റിയോ ഡെ ജനീറോ: ഇക്കുറി ഒളിമ്പിക്സിന് റഷ്യ ഉണ്ടാവില്ളേ? കായികപ്പോരില്‍ എന്നും അമേരിക്കന്‍ അപ്രമാദിത്വത്തിന് വെല്ലുവിളിയായിരുന്ന റഷ്യ റിയോ ഡെ ജനീറോ ഒളിമ്പിക്സിന് കച്ചമുറുക്കി ഇറങ്ങുന്നത് കണ്ടറിയണമെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. 2014ലെ സോചി ശീതകാല ഒളിമ്പിക്സില്‍ ഉത്തേജകം ഉപയോഗിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ട്രാക് ആന്‍ഡ് ഫീല്‍ഡ് താരങ്ങള്‍ക്ക് നേരത്തേ റിയോ ഒളിമ്പിക്സില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. റഷ്യന്‍ ടീമിന് ഒന്നടങ്കം വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി അമേരിക്കയും കാനഡയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് (ഐ.ഒ.സി) എഴുതിയ കത്ത് പുറത്തായതോടെയാണ് റഷ്യക്കെതിരായ ചരടുവലികള്‍ ലോകമറിഞ്ഞത്. ഉത്തേജകം ഉപയോഗിച്ചതിനെക്കുറിച്ച അന്വേഷണത്തിന്‍െറ അന്തിമ റിപ്പോര്‍ട്ട് വരുന്നതിനുമുമ്പായി റഷ്യക്കെതിരെ അമേരിക്കയും കാനഡയും നടത്തുന്ന ചരടുവലികള്‍ വിവാദമുയര്‍ത്തിയിരിക്കുകയാണ്.
റഷ്യയെ വിലക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ ഉത്തേജക വിരുദ്ധ ഏജന്‍സി (ഉസാദ) തലവന്‍ ട്രാവിസ് ടൈഗാര്‍ട്ട് ഐ.ഒ.സി പ്രസിഡന്‍റ് തോമസ് ബാകിനാണ് കത്ത് അയച്ചത്. കാനഡയുടെ ഉത്തേജക വിരുദ്ധ ഏജന്‍സിയും സമാനമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷനാണ് നേരത്തേ റഷ്യയുടെ ട്രാക് ആന്‍ഡ് ഫീല്‍ഡ് താരങ്ങള്‍ക്ക് റിയോയില്‍ വിലക്കേര്‍പ്പെടുത്തിയത്.
മോസ്കോ ഉത്തേജകവിരുദ്ധ ലബോറട്ടറിയുടെ തലവനായിരുന്ന ഗ്രിഗറി റെഡ്ചെങ്കോവ് നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് റഷ്യന്‍ താരങ്ങള്‍ സോചി ഒളിമ്പിക്സില്‍ ഉത്തേജകം ഉപയോഗിച്ച വിവരം ലോകം അറിഞ്ഞത്. മദ്യത്തില്‍ ചേര്‍ത്തു കഴിക്കാന്‍ പാകത്തില്‍ താന്‍ പ്രത്യേകമായി തയാറാക്കിയ കൂട്ട് സേവിച്ചാണ് റഷ്യയുടെ 15ഓളം താരങ്ങള്‍ മെഡല്‍ ജേതാക്കളായതെന്നും റഷ്യയുടെ ഒൗദ്യോഗിക അറിവോടെയാണ് ഈ ഉത്തേജകപ്രയോഗം നടന്നതെന്നുമായിരുന്നു ‘ന്യൂയോര്‍ക് ടൈംസി’നോട് റെഡ്ചെങ്കോവ് കഴിഞ്ഞ മേയില്‍ വെളിപ്പെടുത്തിയത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ കനേഡിയന്‍ അഭിഭാഷകന്‍ റിച്ചാര്‍ഡ് മക്ലാറന്‍ നടത്തിയ അന്വേഷണത്തിന്‍െറ റിപ്പോര്‍ട്ട് തിങ്കളാഴ്ച പുറത്തുവിടാനിരിക്കെയാണ് റഷ്യയെ വിലക്കാന്‍ നീക്കം ആരംഭിച്ചത്. മക്ലാറന്‍െറ റിപ്പോര്‍ട്ടില്‍ ഉത്തേജകം ഉപയോഗിച്ചെന്ന് കണ്ടത്തെിയാല്‍ റഷ്യയെ പൂര്‍ണമായി വിലക്കണമെന്നാണ് അമേരിക്ക, കാനഡ, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഐ.ഒ.സിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മക്ലാറന്‍െറ റിപ്പോര്‍ട്ട് റഷ്യക്കെതിരായിരിക്കുമെന്ന് ഏറക്കുറെ ഉറപ്പിച്ച മട്ടിലാണ് കാനഡയും അമേരിക്കയും നീക്കങ്ങള്‍ ആരംഭിച്ചത്.
68 ട്രാക് ആന്‍ഡ് ഫീല്‍ഡ് താരങ്ങളെ അയോഗ്യരാക്കിയതിനെതിരെ സ്വിറ്റ്സര്‍ലന്‍ഡിലെ ലുസാനിലുള്ള കായിക തര്‍ക്കപരിഹാര കോടതിയില്‍ റഷ്യ നല്‍കിയ പരാതിയില്‍ ഈ മാസം 19നാണ് വാദംകേള്‍ക്കുക. 21നകം അന്തിമ വിധിയുണ്ടാകുമെന്നാണ് കരുതുന്നത്. അതിനിടെ, മക്ലാറന്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നതിനു മുമ്പായി റഷ്യയെ പുറത്താക്കാന്‍ അമേരിക്കയും കാനഡയും നടത്തുന്ന ശ്രമങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തി യൂറോപ്യന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്‍റ് പാട്രിക് ഹിക്കി രംഗത്തുവന്നിട്ടുണ്ട്. അന്താരാഷ്ട്ര നിയമത്തിനുതന്നെ നിരക്കാത്തതാണ് ഈ നീക്കമെന്നും ഹിക്കി പറഞ്ഞു.
റഷ്യയെ ഒളിമ്പിക് മത്സരത്തില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷനും ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി റഷ്യയുടെ പോള്‍വാള്‍ട്ട് ഇതിഹാസം ഇസിന്‍ബയേവ രംഗത്തുവന്നു.
ലോക രാജ്യങ്ങള്‍ ഒളിമ്പിക്സിനായി കഠിനപരിശീലനം നടത്തുമ്പോള്‍ റഷ്യന്‍ താരങ്ങള്‍ കോടതി കയറിയിറങ്ങേണ്ട ഗതികേടിലാണെന്ന് ഇസിന്‍ബയേവ പറഞ്ഞു. എന്നാല്‍, ചില റഷ്യന്‍ താരങ്ങള്‍ നിഷ്പക്ഷ രാജ്യമെന്ന പരിഗണനയില്‍ ഒളിമ്പിക് പതാകക്കു കീഴില്‍ മത്സരിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. റഷ്യയുടെ ലോങ്ജംപ് താരമായ ദര്യ ക്ളിഷിനക്ക് മത്സരിക്കാന്‍ ഐ.എ.എഫ് അനുമതി നല്‍കിയിട്ടുമുണ്ട്. റഷ്യക്ക് പുറത്താണ് ക്ളിഷിന പരിശീലനം നടത്തിയതെന്ന കാരണത്താലാണിത്.എന്തായാലും, വരുന്ന ഒരാഴ്ചക്കാലം റഷ്യക്കും റിയോ ഒളിമ്പിക്സിനും നിര്‍ണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.