റിയോ ഉണരാന്‍ ഒരു മാസം

31-ാമത് ഒളിമ്പിക്സ് ആഗസ്റ്റ് അഞ്ച് മുതല്‍ 21 വരെ

റിയോ ഡെ ജനീറോ: ലോകം കാത്തിരിക്കുന്ന 31ാമത് ഒളിമ്പിക്സിന് കൊടി ഉയരാന്‍ ഇനി ഒരുമാസം മാത്രം. അതിവേഗക്കാരെയും ഉയരക്കാരെയും കണ്ടത്തൊനൊരുങ്ങുന്ന റിയോ ഒളിമ്പിക്സ് പരിക്കൊന്നുമില്ലാതെ സംഘടിപ്പിക്കാന്‍ ഉസൈന്‍ ബോള്‍ട്ടിനോളം വേഗത്തില്‍ ബ്രസീലിന്‍െറ ഒരുക്കവും.
207 രാജ്യങ്ങളില്‍നിന്ന് മത്സരിക്കാനായി യോഗ്യതനേടിയ 8500ഓളം അത്ലറ്റുകള്‍ ഫോം മിനുക്കിയെടുത്ത് അവസാനവട്ട തയാറെടുപ്പിലമരുമ്പോള്‍ കുറ്റമറ്റ ഒളിമ്പിക് നഗരിയാവാന്‍ വിയര്‍പ്പൊഴുക്കുകയാണ് റിയോ നഗരം. ആഗസ്റ്റ് അഞ്ചു മുതല്‍ 21 വരെയാണ് ബ്രസീലിലെ മഹാനഗരി ഒളിമ്പിക്സിന് വേദിയാവുന്നത്.
ഒളിമ്പിക്സിനോടടുക്കുമ്പോള്‍ ആശങ്കകള്‍ ഓരോന്നായി പരിഹരിക്കുന്നുവെങ്കിലും പുതിയ പ്രതിസന്ധികള്‍ സംഘാടകരെ വട്ടംകറക്കുന്നു. സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊപ്പം വേദികളുടെയും പാതകളുടെയും നിര്‍മാണപ്രവൃത്തികള്‍ പൂര്‍ണമായിട്ടില്ല. 97 ശതമാനം പൂര്‍ത്തിയായെന്നാണ് സംഘാടകരുടെ അവകാശവാദമെങ്കിലും കോപകബാനയിലെ ബീച്ച് വോളിബാള്‍ വേദി, ടെന്നിസ്, സൈക്ളിങ്, ജിംനാസ്റ്റിക്സ്, നീന്തല്‍, ഫെന്‍സിങ്, ഗുസ്തി, ബാസ്കറ്റ് ബാള്‍ തുടങ്ങി നിരവധി ഇനങ്ങളുടെ വേദിയായ ബാര ഒളിമ്പിക് പാര്‍ക്ക് തുടങ്ങിയവയുടെ നിര്‍മാണം ഇനിയും ബാക്കിയാണെന്നാണ് ന്യൂയോര്‍ക് ടൈംസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പ്രസിഡന്‍റ് ദില്‍മ റൂസഫ് ഇംപീച്ച്മെന്‍റിലൂടെ സസ്പെന്‍ഷനിലായതും ഒളിമ്പിക്സ് ഒരുക്കങ്ങള്‍ക്ക് തിരിച്ചടിയായി.
എങ്കിലും ട്രാക്കും ഫീല്‍ഡും ഗ്രൗണ്ടും ഉണരുമ്പോഴേക്കും ഏറ്റവും മികച്ച ഒളിമ്പിക്സിനായി ബ്രസീല്‍ തയാറാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി.

സിക ഭീതി മാറാതെ

ഒളിമ്പിക്സ് വിളിപ്പാടകലെ എത്തിയിട്ടും സിക വൈറസ് ഭീതി വിട്ടുമാറുന്നില്ല. അത്ലറ്റുകളുടെ ആരോഗ്യസംരക്ഷണത്തില്‍ സംഘാടകര്‍ ആവര്‍ത്തിച്ച് ഉറപ്പുനല്‍കുമ്പോഴും ഡബ്ള്യൂ. എച്ച്.ഒ ഉള്‍പ്പെടെയുള്ള ആഗോള സംഘടനകളുടെ വിശ്വാസം നേടിയെടുക്കാന്‍ റിയോ പരാജയമാവുന്നു. ഒളിമ്പിക്സ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ വിവിധ രാജ്യങ്ങളിലെ 150ഓളം ഡോക്ടര്‍മാര്‍ ഒളിമ്പിക്സ് സംഘാടകര്‍ക്കും ലോകാരോഗ്യ സംഘടനക്കും കത്തെഴുതിയത് ആശങ്കയിരട്ടിയാക്കി. ഇതിനിടെ, സിക ഭീതി കാരണം ഗോള്‍ഫ് താരങ്ങള്‍ അടക്കമുള്ളവര്‍ ഒളിമ്പിക്സില്‍നിന്നും പിന്മാറി. 3.5 ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ വിദേശികള്‍ ബ്രസീലിലത്തെുമെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും ജമൈക്ക, അമേരിക്ക, ബ്രിട്ടന്‍, ചൈന ഉള്‍പ്പെടെയുള്ള പ്രധാന ശക്തികളെല്ലാം ഒളിമ്പിക്സിന് പിന്തുണയുമായി രംഗത്തുണ്ട്.

സാമ്പത്തിക അടിയന്തരാവസ്ഥ

ഒളിമ്പിക്സ് കൊടിയിറങ്ങുമ്പോഴേക്കും രാജ്യത്തിന്‍െറ സാമ്പത്തികനില തകര്‍ന്നടിയുമോയെന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധരും ഭരണകൂടവും. റിയോ ഗവര്‍ണര്‍ ഫ്രാന്‍സിസ്കോ ഡോര്‍നെല്‍സ് തന്നെ ഇക്കാര്യം പരസ്യമാക്കി. ഒളിമ്പിക്സിന്‍െറ വന്‍ ചെലവ് മുന്നില്‍കണ്ട് റിയോ ഡെ ജനീറോയില്‍ സര്‍ക്കാര്‍ സാമ്പത്തിക അടിയന്തരവാസ്ഥ പ്രഖ്യാപിച്ചുകഴിഞ്ഞു. 1000 കോടി ഡോളര്‍ അധികബാധ്യത രാജ്യത്തെ സാമ്പത്തികമാന്ദ്യത്തിലേക്കും വലിച്ചിഴച്ചു. ഒളിമ്പിക്സിന് ഫണ്ട് കണ്ടത്തെുന്നതിന് അടിസ്ഥാന ആവശ്യങ്ങളായ വിദ്യാഭ്യാസം, ആരോഗം, പൊതുഗതാഗതം എന്നിവക്കും കൂടുതല്‍ തുക ഈടാക്കിത്തുടങ്ങിയതോടെ പൊതുജനങ്ങളും പ്രതിഷേധവുമായി രംഗത്തിറങ്ങി. ഒളിമ്പിക്സ് വേണ്ടെന്ന പ്രചാരണവുമായി വലിയൊരു വിഭാഗവും രംഗത്തുണ്ട്.

ഇനിയും പൂര്‍ത്തിയാവാത്ത നിര്‍മാണങ്ങള്‍

ഗെയിംസ് നിര്‍മാണങ്ങളിലെ പ്രധാനമായ റിയോ സബ്വേ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഒളിമ്പിക് പാര്‍ക്, വില്ളേജ്, ഇപനേമ ബീച്ച് എന്നിവയെ ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് ഇവയില്‍ പ്രധാനം. 15 മിനിറ്റില്‍ ലക്ഷ്യസ്ഥാനത്തത്തൊവുന്ന ഇടനാഴി പൂര്‍ത്തിയായില്ളെങ്കില്‍ മണിക്കൂറുകള്‍ സഞ്ചരിച്ചുവേണം പാര്‍ക്കിലും വില്ളേജിലുമത്തൊന്‍. 1000ത്തിലേറെ തൊഴിലാളികള്‍ മുഴുസമയവും ജോലിചെയ്താണ് ഇപ്പോള്‍ നിര്‍മാണം പുരോഗമിക്കുന്നത്.

സുരക്ഷാപ്രശ്നം

ഭീകരാക്രമണ ഭീതിക്ക് പുറമെ പ്രാദേശിക ക്രിമിനല്‍ സംഘങ്ങളുടെ സാന്നിധ്യവും സംഘാടകര്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു. ഒളിമ്പിക്സ് തയാറെടുപ്പിനിടെ റിയോ നഗരത്തിലെ രണ്ട് കൊലപാതകങ്ങള്‍ രാജ്യാന്തര ശ്രദ്ധനേടി. ഈ വര്‍ഷം മാത്രം 43 പൊലീസ് ഉദ്യോഗസ്ഥരും 238 സിവിലിയന്മാരുമാണ് കൊല്ലപ്പെട്ടത്. പൊലീസും സൈന്യവുമടക്കം 85,000 പേരെയാണ് സുരക്ഷക്കായി നിയോഗിച്ചത്. 2012 ലണ്ടന്‍ ഒളിമ്പിക്സിനേക്കാള്‍ രണ്ട് മടങ്ങ് അധികമാണിത്.

ജാഗ്വറിന്‍െറ മരണം, നടപ്പാതയുടെ തകര്‍ച്ച

ഒളിമ്പിക് ദീപശിഖാ പ്രയാണത്തിന് അലങ്കാരമാവാനത്തെിച്ച അമേരിക്കന്‍ ജാഗ്വര്‍ കടുവയെ വെടിവെച്ച് കൊന്നത് അപ്രതീക്ഷിത തിരിച്ചടിയായി. ദീപ പ്രയാണത്തിനിടെ വിരണ്ട് ആക്രമണ സ്വഭാവം കാണിച്ചതോടെ കടുവയെ സുരക്ഷാ ജീവനക്കാര്‍ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. സംഭവത്തില്‍ സംഘാടകര്‍ ക്ഷമചോദിച്ചു. റിയോ നഗരത്തില്‍ നടപ്പാലം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചതും അവസനവട്ട തയാറെടുപ്പിനിടെ നാണക്കേടായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.