റിയോയിലേക്ക് സുവര്‍ണമത്സ്യം

തിരുവനന്തപുരം: ഇന്ത്യയുടെ ‘സുവര്‍ണമത്സ്യം’ സാജന്‍ പ്രകാശ് ഇപ്പോള്‍ സ്വപ്നതീരത്താണ്. മാറക്കാനയിലെ ഒളിമ്പിക്സ് നീന്തല്‍കുളത്തില്‍ മൈക്കല്‍ ഫെല്‍പ്സിനൊപ്പം ഓളങ്ങളെ വകഞ്ഞുമാറ്റി പായുന്ന സുന്ദരനിമിഷങ്ങളാണ് ഈ ഇടുക്കിക്കാരന്‍െറ മനസ്സുനിറയെ. ആഗസ്റ്റ് ഒന്നിന് 120 കോടി ജനങ്ങളുടെ പ്രതീക്ഷയുമായി റിയോയിലേക്ക് വിമാനംകയറുമ്പോള്‍, ലക്ഷ്യം ഒന്നുമാത്രം ഒരു ഒളിമ്പിക്സ് മെഡല്‍. സാജന്‍ പറയുന്നു...

റിയോയില്‍ മെഡല്‍ പ്രതീക്ഷിക്കാമോ?

പ്രതീക്ഷിക്കരുതെന്ന് ഒരിക്കലും പറയില്ല. താന്‍പാതി ദൈവംപാതിയെന്നാണല്ളോ. ഇനി എന്‍െറ ഊഴമാണ്. അതിനുള്ള ശ്രമത്തിലാണ് ഒന്നരവര്‍ഷമായി. നീന്തലില്‍ ഏറ്റവും വെല്ലുവിളിയായ 200 മീറ്റര്‍ ബട്ടര്‍ഫൈ്ളയിലാണ് യോഗ്യത. മൈക്കല്‍ ഫെല്‍പ്സിന്‍െറ ഇഷ്ട ഇനം കൂടിയാണിത്. പൂളില്‍ അദ്ദേഹം എന്നേക്കാളും അഞ്ച് സെക്കന്‍റ് മുന്നിലാണെന്ന് കണക്കുകൂട്ടിയാണ് പരിശീലനം നടത്തുന്നത്. എതിരാളികള്‍ കൂടുതല്‍ ശക്തരാകുമ്പോള്‍ പോരാട്ടവീര്യവും കൂടും.

പരിശീലനം

ഒളിമ്പിക്സ് ബര്‍ത്ത് നേടാനായി എട്ടുരാജ്യങ്ങളില്‍ നടന്ന മത്സരങ്ങളില്‍ പങ്കെടുത്തു. തായ്വാനില്‍ നടത്തിയ പരിശീലനം ഗുണപരമായി. ഇവിടെയുള്ള കോച്ചുമാരുടെ പരിശീലനം പ്രകടനം മെച്ചപ്പെടുത്തി. മൈക്കല്‍ ഫെല്‍പ്സ് സ്വര്‍ണംനേടിയത് ഒരു മിനിറ്റ് 51 സെക്കന്‍റുകൊണ്ടാണ്. ഈ സമയം മനസ്സില്‍വെച്ചാണ് റിയോയിലേക്ക് പോവുക. ഭക്ഷണ ക്രമങ്ങളില്‍ പൂര്‍ണകൃത്യതവരുത്തിയാണ് ശരീരം ക്രമീകരിക്കുന്നത്. ആറുമാസത്തിനുള്ളില്‍ പുറത്തുനിന്നുള്ള ഭക്ഷണം കഴിച്ചിട്ടില്ല. കോച്ചുമാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള ഭക്ഷണമാണ് ഇപ്പോഴത്തെ ശരീരം.

സര്‍ക്കാറിന്‍െറ പത്തുലക്ഷം

പത്തുലക്ഷം കൊണ്ട് ഒന്നും ആകില്ളെന്ന് നിങ്ങള്‍ക്കുതന്നെ അറിയാല്ളോ. ഒരുവര്‍ഷം മുമ്പ് പറഞ്ഞതാണ് ഈ തുക. ഇപ്പോഴെങ്കിലും കിട്ടിയതില്‍ സന്തോഷം. നിലവില്‍ പരിശീലനത്തിനും വിദേശമത്സരങ്ങള്‍ക്കും മാത്രമായി 25 ലക്ഷം ചെലവായിട്ടുണ്ട്. റിയോ കഴിയുമ്പോഴെങ്കിലും ആരെങ്കിലും സ്പോണ്‍സര്‍മാരായി വരുമെന്നാണ് പ്രതീക്ഷ.

ജോലി വെള്ളത്തില്‍ വരച്ച വര

ദേശീയ ഗെയിംസ് കഴിഞ്ഞപ്പോള്‍ ഗെസറ്റഡ് റാങ്കില്‍ ജോലി നല്‍കുമെന്നറിയിച്ചിരുന്നെങ്കിലും തീരുമാനം ഉണ്ടായിട്ടില്ല. റെയില്‍വേയില്‍ ജോലിയുണ്ട്. കേരളത്തില്‍ ജോലിചെയ്യണമെന്നാണ് ആഗ്രഹം. പരിശീലനം നടത്താന്‍ കഴിയുന്ന തരത്തില്‍ ജോലിലഭിച്ചാല്‍ സ്വീകരിക്കും. റിയോ... റിയോ... റിയോ ഇതുമാത്രമാണ് എന്‍െറ മനസ്സുനിറയെ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.