ലണ്ടൻ ഒളിമ്പിക്​സിലെ വെള്ളിമെഡൽ നിരസിച്ച്​ യോഗേശ്വർ ദത്ത്​

ന്യൂഡല്‍ഹി: ഗോദയിലെ മല്ലന്മാരുടെ ഗുസ്തി പിടിത്തത്തിനുമപ്പുറം കായിക സ്പിരിറ്റിന്‍െറയും മനുഷ്യത്വത്തിന്‍െറയും പ്രതീകമായി യോഗേശ്വര്‍ ദത്ത്. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ വെള്ളി നേടിയ റഷ്യന്‍ ഗുസ്തി താരം ഉത്തേജക പരിശോധനയില്‍ കുരുങ്ങി അയോഗ്യനാക്കപ്പെട്ടപ്പോള്‍ രണ്ടാം സ്ഥാനക്കാരനായി മാറിയ ഇന്ത്യയുടെ യോഗേശ്വര്‍ ദത്ത് രക്തത്തിന്‍െറ മണമുള്ള വെള്ളി മെഡല്‍ തനിക്കുവേണ്ടെന്നു വെച്ചു. 2013 ഡിസംബറില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട റഷ്യന്‍ താരത്തോടുള്ള ആദരവ് പ്രകടിപ്പിച്ച് അദ്ദേഹത്തിന്‍െറ കുടുംബംതന്നെ ആ മെഡല്‍ കൈവശംവെക്കട്ടേയെന്ന് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചാണ് യോഗേശ്വര്‍ കായികലോകത്തെ പുതു മാതൃകയായത്. ‘കുദുഖോവ് അസാമാന്യ പ്രതിഭയാണ്. ഗുസ്തിക്കാരനെന്ന നിലയില്‍ ബഹുമാനിക്കുന്നു. ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട വാര്‍ത്ത ഏറെ വേദനിപ്പിക്കുന്നതാണ്. അദ്ദേഹത്തിനുള്ള ആദരവെന്ന നിലയില്‍ ആ കുടുംബംതന്നെ വെള്ളിമെഡല്‍ കൈവശംവെക്കുന്നതാണ് എനിക്കിഷ്ടം. മനുഷ്യത്വമാണ് എല്ലാത്തിനും മുകളിലെന്നു വിശ്വസിക്കുന്നവനാണ് ഞാന്‍’ -യോഗേശ്വര്‍ ട്വീറ്റ് ചെയ്തു.

നാലുതവണ ലോക ചാമ്പ്യനും 2008 ബെയ്ജിങ്, 2012 ലണ്ടന്‍ ഒളിമ്പിക്സുകളിലും മെഡലും നേടിയ കുദുഖോവ് തെക്കന്‍ റഷ്യയിലുണ്ടായ കാറപകടത്തിലാണ് കൊല്ലപ്പെട്ടത്. ലണ്ടന്‍ ഒളിമ്പിക്സില്‍ ശേഖരിച്ച സാമ്പ്ള്‍ വീണ്ടും പരിശോധിച്ചപ്പോഴാണ് കുദുഖോവ് ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞത്. ഇതോടെ, 60 കിലോ ഫ്രീസ്റ്റൈലില്‍ നേടിയ വെള്ളിമെഡല്‍ അസാധുവായി. പിന്നാലെയാണ് യോഗേശ്വര്‍ ദത്തിന്‍െറ വെങ്കലം വെള്ളിയായത്. പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായ ഇന്ത്യന്‍ താരം, കുദുഖോവ് ഫൈനലിലത്തെിയതോടെ റെപഷാഗെ റൗണ്ടിന് യോഗ്യത നേടിയാണ് വെങ്കലം നേടിയത്. പ്രീക്വാര്‍ട്ടറില്‍ റഷ്യന്‍ താരത്തോട് ഏറ്റുമുട്ടി തോല്‍വി വഴങ്ങിയത് യോഗേശ്വറിന് അനുഗ്രഹമായി. ഇക്കഴിഞ്ഞ റിയോ ഒളിമ്പിക്്സ് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി മടങ്ങിയ പിന്നാലെയാണ് നാലുവര്‍ഷം മുമ്പത്തെ യോഗേശ്വറിന്‍െറ വെങ്കലം വെള്ളിയായത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.