ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു

അരിസോണ: ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി (74) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഫിനിക്സിനടുത്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അലിയുടെ കുടുംബ വക്താവാണ് മരണ വാർത്ത പുറത്തുവിട്ടത്. മുമ്പ് അണുബാധയും ന്യുമോണിയയും ബാധിച്ചതിനെ തുടര്‍ന്ന് പല തവണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 30 വര്‍ഷമായി പാര്‍ക്കിന്‍സണ്‍ രോഗ ബാധിതനായിരുന്നു.

അമേരിക്കയിലെ കെന്‍റകിയിലുള്ള ലുയിസ്‌ വില്ലിയിൽ 1942 ജനുവരി 17നാണ് മുഹമ്മദ്‌ അലി എന്ന കാഷ്യസ് ക്ലേ ജനിച്ചത്‌. ഇസ്ലാം മതം സ്വീകരിച്ചതിനെ തുടർന്ന് 1964ലാണ് കാഷ്യസ് മാർസലസ് ക്ലേ ജൂനിയർ എന്ന പേര് മുഹമ്മദ്‌ അലി എന്നാക്കിയത്. പരസ്യ ബോർഡ്‌ എഴുത്തുകാരൻ കാഷ്യസ് മാർസലസ് ക്ലേ സീനിയർ -ഒഡേസ ഗ്രേഡി ക്ലേ ദമ്പതികളുടെ മകനാണ്‌. 18ാം വയസില്‍ തന്നെ മുഹമ്മദ് അലി 108 അമച്വര്‍ ബോക്സിങ് മല്‍സരങ്ങളില്‍ പങ്കെടുത്തിരുന്നു. 1960 ലെ റോം ഒളിമ്പിക്സിലെ സ്വര്‍ണ മെഡല്‍ ജേതാവും കൂടിയാണ് അദ്ദേഹം. പിതാവിന്‍റെ പാത പിന്തുടർന്ന് മകൾ ലൈലാ അലിയും വനിതാ ബോക്സിങ് ചാമ്പ്യനായി.

ക്ലേയുടെ കുട്ടിക്കാലത്ത്‌ അമേരിക്കയിൽ വർണ വിവേചനം രൂക്ഷമായിരുന്നു. കറുത്തവർക്കും വെളുത്തവർക്കും വെവ്വേറെ ഹോട്ടലുകൾ, പാർക്കുകൾ, പള്ളികൾ തുടങ്ങി ദൈനംദിന ജീവിതത്തിലെ എല്ലാ മേഖലകളിലും അസമത്വം കൊടികുത്തി വാണു. 'വെള്ളക്കാർക്ക് മാത്രം' എന്നെഴുതിയ ബോർഡുകൾ എല്ലായിടത്തും കാണാമായിരുന്നു. കറുത്ത വർഗക്കാരായ എല്ലാ കുട്ടികളിലും എന്ന പോലെ ക്ലേയുടെ മനസിലും വർണ വിവേചനം മുറിവുകൾ സൃഷ്ടിച്ചു. പോരാട്ടം നിറഞ്ഞ ഭാവി ജീവിതത്തിന് ക്ലേ കരുത്ത് നേടിയത്‌ ഈ ജീവിത അനുഭവങ്ങളാണ്.

1989ൽ മുഹമ്മദ് അലി 'മാധ്യമം' കോഴിക്കോട് ഒാഫീസ് സന്ദർശിച്ചപ്പോൾ. 'ഗൾഫ് മാധ്യമം' എഡിറ്റർ വി.കെ ഹംസ അബ്ബാസ്, ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് മുൻ ചെയർമാൻ പ്രഫ. കെ.എ സിദ്ദീഖ് ഹസൻ എന്നിവർ സമീപം.
 

അവിചാരിതമായിട്ടാണ് അലി ബോക്സിങ് റിങ്ങിൽ എത്തിപ്പെട്ടത്. 1954 ഒക്ടോബറിൽ 12 വയസുള്ള അലി തന്‍റെ സൈകിളിൽ സുഹൃത്തുമൊന്നിച്ച് കൊളംബിയ ഒാഡിറ്റോറിയത്തിൽ നടക്കുന്ന ലുയിസ്‌ വില്ലി ഹോം ഷോ എന്ന പ്രദർശനം കാണാൻ പുറപ്പെട്ടു. പ്രദർശന ഹാളിൽ കറങ്ങി നടന്നു പുറത്തെത്തിയപ്പോൾ അലിയുടെ സൈക്കിൾ കാണാനില്ല. പൊലീസുകാരനായ ജോ മാർട്ടിൻ അവിടെ അടുത്തുള്ള ജിംനേഷ്യത്തിൽ ബോക്സിങ് പരിശീലിപ്പിക്കുന്നുണ്ടായിരുന്നു. ആരോ പറഞ്ഞു കൊടുത്തതനുസരിച്ച് അലി പരാതിയുമായി മാർട്ടിനെ സമീപിച്ചു. എന്നാൽ, ക്ലേയുടെ കാണാതെ പോയ സൈക്കിൾ മാർട്ടിന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. എന്നാൽ, ജിംനേഷ്യത്തിൽ ചേർന്ന് ബോക്സിങ് പരിശീലിക്കാൻ അലിയെ മാർട്ടിൻ പ്രേരിപ്പിച്ചു.

എം.ഇ.എസ്​ സിൽവർ ജൂബിലി ആഘോഷത്തിൽ പ​െങ്കടുക്കാൻ കേരളത്തിലെത്തിയ മുഹമ്മദ്​ അലി കോഴിക്കോട്​ വെള്ളിമാടുകുന്ന്​ ജെ.ഡി.റ്റിയിൽ വിദ്യാർഥികൾക്കൊപ്പം
 

പരിശീലനം തുടങ്ങിയ അലി താമസിയാതെ തന്‍റെ ലോകം ബോക്സിങ്ങിൽ ആണെന്ന് തിരിച്ചറിഞ്ഞു. പരിശീലനം ആരംഭിച്ചു ആറാഴ്ച പിന്നിട്ടപ്പോൾ അലി ബോക്സിങ് റിങ്ങിൽ ആദ്യ ജയം നേടി. പിന്നീട് മുഴുവൻ സമയവും ഉൗർജവും അലി ബോക്സിങ്ങിനായി മാറ്റിവെച്ചു. 18 വയസ് ആയപ്പോഴേക്കും 108 അമേച്വർ ബോക്സിങ് മത്സരങ്ങളിൽ പങ്കെടുത്തു. കെന്‍റകി ഗോൾഡൻ ഗ്ലൗസ് ടൂർണമെന്‍റ് കിരീടം ആറു തവണയും നാഷണൽ ഗോൾഡൻ ഗ്ലൗസ് ടൂർണമെന്‍റ് കിരീടം രണ്ടു തവണയും നേടുകയും ചെയ്തു.

1960-ൽ മുഹമ്മദ് അലി റോം ഒളിമ്പിക്‌സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഒളിമ്പിക്സിൽ എതിരാളികളെ നിലം പരിശാക്കി അലി അനായാസം ഫൈനലിലെത്തി. മൂന്നു തവണ യുറോപ്യൻ ചാമ്പ്യനും 1956ലെ ഒളിമ്പിക്സിൽ വെങ്കല മെഡൽ ജേതാവുമായ സിഗ്ന്യു പിയട്രിഗകൊവ്സ്കിയെ മൂന്നാമത്തെ റൗണ്ടിൽ ഇടിച്ചിട്ട അലി ചരിത്രം സൃഷ്ടിച്ചു.

കൂടുതൽ ചിത്രങ്ങൾ: അലി: ജീവിതവും സന്ദേശവും അലി: ജീവിതവും സന്ദേശവും

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.