ഗുവാഹതി: ഇടിവെട്ട് പ്രകടനത്തോടെ ഇന്ത്യന്‍താരങ്ങളെല്ലാം ദക്ഷിണേഷ്യന്‍ ഗെയിംസിലെ ബോക്സിങ്ങില്‍ ഫൈനലില്‍. ടീമിലെ ഏഴ് പുരുഷ താരങ്ങളും മൂന്ന് വനിതകളുമാണ് കലാശപ്പോരിലേക്ക് ഇടിച്ചുകയറിയത്. സെമിയിലേക്ക് ബൈ കിട്ടിയ സൂപ്പര്‍താരം എം.സി. മേരി കോം 51 കിലോ വിഭാഗത്തില്‍ 40 സെക്കന്‍ഡുകൊണ്ട് ബംഗ്ളാദേശിന്‍െറ ഷമിന അക്തറിനെ നിലംപരിശാക്കി. ഷില്ളോങ്ങില്‍ നടന്ന മത്സരത്തില്‍, അഞ്ചുവട്ടം ലോകജേത്രിയും ഒളിമ്പിക് മെഡലിനുടമയുമായ മേരി കോമിന്‍െറ ഇടിയില്‍ ഷമിന ഇരുന്നുപോയി. ഒടുവില്‍ മേരി കോമിന് റഫറി ടെക്നിക്കല്‍ നോക്കൗട്ട് അനുവദിച്ചു. ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ ശ്രീലങ്കയുടെ അനുഷ്ക കോഡിത്തുവാക്കവാണ് മേരിയുടെ എതിരാളി. 2006ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ഇടിവീരത്തിയാണ് അനുഷ്ക. നേപ്പാളിന്‍െറ മിനു ഗുരുങ്ങിനെയാണ് അനുഷ്ക സെമിയില്‍ തോല്‍പിച്ചത്. വനിതകളുടെ മിഡില്‍ വെയ്റ്റില്‍ ഇന്ത്യയുടെ പൂജറാണിയും ഫൈനലിലത്തെി. പാകിസ്താന്‍െറ സോഫിയ ജാവേദിനെയാണ് പൂജ ഇടിച്ചിട്ടത്. എല്‍. സരിതാദേവിയും ഫൈനലിലത്തെിയിട്ടുണ്ട്.
പുരുഷന്മാരില്‍ ദേവേന്ദ്രോ സിങ്ങും വികാസ് കൃഷ്ണനും ശിവ ഥാപ്പയും മനോജ് കുമാറും മദന്‍ ലാലും ധീരജും സന്ദീപ് ജംഗ്രയും ഫൈനലിലേക്ക് കുതിച്ചു. 49 കിലോയില്‍ ദേവേന്ദ്രോ ശ്രീലങ്കയുടെ തിവാന രണസിംഗയെയും 56 കിലോയില്‍ ശിവ ഥാപ്പ ബംഗ്ളാദേശിന്‍െറ മുഹമ്മദ് ഒഹീദുസ്മാനെയും തോല്‍പിച്ചാണ് തിങ്കളാഴ്ച നടക്കുന്ന ഫൈനലിന് അര്‍ഹത നേടിയത്. 75 കിലോയില്‍ വികാസ്്, ഫുലാദ് വാലി ഷായെയാണ് തകര്‍ത്തത്. 64 കിലോ വിഭാഗത്തില്‍ ഭൂട്ടാന്‍െറ ഷെറിങ് വാങ്ചുക്കായിരുന്നു സെമിയിലെ എതിരാളി. തിങ്കളാഴ്ചത്തെ ഫൈനലില്‍ ദേവേന്ദ്രോ പാകിസ്താന്‍െറ മൊഹീബുല്ലയെയും ശിവ ഥാപ്പ ലങ്കയുടെ റുവാന്‍ തിലിനയെയും നേരിടും. മനോജ് കുമാറിന് ലങ്കയുടെ സനിതു സപരമാഡുവാണ് ഫൈനലിലെ പ്രതിയോഗി. വികാസ് കൃഷ്ണന് പാകിസ്താന്‍െറ തന്‍വീര്‍ അഹ്മദും. തയ്ക്വണ്ടോയില്‍ ഇന്ത്യ ഒരു സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി. മലയാളിതാരം മനുവിന്‍െറ വെള്ളിയും ഇതിലുണ്ട്.
ഗെയിംസ് മറ്റന്നാള്‍ സമാപിക്കാനിരിക്കെ 161 സ്വര്‍ണവും 86 വെള്ളിയും 27 വെങ്കലവുമടക്കം 274 മെഡലുകളുമായി ഇന്ത്യന്‍ മുന്നേറ്റത്തിന് മാറ്റമില്ല. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്കക്ക് 25 സ്വര്‍ണവും 57 വെള്ളിയും 84 വെങ്കലവുമടക്കം 166 മെഡലുകളുണ്ട്.
കബഡി കബഡി
കബഡിയില്‍ ഇന്ത്യയുടെ ഇരുടീമുകളും ഫൈനലിലത്തെി. പുരുഷന്മാര്‍ ബംഗ്ളാദേശിനെ 29-9നും വനിതകള്‍ നേപ്പാളിനെ 45-15നും തോല്‍പിച്ചാണ് സെമിയില്‍ മറികടന്നത്. പുരുഷന്മാരില്‍ പാകിസ്താനും വനിതകളില്‍ ബംഗ്ളാദേശുമാണ് കലാശപ്പോരാട്ടത്തിലെ എതിരാളികള്‍.
മൂന്നു വട്ടം ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിയ ടീമിലംഗവും പ്രോ കബഡി ലീഗില്‍ യു മുംബെയുടെ നായകനുമായ അനൂപ്കുമാറായിരുന്നു പുരുഷ സെമിയിലെ താരം. ക്യാപ്റ്റന്‍കൂടിയായ അനൂപൊഴികെയുള്ള താരങ്ങള്‍ ഏറെയും രണ്ടാംനിരക്കാരായിരുന്നു. അനൂപിന്‍െറ റെയ്ഡുകള്‍ കാണികളെ ആവേശത്തിലാക്കി. ആദ്യപകുതിയില്‍ ഇന്ത്യ 15-3ന് മുന്നിലായിരുന്നു. 20ാം മിനിറ്റില്‍ എതിരാളികളുടെ കെട്ടുപൊട്ടിച്ച് അനൂപും ദീപക്കും മുന്നേറി. ശ്രീലങ്കയെ 22-11ന് തോല്‍പിച്ചാണ് പാകിസ്താന്‍ ഫൈനലിലത്തെിയത്.
അംഗനമാരുടെ പോരാട്ടത്തില്‍ നേപ്പാളിനെതിരെ ആതിഥേയര്‍ പോയന്‍റുകള്‍ വാരിക്കൂട്ടി. പായല്‍ ചൗധരിയുടെ വിജയകരമായ റൈഡോടെ തുടങ്ങിയ ഇന്ത്യ ആദ്യപകുതിയില്‍ 25-5ന് മുന്നിലായിരുന്നു. അഭിലാഷ മഹ്ത്രയും പ്രിയങ്കയും റെയ്ഡിങ്ങില്‍ മികച്ചുനിന്നു. ഉഷാറാണിയും സാക്ഷി കുമാരിയും ക്യാപ്റ്റന്‍ തേജസ്വിനി ഭായിയും കത്രിക പൂട്ടിട്ടപ്പോള്‍ ലോണ പോയന്‍റുകളടക്കം നേടി ആതിഥേയര്‍ മുന്നേറി. രണ്ടാം പകുതിയില്‍ രണ്ട് ലോണ പോയന്‍റാണ് (മുഴുവന്‍ എതിരാളികളെയും പുറത്താക്കുന്നതിന് ലഭിക്കുന്ന പോയന്‍റ്) ലഭിച്ചത്. വാശിയേറിയ സെമിയില്‍ ശ്രീലങ്കയെ 18-16നാണ് ബംഗ്ളാദേശ് തോല്‍പിച്ചത്.
മൂന്നിനത്തില്‍ മൂന്നെണ്ണം
ട്രയാത്ലണിലെ മൂന്ന് സ്വര്‍ണവും ഇന്ത്യക്ക് സ്വന്തം. ഞായറാഴ്ച നടന്ന മിക്സഡ് റിലേ ടീമിനത്തില്‍ ഇന്ത്യയുടെ പല്ലവി റെട്ടിവാല, ദിലീപ് കുമാര്‍, തൗഡം സരോജിനി ദേവി, ധീരജ് സാവന്ത് എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്. ഒരു മണിക്കൂര്‍ 24. 31 മിനിറ്റിലാണ് ഇന്ത്യ മത്സരം പൂര്‍ത്തിയാക്കിയത്. 300 മീറ്റര്‍ നീന്തല്‍, 60 കിലോ മീറ്റര്‍ സൈക്ളിങ്, 1.2 കിലോമീറ്റര്‍ ഓട്ടം എന്നിവയാണ് ഈയിനത്തിലുണ്ടായിരുന്നത്. നേപ്പാള്‍ വെള്ളിയും ശ്രീലങ്ക വെങ്കലവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.