ഇതിഹാസ പുത്രന് അനുശോചന പ്രവാഹം

ന്യൂയോര്‍ക്: ലൂയിവില്ലക്ക് ഞായറാഴ്ച വേറൊരു മുഖമായിരുന്നു. കരുതിവെച്ചതെന്തോ നഷ്ടമായ പ്രതീതി. കണ്ണീര്‍പൊഴിക്കുന്ന കാലാവസ്ഥയിലും ലൂയിവില്ല നിറയുകയാണ്. ഇടിക്കൂട്ടിലെ സിംഹഗര്‍ജനം മുഹമ്മദ് അലിയെ യാത്രയാക്കാനുള്ള ഒരുക്കത്തിലാണ് ജന്മനാട്. അഞ്ചു ദിവസത്തിനപ്പുറം വെള്ളിയാഴ്ച കാഷ്യസ് ക്ളേ എന്ന മുഹമ്മദ് അലിക്ക് ലോകം വിടനല്‍കും.  

റിങ്ങിലേക്കുള്ള യാത്രപോലെ എല്ലാം അലി മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു, തന്‍െറ സംസ്കാരമുള്‍പ്പെടെ. ലോകപൗരനായിട്ടാവണം തന്നെ യാത്രയാക്കേണ്ടതെന്ന അലിയുടെ ആഗ്രഹപൂര്‍ത്തീകരണത്തിനാണ് ലൂയിസ്വില്ല ഒരുങ്ങുന്നത്. ലോകത്തെവിടെയുമുള്ള ആര്‍ക്കും അന്ത്യോപചാരമര്‍പ്പിക്കാനുള്ള സൗകര്യങ്ങളാണ് തയാറാകുന്നത്. ഇതിന് കഴിയാത്തവര്‍ക്ക് സംസ്കാരച്ചടങ്ങുകള്‍ തത്സമയം വീക്ഷിക്കാനാകും. എല്ലാ മതത്തിലും വര്‍ഗത്തിലും നിറത്തിലുംപെട്ടവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനത്തെും. വിലാപയാത്രക്കൊടുവില്‍ വെള്ളിയാഴ്ച ലൂയിസ്വില്ലയിലെ കെന്‍റക്കിയിലാണ് സംസ്കാരം. അരിസോണയില്‍നിന്ന് തിങ്കളാഴ്ച മൃതദേഹം ലൂയിസ്വില്ലയിലത്തെിക്കും. രണ്ടുദിവസം ഇവിടെ പൊതുദര്‍ശനത്തിനുവെക്കും.  വ്യാഴാഴ്ചയും സംസ്കാരച്ചടങ്ങുകള്‍ നടക്കും. അലിയുടെ ആഗ്രഹപ്രകാരം സുന്നി ഇസ്ലാമിക രീതിയിലായിരിക്കും സംസ്കാരച്ചടങ്ങുകള്‍ നടക്കുക. ഇമാം ശൈഖ് സാഇദ് നേതൃത്വം നല്‍കും. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബില്‍ ക്ളിന്‍റണ്‍, നടന്‍ ബില്ലി ക്രിസ്റ്റ്യന്‍, കായിക മാധ്യമപ്രവര്‍ത്തകന്‍ ബ്രയാന്‍റ് ഗംബല്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും. അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ പങ്കെടുത്തേക്കുമെന്നും സൂചനയുണ്ട്.

ലോകത്തെ വിറപ്പിച്ച കായികതാരമാണ് അലിയെന്ന് ഒബാമ ട്വീറ്റ് ചെയ്തു. ശരീരം തളര്‍ന്നപ്പോഴും അലിയുടെ കണ്ണിലെ തീപ്പൊരി കെട്ടിരുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. അനുകരണീയനായ കായികതാരമാണ് അലിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.
താന്‍ കണ്ടതില്‍വെച്ച ഏറ്റവും വലിയ മനുഷ്യസ്നേഹിയാണ് മുഹമ്മദ് അലിയെന്ന് അദ്ദേഹത്തിന്‍െറ പഴയ എതിരാളി ജോര്‍ജ് ഫോര്‍മാന്‍ പറഞ്ഞു. അലിയുടെ മരണം എന്‍െറ ശരീരത്തിലെ ഒരു ഭാഗം നഷ്ടപ്പെട്ടതുപോലെയാണ്. കളത്തിനുള്ളില്‍ മറ്റുള്ളവരെ അതിക്ഷേപിക്കാതിരിക്കാന്‍ അലി പ്രത്യേകം ശ്രദ്ധിച്ചിരുന്നെന്നും ഫോര്‍മാന്‍ അനുസ്മരിച്ചു.

ലോകത്തെ ഏറ്റവും പ്രശസ്തനായ മനുഷ്യന്‍ മുഹമ്മദ് അലിയാണെന്ന് അദ്ദേഹത്തിന്‍െറ കുടുംബവക്താവ് ബോബ് ഗണ്ണെല്‍ പറഞ്ഞു. ജനങ്ങളുടെ ജേതാവാണ് അലി. സംസ്കാരച്ചടങ്ങുകള്‍ എങ്ങനെയാകണമെന്ന് അലി തന്നോട് സംസാരിച്ചിരുന്നെന്നും അദ്ദേഹം ഓര്‍മിച്ചു. പിതാവിന്‍െറ മരണത്തില്‍ ദു$ഖമുണ്ടെങ്കിലും രോഗശയ്യയില്‍നിന്ന് അദ്ദേഹം മോചിതനായതില്‍ ആശ്വാസമുണ്ടെന്ന് മകള്‍ ഹന അലി പറഞ്ഞു.
കുട്ടിക്കാലത്തുതന്നെ അലി തന്‍െറ ഹീറോ ആയിരുന്നെന്ന് സചിന്‍ ടെണ്ടുല്‍കര്‍ അനുസ്മരിച്ചു. എന്നെങ്കിലും അദ്ദേഹത്തെ നേരില്‍ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ഇനിയത് കഴിയില്ളെന്ന ദു$ഖം മനസ്സിലുണ്ടെന്നും പറഞ്ഞു.ഞായറാഴ്ച ലൂയിവില്ലയിലേക്കും മുഹമ്മദ് അലി സെന്‍ററിലേക്കും അനുശോചനപ്രവാഹമായിരുന്നു. പൂക്കളും കാര്‍ഡുകളും അയക്കുന്നതിന് പകരം മുഹമ്മദ് അലി സെന്‍ററിലേക്ക് സംഭാവനകള്‍ അര്‍പ്പിക്കാന്‍ അലിയുടെ കുടുംബവക്താവ് അഭ്യര്‍ഥിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.