???????? ??????? ????????????

ദക്ഷിണേന്ത്യൻ ഗെയിംസിന് വർണാഭ തുടക്കം

ഗുവാഹതി: വടക്കു കിഴക്കന്‍ വിസ്മയങ്ങളുടെ വര്‍ണത്തേരില്‍ സൗഹൃദങ്ങളുടെ പുതിയ കളിക്കളം തീര്‍ത്ത് 12ാമത് ദക്ഷിണേഷ്യന്‍ ഗെയിംസിന്(സാഗ്) ദീപംതെളിഞ്ഞു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ നദികളില്‍നിന്നത്തെിച്ച വെള്ളം ഒരുമയുടെ തെളിമയുമായി ദക്ഷിണേഷ്യന്‍ ഗെയിംസ് എന്ന പുതിയ ‘നദി’യായി മാറിയ സന്ധ്യയില്‍ പ്രധാനമന്ത്രി നരേന്ദ മോദി ഗെയിംസ് പ്രഖ്യാപനം  നടത്തി. ഗെയിംസിന്‍െറ ആശയഗാനംപോലെ ഈ ഭൂമി ഇനി ഒരു കളിക്കളമാകും.
മലയാളിയുടെ അഭിമാനതാരം അഞ്ജു ബോബി ജോര്‍ജടക്കമുള്ള താരങ്ങള്‍ കൈമാറിയ ദീപശിഖയുമായി മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം നായകന്‍ ബൈച്യുങ് ബൂട്ടിയയാണ് ദീപം തെളിയിച്ചത്.ടീമുകളുടെ മാര്‍ച്ച്പാസ്റ്റില്‍ സ്ക്വാഷ് താരം സൗരവ് ഘോഷാല്‍ ഇന്ത്യയെ നയിച്ചു. ഉദ്ഘാടന പ്രസംഗത്തില്‍ കായിക മികവിനെയും ദക്ഷിണേഷ്യയുടെയും ഐക്യത്തെക്കുറിച്ച് പരാമര്‍ശിച്ച  പ്രധാനമന്ത്രി, താരങ്ങളെ ഒൗദ്യോഗികമായി സ്വാഗതം ചെയ്തു. വടക്കു കിഴക്കന്‍ യുവതയുടെ കായികപ്രേമത്തെയും മോദി പ്രകീര്‍ത്തിച്ചു. കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ സൊനോവാള്‍, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, അസം ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റുകൂടിയായ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്, മേഘാലയ മുഖ്യമന്ത്രി മുകുള്‍ സംഗ്മ തുടങ്ങിയവര്‍ പങ്കെടുത്തു. ഗെയിംസിന്‍െറ മറ്റൊരു വേദിയായ ഷില്ളോങ്ങില്‍ ഇന്ന് ഉദ്ഘാടന ചടങ്ങുകള്‍ നടക്കും.
വടക്കു കിഴക്കിന്‍െറ കലാവൈവിധ്യങ്ങളും ജനപ്രിയ ബോളിവുഡ് ഗാനങ്ങളും പെയ്തിറങ്ങിയപ്പോള്‍ മുഖ്യവേദികളിലൊന്നായ ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയം കലയുടെ ഉത്സവവേദിയായി. ആയിരത്തിലധികം കലാകാരന്മാര്‍ അണിനിരന്ന സായംസന്ധ്യ ഗുവാഹതിയുടെ ചരിത്രത്തിലെ അനശ്വര മുഹൂര്‍ത്തമായി. ഏഴു നദികളിലെയും ഇന്ത്യന്‍ മഹാസമുദ്രത്തിലെയും വെള്ളവുമായി ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ഒരുമ ഓര്‍മിപ്പിച്ച് നടത്തിയ മാര്‍ച്ച്പാസ്റ്റ് തുടക്കം വികാരഭരിതമാക്കി. മാലദ്വീപ് ഇന്ത്യന്‍ മഹാസമുദ്രത്തിലെയും മറ്റുള്ളവര്‍ അതത് രാജ്യത്തെ പ്രധാന നദികളിലെയും ജലവുമായാണ് മാര്‍ച്ച്പാസ്റ്റിനത്തെിയത്. ഇന്ത്യ ബ്രഹ്മപുത്രയിലെയും പാകിസ്താന്‍ സിന്ധു നദിയിലെയും ഭൂട്ടാന്‍ മാനസ് നദിയിലെയും ബംഗ്ളാദേശ് പത്മ നദിയിലെയും ഒരു കുടം ജലവുമായി കടന്നുവന്നു. ശ്രീലങ്കയിലെ  മഹവേലി നദിയിലെയും നേപ്പാളിലെ കോസി നദിയിലെയും അഫ്ഗാനിസ്താനിലെ കാബൂള്‍ നദിയിലെയും വെള്ളം ഒന്നുചേര്‍ന്നപ്പോള്‍ ബ്രഹ്മപുത്രയുടെ തീരത്ത് ദക്ഷിണേഷ്യന്‍ ഗെയിംസ് എന്ന പുതിയ ‘നദി’യുണ്ടായി.
 

ഉദ്ഘാടന പരിപാടിയില്‍ കലാകാരന്മാരുടെ പ്രകടനം
 

ഉച്ചക്ക് രണ്ടു മണിക്ക് മുമ്പേ കാണികളെ സ്റ്റേഡിയത്തിലേക്ക് കടത്തിവിട്ടു തുടങ്ങി. അസം പൊലീസിന്‍െറ ബാന്‍റ്വാദ്യത്തോടെയാണ് കലാപരിപാടികള്‍ക്ക് തുടക്കമായത്. പ്രധാനമന്ത്രി കൃത്യം അഞ്ച് മണിക്ക് തന്നെ സ്റ്റേഡിയത്തിലത്തെി. തൊട്ടുപിന്നാലെ ദേശീയ ഗാനത്തോടെ പരിപാടികള്‍ക്ക് ഒൗപചാരിക തുടക്കം. സമാധാനവും പുരോഗതിയും ഐശ്വര്യവും വിളംബരം ചെയ്ത് ഭാഗ്യചിഹ്നമായ ടികോര്‍ സ്റ്റേഡിയത്തിലേക്ക് കടന്നപ്പോള്‍ കാണികള്‍ ആവേശഭരിതരായി. തുടര്‍ന്നായിരുന്നു മാര്‍ച്ച്പാസ്റ്റ്. യുദ്ധം മുറിവേല്‍പ്പിച്ച ഭൂമികയില്‍നിന്ന് അഫ്ഗാനിസ്താന്‍ ആദ്യമത്തെി. ബംഗ്ളാദേശിന്‍െറയും ഭൂട്ടാന്‍െറയും കുഞ്ഞുസംഘമായിരുന്നു പിന്നാലെ. മാലദ്വീപും നേപ്പാളും പാകിസ്താനും ശ്രീലങ്കയും അടിവെച്ച് നീങ്ങി. ഒടുവില്‍ ആതിഥേയരുടെ വരവ്. പീകോക്ക് നിറത്തിലുള്ള സാരിയണിഞ്ഞ് വനിതകളും വെളുത്ത ഷര്‍ട്ടും ചാരക്കളര്‍ പാന്‍റ്സുമായി പുരുഷന്മാരും.  

ഇന്ത്യന്‍ താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദി താരങ്ങളെ അഭിവാദ്യം ചെയ്യുന്നത് സമീപം സ്ക്രീനില്‍
 

മുളയില്‍ തീര്‍ത്ത ദീപം

മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ദീപശിഖാ പ്രയാണം ശ്രദ്ധേയമായി. ലോകത്തിലാദ്യമായി മുളയില്‍ തീര്‍ത്ത ദീപശിഖയില്‍നിന്നാണ് തിരിതെളിഞ്ഞത്. ഷൂട്ടിങ് താരം ഗഗന്‍ നാരംഗ്, മുന്‍ ടേബ്ള്‍ ടെന്നിസ് താരം മോണാലിസ ബറുവ മത്തേ, വെറ്ററന്‍ അത്ലറ്റ് ഭോഗേശ്വര്‍ ബറുവ,  ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍, ഡിസ്കസ്ത്രോ താരം കൃഷ്ണ പുനിയ എന്നിവരിലൂടെ ദീപശിഖ അഞ്ജു ബോബി ജോര്‍ജിന്‍െറ കൈകളിലത്തെി. അഞ്ജുവില്‍നിന്ന് ബൈച്യുങ് ബൂട്ടിയയിലേക്ക്. മൈതാനമധ്യത്തില്‍ ബൂട്ടിയ ആദ്യം കൊളുത്തിയത് ഡിജിറ്റല്‍ ദീപം. യഥാര്‍ഥ ദീപവും ആളിക്കത്തി. തുടര്‍ന്ന് ഗെയിംസ് പതാകയുയര്‍ന്നതോടെ സൗരവ് ഘോഷാല്‍ സത്യപ്രതിജ്ഞ ചൊല്ലി.
ഈ ഭൂമി ഒരു കളിക്കളമാണെന്ന ഭൂപന്‍ ഹസാരികയുടെ ഗെയിംസ് ഗാനം മയൂഖ് ഹസാരിക ആലപിച്ചു. സുബിന്‍ ഗാര്‍ഗിന്‍െറ ഗാനവും ലോകപ്രശസ്തമായ ഷില്ളോങ് ഓര്‍ക്കസ്ട്രയുടെ വന്ദേമാതര ഗാനാലാപനവും.
ഇന്ത്യയുടെ ചൊവ്വാദൗത്യത്തെ ഓര്‍മിപ്പിച്ച് മംഗള്‍യാന്‍െറ രൂപം സ്റ്റേഡിയത്തിലിറങ്ങിയതും ഗെയിംസ് മരം പൊട്ടിമുളച്ചതും ശ്രദ്ധേയമായി. വെടിക്കെട്ടോടെ ഉദ്ഘാടന പൂരത്തിനും കൊടിയിറങ്ങി. ഇനി കായിക കരുത്തിന്‍െറ 11 നാളുകള്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.