‘ഒരോവറിൽ ആറു സിക്സടിക്കാൻ എനിക്ക് കഴിയും’ -ഈ ചിന്തയിലായിരുന്നു താനെന്ന് സഞ്ജു

രോവറിലെ ആറു പന്തുകളും സിക്സറിലേക്ക് പറത്താൻ കഴിയുമെന്ന ചിന്തയിലായിരുന്നു കഴിഞ്ഞ രണ്ടു വർഷമായി താനെന്ന് സഞ്ജു സാംസൺ. ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20യിൽ തകർപ്പൻ സെഞ്ച്വറി നേടി വിമർശകരുടെ വായടപ്പിച്ചതിന് പിന്നാലെയാണ് സഞ്ജുവിന്റെ പ്രതികരണം. 47 പന്തിൽ 111 റൺസെടുത്ത സഞ്ജുവിന്റെ ഗംഭീര പ്രകടനത്തിന്റെ പിൻബലത്തിൽ മത്സരം 133 റൺസിന് ജയിച്ച ആതിഥേയർ പരമ്പര 3-0ത്തിന് തൂത്തുവാരുകയായിരുന്നു.

കളിയിൽ റിഷാദ് ഹുസൈൻ എറിഞ്ഞ ഒരോവറിലെ അഞ്ചു പന്തുകൾ സഞ്ജു തുടർച്ചയായി സിക്സിന് പറത്തിയിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് സഞ്ജു ഒരോവറിൽ ആറു സിക്സടിക്കാനുള്ള ‘പദ്ധതി’യെക്കുറിച്ച് വെളിപ്പെടുത്തിയത്. ‘കഴിഞ്ഞ രണ്ടു വർഷമായി ഒരോവറിൽ ആറു പന്തും സിക്സടിക്കാൻ എനിക്ക് കഴിയുമെന്നതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു.

അതിനനുസരിച്ച് എന്റെ മെന്റർ കൂടിയായ മുൻ രഞ്ജി താരം റൈഫി വിൻസന്റിനൊപ്പം പരിശീലിക്കുകയായിരുന്നു ഞാൻ. ഓവറിൽ നാലോ അഞ്ചോ സിക്സറുകളടിക്കാൻ എന്തായാലും കഴിയുമെന്ന് ഞാൻ എന്നോടുതന്നെ പറഞ്ഞുകൊണ്ടിരുന്നു. അതുപോലെ എന്തെങ്കിലും ചെയ്യണമെന്ന ഉറച്ച ആഗ്രഹവും എനിക്കുണ്ടായിരുന്നു. അതിനുവേണ്ടി കഠിനമായി പരിശീലിച്ചു. ആ നിമിഷത്തെ ഭാവനയിൽ നിരന്തരം കണ്ടു. ഈ മത്സരത്തിൽ അത് സംഭവിച്ചുവെന്നതിൽ വളരെ സന്തോഷമുണ്ട്’ -സഞ്ജു പറഞ്ഞു.

കേരളത്തിന്റെ മുന്‍ രഞ്ജി ട്രോഫി ക്യാപ്റ്റനായിരുന്ന റൈഫി വിൻസന്റ് ഗോമസ് കോവിഡ് കാലത്ത് കളിക്കാൻ പ്രത്യേക സംവിധാനമൊരുക്കി സഞ്ജുവിന്റെ സഹായത്തിനെത്തിയിരുന്നു. ഐ.പി.എല്ലിൽ മികച്ച പ്രകടനം നടത്താനും റൈഫിയുമൊത്തുള്ള പരിശീലനം സഞ്ജുവിനെ തുണച്ചിട്ടുണ്ട്. വലിയ ആത്മബന്ധവും ഇരുവർക്കുമിടയിലുണ്ട്. റൈഫി പരിശീലിച്ചിരുന്ന കോച്ച് ബിജു ജോർജിന് കീഴിൽ പതിമൂന്നാം വയസ്സിലാണ് സഞ്ജു പരിശീലനത്തിനെത്തിയത്. 

Tags:    
News Summary - I can hit six sixes in an over -Sanju Samson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.