വരുന്നു, ദക്ഷിണേഷ്യന്‍ ഗെയിംസ്

കോഴിക്കോട്: സാര്‍ക്ക് രാജ്യങ്ങളുടെ ഒളിമ്പിക്സായ ദക്ഷിണേഷ്യന്‍ ഗെയിംസിന് ഇനി ഒരുമാസം. ഫെബ്രുവരി അഞ്ചിന് കൊടിയുയരുന്ന മേളക്ക് 16ന് സമാപനം കുറിക്കും. അസമിലെ ഗുവാഹതിയിലും മേഘാലയയിലെ ഷില്ളോങ്ങിലുമായാണ് വടക്കു കിഴക്കന്‍ ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര കായികോത്സവം അരങ്ങേറുന്നത്. 
രണ്ടുപതിറ്റാണ്ടിന്‍െറ ഇടവേളക്കു ശേഷമാണ് ഇന്ത്യ ദക്ഷിണേഷ്യന്‍ ഗെയിംസിന് (എസ്.എ.ജി) ആതിഥേയരാവുന്നത്. മുമ്പ് രണ്ടുവട്ടം ഇന്ത്യ ആതിഥേയത്വം വഹിച്ചിരുന്നു. ടികോര്‍ എന്നു പേരിട്ട കാണ്ടാമൃഗമാണ് ഗെയിംസിന്‍െറ ഭാഗ്യചിഹ്നം. 
ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ളാദേശ്, അഫ്ഗാനിസ്താന്‍, ഭൂട്ടാന്‍, മാലദ്വീപ് എന്നീ രാജ്യങ്ങളില്‍നിന്ന് 3300ലേറെ അത്ലറ്റുകളും ഒഫീഷ്യലുകളും ഗെയിംസിനത്തെും. ഇതില്‍ 2600ലേറെ കായികതാരങ്ങളാണ്. 23 ഇനങ്ങളിലാണ് മെഡല്‍ ജേതാക്കളെ നിശ്ചയിക്കുക. 
ആതിഥേയരായ ഇന്ത്യയില്‍നിന്ന് 519 അത്ലറ്റുകളുണ്ടാകും. 275 പുരുഷന്മാരും 244 വനിതാ താരങ്ങളും ആതിഥേയര്‍ക്കായി അണിനിരക്കും. ശ്രീലങ്കയില്‍നിന്ന് 484 പേരും ബംഗ്ളാദേശില്‍നിന്ന് 409ഉം താരങ്ങള്‍ എത്തും. പാകിസ്താന്‍ 337 താരങ്ങളുമായാണ് ഗെയിംസില്‍ പങ്കാളിയാവുന്നത്. 87 താരങ്ങള്‍ മാത്രമുള്ള ഭൂട്ടാനാണ് ചെറിയ സംഘം. ഗുവാഹതിയിലെ സരുസജായ് സ്പോര്‍ട്സ് കോംപ്ളക്സിലെ വിവിധ വേദികളിലാണ് അത്ലറ്റിക്സും ഫുട്ബാളും അടക്കമുള്ള പ്രധാന മത്സരങ്ങള്‍ നടക്കുന്നത്. ഷില്ളോങ്ങില്‍ ജവഹര്‍ലാല്‍ നെഹ്റു സ്പോര്‍ട്സ് കോംപ്ളക്സ് അടക്കമുള്ളവയാണ് വേദികള്‍. 
കേരളത്തില്‍ നടക്കുമായിരുന്ന ഗെയിംസ് കേന്ദ്ര കായിക മന്ത്രിയും അസം ബി.ജെ.പി പ്രസിഡന്‍റുമായ സര്‍ബാനന്ദ സൊനോവാളിന്‍െറ ശ്രമഫലമായാണ് വടക്കു കിഴക്കന്‍ ഇന്ത്യയിലേക്ക് മാറ്റിയത്. നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുന്ന മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിക്കും ഗെയിംസ് അഭിമാനപ്രശ്നമാണ്. 
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിന്നല്‍ സന്ദര്‍ശനത്തിന്‍െറ ഫലമായി ഊഷ്മളമായ ഇന്ത്യ-പാകിസ്താന്‍ ബന്ധത്തിന് ബലമേകുന്നതായിരിക്കും ഗെയിംസെന്ന് സംഘാടകര്‍ കണക്കുകൂട്ടുന്നു. പാക് സംഘത്തിന്‍െറ സജീവസാന്നിധ്യമുറപ്പിക്കാന്‍ ഇന്ത്യയില്‍നിന്ന് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച പാകിസ്താനിലത്തെുന്നുണ്ട്. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ മാറിമറിയുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. പാക് താരങ്ങള്‍ക്ക് പൂര്‍ണ സുരക്ഷ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. 
കൊല്‍ക്കത്ത, ഗുവാഹതി വിമാനത്താവളങ്ങളിലൂടെ പാക് കായികതാരങ്ങളെ ഗെയിംസിനത്തൊന്‍ അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കിയിരുന്നു. നിലവില്‍ വാഗ അതിര്‍ത്തി വഴി എത്തി ഡല്‍ഹി, മുംബെ, ചെന്നൈ വിമാനത്താവളങ്ങള്‍ ഉപയോഗിക്കാനേ പാക് പൗരന്മാര്‍ക്ക് അനുവാദമുള്ളൂ. 
അത്ലറ്റിക്സ്, നീന്തല്‍, ഭാരോദ്വഹനമടക്കമുള്ള ഇനങ്ങളില്‍ സ്വാഭാവികമായും മെഡല്‍ വാരാമെന്ന പ്രതീക്ഷയിലാണ് ആതിഥേയര്‍. ഒളിമ്പിക്സിന് യോഗ്യത നേടിയ ചില താരങ്ങള്‍ അത്ലറ്റ് ട്രാക്കിലിറങ്ങാനില്ളെങ്കിലും ഇന്ത്യക്ക് കാര്യമായ എതിരാളികളുണ്ടാവില്ല. 
2010ല്‍ നേപ്പാളിലെ കാഠ്മണ്ഡുവില്‍ നടന്ന 11ാം ഗെയിംസില്‍ 90 സ്വര്‍ണവും 55 വെള്ളിയും 30 വെങ്കലവുമായാണ് ഇന്ത്യ കിരീടം ചൂടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.