സാവോപോളോ: ഫുട്ബാള്‍ ഇതിഹാസം പെലെക്ക് 75ാം വയസ്സില്‍ മൂന്നാം കല്യാണം. ആറുവര്‍ഷമായി പ്രണയിക്കുന്ന മാഴ്സ്യ സിബെലെ ആവോക്കിയെ പെലെ താലിചാര്‍ത്തിയെന്ന് ബ്രസീലിയന്‍ പത്രമായ ഒ എസ്റ്റാഡോ ഡി സാവോപോളോ റിപ്പോര്‍ട്ട് ചെയ്തു. 50കാരിയായ വധു മാഴ്സ്യ വ്യവസായസംരംഭകയാണ്. സാവോപോളോക്ക് സമീപം ഗൗരുസ ബീച്ചില്‍ മതാചാരപ്രകാരമാണ് കല്യാണം നടന്നത്.
80കളിലാണ് ഇരുവരും കണ്ടുമുട്ടിയതെങ്കിലും പ്രണയം തുടങ്ങിയത് 2010ലായിരുന്നു. സാവോപോളോയിലെ റോഡ് മുറിച്ചുകടക്കുന്ന എലവേറ്ററില്‍വെച്ചാണ് യാദൃച്ഛികമായി വീണ്ടും കണ്ടുമുട്ടിയത്. അന്നുമുതല്‍ പൂത്ത പ്രണയമാണ് ആറുവര്‍ഷത്തിന് ശേഷം തളിരണിഞ്ഞത്. 2012 മുതലാണ് പെലെക്കൊപ്പം മാഴ്സ്യയെ കണ്ടുതുടങ്ങിയത്.
മൊണാക്കോയില്‍ നാലുവര്‍ഷം മുമ്പ് നടന്ന ഫുട്ബാള്‍ അവാര്‍ഡ്ദാന ചടങ്ങിലാണ് പെലെ മാഴ്സ്യയുമായുള്ള പ്രണയം ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. താരം അസുഖബാധിതനായ സമയത്ത് ആശുപത്രി കിടക്കക്കരികില്‍ പ്രണയിനി എന്നും കൂട്ടിനുണ്ടായിരുന്നു. രണ്ടുവര്‍ഷം മുമ്പ് വിവാഹത്തിന് തയാറായിരുന്നെങ്കിലും പെലെയുടെ അസുഖം കാരണം ചടങ്ങ് നീളുകയായിരുന്നു. ജപ്പാനില്‍ ജനിച്ച മാഴ്സ്യയുടെ പിതാവ് ഡോക്ടറാണ്. വൈദ്യശാസ്ത്രരംഗത്തെ ഉപകരണങ്ങള്‍ വില്‍ക്കുന്ന കമ്പനിയുടെ ഉടമസ്ഥയാണ് വധു.
റോസിമേരി ചോല്‍ബിയാണ് പെലെയുടെ ആദ്യഭാര്യ. 12 വര്‍ഷം നീണ്ട ഈ ബന്ധത്തില്‍ മൂന്നു കുട്ടികളുണ്ട്. രണ്ടാം ഭാര്യയായ അസീറിയ നാസിമെന്‍േറാ പ്രശസ്ത സുവിശേഷ ഗായികയായിരുന്നു. രണ്ട് കുട്ടികളാണ് ഈ ബന്ധത്തിലുള്ളത്. 14 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം പിരിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.