ദേശീയ സീനിയര്‍ വോളിബാള്‍: കേരളം ഫൈനലിൽ

ബംഗളൂരു: 64ാമത് ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീട പോരാട്ടം കേരളവും റെയില്‍വേസും തമ്മില്‍. ശനിയാഴ്ച സെമിയില്‍ പഞ്ചാബിനെ മറികടന്ന പുരുഷ ടീമും ( 19-25, 23-25, 28-26, 25-18, 15-13), തമിഴ്നാടിനെ മറികടന്ന വനിതാ ടീമും (25-09, 25-17,25-22) ഫൈനല്‍ യോഗ്യത നേടി. നിലവിലെ ചാമ്പ്യന്മാരായ റെയില്‍വേസാണ് ഇരു ടീമുകളുടെയും എതിരാളികള്‍. അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തില്‍ ശനിയാഴ്ച പഞ്ചാബിനെതിരെ ശക്തമായ തിരിച്ചുവരവ് നടത്തിയാണ് പുരുഷ ടീം ജയം കൈപ്പിടിയിലൊതുക്കിയത്.

ആദ്യ രണ്ടു സെറ്റുകള്‍ തോറ്റ ടീം തുടര്‍ന്നുള്ള സെറ്റുകളില്‍ പൂര്‍ണ മേധാവിത്വം നേടി. ആദ്യ സെറ്റില്‍ പഞ്ചാബിന്‍െറ ശക്തമായ പ്രതിരോധത്തില്‍ പതറിയ കേരളം (19-25) എളുപ്പത്തില്‍ കീഴടങ്ങി. രണ്ടാം സെറ്റില്‍ തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയം പിടിച്ചെടുക്കാനായില്ല (23-25). നിര്‍ണായകമായ മൂന്നാം സെറ്റില്‍ ഉണര്‍ന്നുകളിച്ച കേരളം വ്യക്തമായ ലീഡ് നിലനിര്‍ത്തി മുന്നേറി. അവസാന ഘട്ടത്തിലെ പതര്‍ച്ചയില്‍ സ്കോര്‍ 24-24 എത്തിയതോടെ മത്സരം കൈവിട്ടുപോകുമോ എന്ന പ്രതീതി സൃഷ്ടിച്ചിടത്തുനിന്ന് തിരിച്ചുകയറിയ കേരളം (28-26) രണ്ടു പോയന്‍റ് വ്യത്യാസത്തില്‍ സെറ്റ് പിടിച്ചു. നാലാം സെറ്റില്‍ പഞ്ചാബിനെ നിഷ്പ്രഭമാക്കിയ കേരളം (25-18) ഗാലറികളില്‍ ആവേശത്തിര തീര്‍ത്തു.
ജെറോം വിനീതിന്‍െറയും കെ.എസ്. രതീഷിന്‍െറയും തകര്‍പ്പനടികള്‍ പ്രതിരോധിക്കാനാകാതെ കുഴങ്ങിയ പഞ്ചാബിന് അഞ്ചാം സെറ്റില്‍ പോരാട്ടവീര്യം പുറത്തെടുക്കാനായില്ല. അവസാന സെറ്റും ജയിച്ച് കേരളം ഫൈനലിലേക്ക് (15-13). ഗ്രൂപ് മത്സരത്തില്‍ പഞ്ചാബിനോടേറ്റ പരാജയത്തിന്‍െറ പ്രതികാരം കൂടിയായി കേരളത്തിന്‍െറ സെമി വിജയം.കെ.ജി. രാഗേഷ്, രോഹിത്, സി.കെ. രതീഷ് എന്നിവര്‍ പഞ്ചാബിനെതിരെ പറന്നു കളിച്ചു. ക്യാപ്റ്റന്‍ ഹഫീലിന്‍െറ പ്ളേസുകള്‍ കേരളത്തിന്‍െറ നിര്‍ണായക പോയന്‍റുകളായി. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന അഖിന്‍ പഞ്ചാബിനെതിരെ കളത്തിലിറങ്ങിയെങ്കിലും അവസാന സെറ്റില്‍ പരിക്കേറ്റ് മടങ്ങി. ഫൈനലില്‍ അഖിന് പകരം റിജാസ് കളത്തിലിറങ്ങും.തമിഴ്നാടിനെ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് തോല്‍പിച്ച (25-23,25-23,25-18) റെയില്‍വേസ് ഫൈനലിലേക്ക് യോഗ്യത നേടി. ചാമ്പ്യന്‍ ടീമായ റെയില്‍വേസ് ഫൈനലില്‍ കേരളത്തിന് ശക്തമായ വെല്ലുവിളിയാകും.

അപരാജിതം പെണ്‍പട
ഗ്രൂപ് മത്സരത്തിലും ക്വാര്‍ട്ടറിലും പുറത്തെടുത്ത മിന്നും ഫോം സെമിയിലും ആവര്‍ത്തിച്ച കേരള വനിതകള്‍ക്ക് തമിഴ്നാട് എതിരാളികളേ ആയിരുന്നില്ല. ഗ്രൂപ് മത്സരത്തില്‍ തമിഴ്നാടിനെ 3-0 ന് തകര്‍ത്തതിന്‍െറ ആത്മവിശ്വാസത്തില്‍ ശനിയാഴ്ച കോര്‍ട്ട് നിറഞ്ഞ പെണ്‍പട അയല്‍ക്കാരെ നിലംതൊടുവിച്ചില്ല. ആദ്യ സെറ്റില്‍ (25-9) ലെ പൂര്‍ണമേധാവിത്തം രണ്ടാം സെറ്റിലും (25-17) കേരളം നിലനിര്‍ത്തി. അവസാന സെറ്റിലും (25-22) വ്യക്തമായ ലീഡ് നിലനിര്‍ത്തിയ ടീം ശനിയാഴ്ച കണ്ഡീരവ സ്റ്റേഡിയത്തിലെ രാത്രി കേരളത്തിന്‍െറതാക്കി. ഒറ്റ മത്സരവും തോല്‍ക്കാതെയാണ് കേരളവനിതകളുടെ കുതിപ്പ്. ടിജി രാജു, രേഖ, അഞ്ജലി, ശ്രുതി എന്നിവര്‍ മിന്നും ഫോം സെമിയിലും തുടര്‍ന്നു. ഇനി ഫൈനലില്‍ റെയില്‍വേസിനെ മറികടന്ന് കിരീട ധാരണം. അതിനായുള്ള കാത്തിരിപ്പിലാണ് കേരളം.
പശ്ചിമബംഗാളിനെ തകര്‍ത്താണ് റെയില്‍വേയുടെ പെണ്‍പട ഫൈനലിലേക്ക് യോഗ്യത നേടിയത്. സ്കോര്‍: 25-9, 25-20, 25-13.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.