യുഗാന്ത്യം

ലോസ് ആഞ്ജലസ്: ‘ഇടിക്കൂട്ടിലെ ഇതിഹാസം’ എന്ന് ലോകം കൊണ്ടാടിയ മുന്‍ ലോക ബോക്സിങ് ഹെവിവെയ്റ്റ് ചാമ്പ്യന്‍ മുഹമ്മദലി (74) ഓര്‍മയായി. ശ്വാസകോശ രോഗത്തെതുടര്‍ന്ന് അരിസോണയിലെ ഫിനിക്സിലുള്ള ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാര വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് മരണവിവരം ലോകത്തെ അറിയിച്ച വക്താവ് ബോബ് ഗുന്നല്‍ പറഞ്ഞു. അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനായി ജനിച്ച കാഷ്യസ് ക്ളേയാണ് പിന്നീട് ബോക്സിങ് രംഗത്തെ എക്കാലത്തെയും ഇതിഹാസമായ മുഹമ്മദലിയായിറിങ്ങുകളെ ത്രസിപ്പിച്ചത്. വംശീയതക്കെതിരായ നിലപാട് അദ്ദേഹത്തെ റിങ്ങിനുപുറത്തും പോരാട്ടതാരമാക്കി മാറ്റി.ഒരുകാലത്ത് ലോക ബോക്സിങ് താരങ്ങളുടെ പേടിസ്വപ്നമായിരുന്ന ഇദ്ദേഹത്തിന്‍െറ പോരാട്ടം 30 വര്‍ഷമായി പാര്‍ക്കിന്‍സണ്‍ രോഗത്തോടായിരുന്നു. വര്‍ഷങ്ങളായി ന്യൂമോണിയ, മൂത്രാശയരോഗങ്ങള്‍ എന്നിവമൂലം  ചികിത്സയിലായിരുന്നു.

പാര്‍ക്കിന്‍സണ്‍ രോഗം മൂലം അവശനായി കഴിയുമ്പോഴും 1996ലെ അത്ലാന്‍റ ഒളിമ്പിക്സില്‍ ദീപശിഖ കൊളുത്താനുള്ള ദൗത്യമേല്‍പിച്ചത് മുഹമ്മദലിയുടെ വിറയാര്‍ന്ന കൈകളെയായിരുന്നു.  ഇദ്ദേഹത്തെ പിന്നീട് ശതാബ്ദത്തിന്‍െറ താരമായി സ്പോര്‍ട്സ് ഇലസ്ട്രേറ്റഡും ബി.ബി.സിയും തെരഞ്ഞെടുത്തു. 2005ല്‍ യു.എസ് സിവിലിയന്‍ പുരസ്കാരമായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം സമ്മാനിച്ച് അമേരിക്ക മുഹമ്മദലിയോട് ചെയ്ത അപരാധങ്ങള്‍ തിരുത്താന്‍ ശ്രമിച്ചതും ചരിത്രമായി.12ാമത്തെ വയസ്സില്‍ റിങ്ങിലത്തെിയ മുഹമ്മദലി 22ാം വയസ്സില്‍തന്നെ ലോക ഹെവിവെയ്റ്റ് ചാമ്പ്യനായി. മൂന്നു തവണ ഹെവിവെയ്റ്റ് ചാമ്പ്യനും  പിന്നീട് 1960ല്‍ ഒളിമ്പിക് ചാമ്പ്യനുമായി. പങ്കെടുത്ത 61 മത്സരങ്ങളില്‍ 56 എതിരാളികളെ മലര്‍ത്തിയടിച്ചു. മുസ്ലിംകള്‍ അമേരിക്കയിലത്തെുന്നത് തടയണമെന്ന പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍െറ പ്രസ്താവനക്കെതിരെ കഴിഞ്ഞ ഡിസംബറില്‍ പ്രതികരിച്ചതോടെ ഇദ്ദേഹം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 1975ലാണ് ഇസ്ലാംമതം സ്വീകരിച്ച് കാഷ്യസ് ക്ളേ മുഹമ്മദലി ക്ളേയായി മാറിയത്.

1942ല്‍ അമേരിക്കയിലെ കെന്‍റകി സ്റ്റേറ്റില്‍ ല്യൂസ്വെ്ളി നഗരത്തിലെ സാധാരണ കറുത്ത വര്‍ഗക്കാരുടെ കുടുംബത്തില്‍  കാഷ്യസ് മാര്‍സെലസ് ക്ളേ സീനിയറിന്‍െറയും ഒഡീസ ഗ്രേഡിയുടെയും മകനായി ജനിച്ച മുഹമ്മദലി 1960ലെ റോം ഒളിമ്പിക്സില്‍ 81 കിലോ വിഭാഗത്തില്‍ ലൈറ്റ് ഹെവിവെയ്റ്റ് ബോക്സിങ്ങില്‍ സ്വര്‍ണം നേടിയതോടെയാണ് ലോകം ഇദ്ദേഹത്തെ ശ്രദ്ധിച്ചുതുടങ്ങിയത്. പിന്നീട് 1967ല്‍ വിയറ്റ്നാം യുദ്ധത്തില്‍ പങ്കെടുക്കാനുള്ള അമേരിക്കന്‍ സര്‍ക്കാറിന്‍െറ ഉത്തരവിനെ തന്‍െറ വിസമ്മതംകൊണ്ട് ഇടിച്ചുതെറിപ്പിച്ചതോടെ കായികലോകത്തിന് പുറത്തും ഇദ്ദേഹം അറിയപ്പെടാന്‍ തുടങ്ങി. ജീവിതം മുഴുവന്‍ വര്‍ണവിവേചനത്തോട് പോരാടിയ ഇദ്ദേഹം അമേരിക്കക്കാരുടെ വര്‍ണവെറിയില്‍ പ്രതിഷേധിച്ച് തനിക്ക് ലഭിച്ച ഒളിമ്പിക്സ് മെഡല്‍ ജനങ്ങളെ സാക്ഷിയാക്കി ഒഹായോ നദിയിലേക്ക് വലിച്ചെറിഞ്ഞ് അമേരിക്കക്ക് വീണ്ടും പ്രഹരമേല്‍പിച്ചു.ബോക്സിങ്ങിന് പുറമെ സ്വന്തമായി സംഗീത ആല്‍ബം പുറത്തിറക്കിയ മുഹമ്മദലി ഒരു സംഗീതപ്രേമികൂടിയായിരുന്നു. റിങ്ങില്‍ ‘ഒരു ചിത്രശലഭത്തെപ്പോലെ പാറിനടക്കുകയും തേനീച്ചയെപ്പോലെ കുത്തുകയും ചെയ്യു’മെന്നായിരുന്നു മുഹമ്മദലി തന്‍െറ ബോക്സിങ് ശൈലിയെ സ്വയം വിശേഷിപ്പിച്ചത്. നാല് ഭാര്യമാരിലായി പ്രശസ്ത വനിതാ ബോക്സിങ് താരം ലൈല അലിയടക്കം ഏഴ് പെണ്‍മക്കളും രണ്ട് ആണ്‍മക്കളുമുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.