പ്രണയം, പ്രതിഷേധം, മനുഷ്യത്വം

മെഡല്‍ പോഡിയത്തിലേറിയവര്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല്ള ഒളിമ്പിക്സ് ഓര്‍മകള്‍. കണ്ണീരും ചിരിയും കുതിപ്പും കിതപ്പും പ്രണയവും വിവാദവും വിവാഹവും...31ാം ഒളിമ്പിക്സിന് തീരശ്ശീല വീഴുമ്പോള്‍ തെക്കനമേരിക്കന്‍ മണ്ണില്‍ പിറന്ന ചില അസുലഭ മുഹൂര്‍ത്തങ്ങളിലേക്ക്...

ഒരു കൈത്താങ്ങ്
സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന്‍െറ പ്രതീകമായ കോര്‍ഡീറോ ഡി ലിമയാണ് ഇക്കുറി ഒളിമ്പിക്സ് ദീപം തെളിച്ചത്. അദ്ദേഹത്തിന്‍െറ പിന്‍ഗാമികള്‍ ഇപ്പോഴുമുണ്ടെന്ന് തെളിയിച്ചാണ് വനിതകളുടെ 5000 മീറ്റര്‍ ഹീറ്റ്സ് അവസാനിച്ചത്. മത്സരം പകുതി പിന്നിട്ടപ്പോഴാണ് ന്യൂസിലാന്‍ഡ് താരം നിക്കി ഹാംബ്ളിന്‍ ട്രാക്കില്‍ വീണത്. തൊട്ടുപിന്നാലെയത്തെിയ അമേരിക്കക്കാരി അബി ഡി അഗസ്റ്റിനോയും ഹാംബ്ളിന്‍െറ കാലില്‍ തട്ടി വീണു. ചാടിയെണീറ്റ അബി കുതിപ്പ് തുടരാന്‍ ശ്രമിക്കുന്നതിനിടെ ഹാംബ്ളിന്‍ എഴുന്നേല്‍ക്കാന്‍ കഴിയാതെ കിടക്കുന്നത് കണ്ടു. ഹാംബ്ളിനെ പിടിച്ചെഴുന്നേല്‍പിച്ച അബി തുടര്‍ന്നോടാന്‍ പ്രചോദനം നല്‍കുകയും ഒപ്പം ഓടുകയും ചെയ്തു. ഇരുവരും ഏറ്റവും അവസാനമായാണ് ഫിനിഷ് ചെയ്തതെങ്കിലും ഫൈനലിലേക്ക് യോഗ്യത നല്‍കി ഒളിമ്പിക്സ് കമ്മിറ്റിയും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് കാണിച്ചു.

തുണിയുരിഞ്ഞ് പ്രതിഷേധം
പ്രതിഷേധങ്ങള്‍ ലോകത്തിന് മുമ്പില്‍ വിളിച്ചറിയിക്കാന്‍ ഏറ്റവും നല്ല വേദിയാണ് ഒളിമ്പിക്സ്. റിയോയിലെ അവസാന ദിനം ഗുസ്തി വേദിയില്‍ അരങ്ങേറിയത് തുണിയുരിഞ്ഞ് പ്രതിഷേധം. ഉസ്ബെകിസ്താന്‍ താരത്തിന് ഒരു പോയന്‍റ് നല്‍കാനുള്ള റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് മംഗോളിയന്‍ പരിശീലകര്‍ ഗോദയിലിറങ്ങി ജാക്കറ്റും ലോവറും ഊരിയത്. ഈ പോയന്‍റിന്‍െറ ബലത്തില്‍ ഉസ്ബെകിസ്താന്‍ വെങ്കലവും സ്വന്തമാക്കി.

ഇറാനിയന്‍ പെണ്‍കരുത്ത്
അറിഞ്ഞോ അറിയാതെയോ, ഇറാന്‍ ഇക്കുറി ശ്രദ്ധിക്കപ്പെട്ടത് പെണ്‍കരുത്തിലായിരുന്നു. കളികാണാന്‍ അവസരം നിഷേധിച്ചവര്‍ക്കെതിരെ പ്രതിഷേധവുമായി ഒരു ഇറാനിയന്‍ പെണ്‍കുട്ടി കഴിഞ്ഞദിവസം വോളിബാള്‍ ഗാലറിയിലത്തെി. ഇറാന്‍-ഈജിപ്ത് മത്സരം നടക്കുന്നതിനിടെ ബാനറിലും കുപ്പായത്തിലും പ്രതിഷേധമെഴുതി ഗാലറിയില്‍ നിറഞ്ഞ ഡാരിയ സഫായ് ലോകമെങ്ങും ചര്‍ച്ചയായി. ഇതിനു പിന്നാലെയാണ്  ഇറാന്‍ ചരിത്രത്തില്‍ ആദ്യമായി കിമിയ അലി സാദെ എന്ന 18കാരി വെങ്കലമണിഞ്ഞത്. ഉദ്ഘാടന ദിവസം ഇറാന്‍െറ പതാകയേന്തിയത് അമ്പെയ്ിി് താരം സഹ്റാ നെമാതി എന്ന വികലാംഗ വനിത ആയിരുന്നു.

ഫെല്‍പ്സിനെ വീഴ്ത്തിയ സ്കൂളിങ്
സ്കൂളില്‍ പഠിക്കുന്ന കാലത്ത് മൈക്കല്‍ ഫെല്‍പ്സിനൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത കൊച്ചുപയ്യന്‍ എട്ട് വര്‍ഷത്തിന് ശേഷം നീന്തല്‍ കുളത്തിലത്തെി ഫെല്‍പ്സിനെ വീഴ്ത്തിയത് പുതുചരിത്രമായി.

പ്രണയം പൂത്തുലഞ്ഞ ഒളിമ്പിക്സ്
ചൈനീസ് താരം ക്വിന്‍ കായ് പ്രണയിനിയെ വിവാഹമോതിരം അണിയിക്കാന്‍ തെരഞ്ഞെടുത്തത് മെഡല്‍ പോഡിയം. മൂന്ന് മീറ്റര്‍ സ്പ്രിങ് ബോര്‍ഡില്‍ വെള്ളി നേടിയ ചൈനയുടെ ഹെയ്സി മെഡല്‍ സ്വീകരിക്കാന്‍ പോഡിയത്തില്‍ നില്‍ക്കവയൊണ് ഡൈവിങ് താരമായ ക്വിന്‍ കായ് വിവാഹ മോതിരവുമായി എത്തിയത്. പോഡിയത്തിന് താഴെ കാല്‍മുട്ടില്‍ നിന്ന ക്വീനിനെ നോക്കി ഹെയ്സി ആനന്ദക്കണ്ണീര്‍ പൊഴിച്ച് മോതിരം സ്വീകരിച്ചു.
ബ്രസീലിയന്‍ റഗ്ബി താരം ഇസഡോറ സെറുല്ളോയും മാര്‍ജറി എനിയയും തമ്മിലുള്ള വിവാഹ നിശ്ചയത്തിനും റിയോ വേദിയായി. മോതിരത്തിന് പകരം മഞ്ഞ റിബ്ബണ്‍ വിരലില്‍ അണിയിച്ചാണ് ‘സ്വവര്‍ഗ ദമ്പതികള്‍’ സ്നേഹപ്രകടനം നടത്തിയത്.

ഗോള്‍ഡന്‍ ഡൈവ്
ബഹാമസ് ഓട്ടക്കാരി ഷോണ്‍ മില്ലര്‍ ചര്‍ച്ചയായത് 400 മീറ്റര്‍ സ്വര്‍ണം നേടിയതിന്‍െറ പേരില്‍ ആയിരുന്നില്ല. ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിന്‍െറ അവസാന നിമിഷം സ്വര്‍ണം തേടി ഫിനിഷിങ് ലൈനിലേക്ക് ഡൈവ് ചെയ്ത ഷോണ്‍ മില്ലറുടെ ചെയ്തി വരുംകാലങ്ങളിലും ചര്‍ച്ചചെയ്യപ്പെടും. അഞ്ചാം സ്വര്‍ണം ലക്ഷ്യമിട്ടിറങ്ങിയ അമേരിക്കയുടെ അലിസണ്‍ ഫെലിക്സാണ് ഇതോടെ പിന്നിലായിപ്പോയത്. 0.07 സെക്കന്‍ഡിന്‍െറ വിത്യാസത്തിലായിരുന്നു മില്ലറുടെ ഫിനിഷിങ്.

ഒറ്റക്കോട്ടം
അമേരിക്കന്‍ റിലേ ടീം ഒറ്റക്ക് ട്രാക്കിലിറങ്ങിയ അപൂര്‍വതക്ക് റിയോ സാക്ഷ്യം വഹിച്ചു. 4 x 100 മീറ്റര്‍ റിലേ ഹീറ്റ്സില്‍ ബ്രസീല്‍ താരവുമായി കൂട്ടിയിടിച്ച് വീണതിനെ തുടര്‍ന്ന് അമേരിക്കയെ അയോഗ്യരാക്കിയിരിന്നു. ഇത് വിവാദമായതോടെയാണ് അമേരിക്കക്ക് വേണ്ടി മാത്രം യോഗ്യതാ മത്സരത്തിന് അനുമതി നല്‍കിയത്. എതിരാളികളില്ലാതെ ഒറ്റക്ക് ഓടണമെന്നായിരുന്നു നിബന്ധന. ഒളിമ്പിക്സ് കമ്മിറ്റി നിര്‍ദേശിച്ച സമയത്തിനുള്ളില്‍ ഓടിത്തീര്‍ത്ത് അമേരിക്ക ഫൈനലിലേക്ക് യോഗ്യതനേടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.