിങ്ങില്‍ അഭിനവ് ബിന്ദ്രയും ജിംനാസ്റ്റിക്സില്‍ ദീപ കര്‍മാകറും ടെന്നിസില്‍ സാനിയ-ബൊപ്പണ്ണ സഖ്യവും ചെയ്തപോലെ കൈയത്തെും ദൂരത്ത് നിന്ന് ഇതാ മെഡല്‍ അകലുന്നു. ഇനി മൂന്നു മിനിറ്റ് മാത്രം. ഗുസ്തിയാണ് എന്തും സംഭവിക്കാം. ഒരു മലര്‍ത്തിയടിയില്‍ വിജയം ഇങ്ങുപോരും. ഈ വിശ്വാസം സാക്ഷിയുടെ മുഖത്ത് വ്യക്തം. പിന്നിലാകുമ്പോള്‍ തളര്‍ന്നുപോവുക എന്ന ഇന്ത്യക്കാരുടെ സ്ഥിരം ശൈലിയില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് ഈ റോത്തക്കുകാരിയില്‍ കണ്ടത്. ഗോദയില്‍ നിലയുറപ്പിച്ച് ശക്തമായ തിരിച്ചടി.

തന്‍െറ കാലുവാരാനുള്ള ശ്രമത്തില്‍ നിന്ന് ഒഴിഞ്ഞുമാറി തിരിച്ചടിച്ച സാക്ഷി രണ്ട് പോയന്‍റ് വീതം കരസ്ഥമാക്കുന്നു. ഗാലറിയില്‍ കൂടുതല്‍ പേര്‍ ഇന്ത്യക്ക് പിന്തുണയുമായി ആര്‍പ്പുവിളിക്കുന്നു. അങ്ങിങ്ങ് ത്രിവര്‍ണപതാകകള്‍ പാറുന്നു. ഒരു പോയന്‍റ് കൂടി സാക്ഷിക്ക്. ഒമ്പത് സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ എതിരാളിയുടെ വയറിനടിയിലേക്ക് തല പൂഴ്ത്തി ഉയര്‍ത്തി മറിച്ചിടാനുള്ള സാക്ഷിയുടെ ശ്രമം ഫലം കണ്ടു. സ്കോര്‍ബോര്‍ഡില്‍ മാറ്റമില്ല. ഗോദക്ക് അതിര്‍വരകള്‍ക്ക് പുറത്തായതിനാല്‍ പോയന്‍റ് നഷ്ടമായോ എന്ന ആശങ്ക. വീണ്ടും ഇരുവരും മധ്യത്തിലത്തെി കൈകോര്‍ത്തു. അപ്പോഴതാ സ്കോര്‍ബോര്‍ഡില്‍ സാക്ഷിക്ക് നേരെ ഏഴു എന്നു കാണിക്കുന്നു. മത്സരം അവസാനിച്ചതായി റഫറി കൈ ഉയര്‍ത്തി. അപ്പോഴേക്കും പോയന്‍റ് എട്ടായി. കോച്ച് കുല്‍ദീപ് മാലികും അസി.കോച്ചും ആഹ്ളാദത്തോടെ ഓടിവന്ന് സാക്ഷിയെ ഉയര്‍ത്തി ആഹ്ളാദപ്രകടനം നടത്തുന്നു. ഒന്നും മനസ്സിലാകാത്തതുപോലെയായിരുന്നു ആദ്യം മെഡല്‍ജേത്രി.

പിന്നെ ആരോ നല്‍കിയ ദേശീയ പതാകയുമായി സാക്ഷിയുടെ ആഘോഷം. ഗാലറി ആരവം മുഴക്കി. ഇതാ ഇന്ത്യ റിയോയില്‍ മാനം വീണ്ടെടുത്തിരിക്കുന്നു. പ്രസ് ബോക്സിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ആഹ്ളാദനിമിഷങ്ങള്‍. കഴിഞ്ഞ 11 ദിവസമായി അവര്‍ കാത്തിരിക്കുന്നു ഇത്തരം ഒരു വാര്‍ത്തക്കായി. ഉറങ്ങുന്ന ഇന്ത്യയെ ഉണര്‍ത്തി വാര്‍ത്ത നാട്ടിലേക്ക് പറക്കുന്നു. 130 കോടി ജനതയുടെ ആഹ്ളാദാവേശം ഇവിടെ നിന്ന് വായിച്ചെടുക്കാം. കൊച്ചുകൊച്ചു രാജ്യങ്ങള്‍ പോലും സ്വര്‍ണം വാരിക്കൂട്ടുമ്പോള്‍ തലതാഴ്ത്തിയിരുന്നവര്‍ക്ക് ചെറിയൊരാശ്വാസം. അല്‍പം കഴിഞ്ഞ് മെഡല്‍ദാന ചടങ്ങില്‍ അതാ നമ്മുടെ ത്രിവര്‍ണ പതാക ഉയരുന്നു. റിയോയിലെ ആദ്യ കാഴ്ച. വിജയപീഠത്തില്‍ അഭിമാനത്തോടെ കൈവീശി ഇന്ത്യക്കാരി. അപ്പോള്‍ കൊച്ചുകുട്ടിയെപ്പോലെയായിരുന്നു സാക്ഷി മാലിക്. മാറിലണിഞ്ഞ മെഡലിനെ നോക്കി അവള്‍ ചിരിച്ചു, 130 കോടി ഇന്ത്യക്കാര്‍ക്കു വേണ്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.