മുന്‍നിരയില്‍ ഇവര്‍


അദിതി ചൗഹാന്‍

ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ കളിച്ച ആദ്യ ഇന്ത്യന്‍ വനിത ഫുട്ബാളറായി ചരിത്രമെഴുതിയ താരം. വെസ്റ്റ്ഹാം ലേഡീസില്‍ കളിച്ച് ഇംഗ്ളണ്ടില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും മികച്ച ഏഷ്യന്‍ താരമായി. സൗത് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ടീമിന്‍െറ കീപ്പറായി ഈ വര്‍ഷത്തിന് തുടക്കം കുറിച്ച അദിതി, യു.എസിലോ യു.കെയിലോ ഉള്ള പുതിയൊരു ക്ളബിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ്.

ദീപിക കുമാരി

ലണ്ടന്‍ ഒളിമ്പിക്സിലെ മുറിവ് മറക്കുക എന്ന ലക്ഷ്യം മാത്രമാണ് ദീപിക കുമാരിയുടെ മുന്നിലുള്ളത്. റിയോയില്‍ അമ്പെയ്യുമ്പോള്‍ കരിയറിലെ ഏറ്റവും മികവുറ്റ പ്രകടനം പുറത്തെടുക്കുമെന്ന ശപഥത്തിലാണ് താരം. കഴിഞ്ഞ വര്‍ഷം ലോകകപ്പില്‍ വെള്ളിയും ഈ വര്‍ഷം ദക്ഷിണേഷ്യന്‍ ഗെയിംസില്‍ സ്വര്‍ണക്കൊയ്ത്തുമായി ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന് കരുത്തുറ്റ തയാറെടുപ്പിലാണ് ദീപിക. 

കവിത റൗത്ത്

നാസിക്കിലെ ട്രൈബല്‍ മേഖലയില്‍നിന്ന് റിയോ ഒളിമ്പിക്സ് മാരത്തണ്‍ ട്രാക്കിലേക്ക് വളര്‍ന്ന താരം. ദക്ഷിണേഷ്യല്‍ ഗെയിംസില്‍ സ്വര്‍ണനേട്ടത്തിലേക്ക് കുതിച്ചത്തെിയാണ് കവിത റിയോ ടിക്കറ്റ് സ്വന്തമാക്കിയത്. ദീര്‍ഘദൂര ഓട്ടത്തില്‍ രാജ്യത്ത് തന്‍േറതായ സ്ഥാനം നേടിക്കഴിഞ്ഞ കവിത, കഴിവിന്‍െറ പരമാവധി പ്രകടനവുമായി ഒളിമ്പിക്സ് എന്ന സ്വപ്നനേട്ടത്തെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്. 

സാനിയ മിര്‍സ


കുതിക്കുകയാണ് സാനിയ. ടെന്നിസ് വനിത ഡബ്ള്‍സില്‍ മാര്‍ട്ടിന ഹിംഗിസിനൊപ്പം കഴിഞ്ഞ ഒരു വര്‍ഷമായി സ്വന്തമാക്കിയ നേട്ടങ്ങള്‍ക്ക് സമാനതകളില്ല. വിംബ്ള്‍ഡണ്‍, യു.എസ് ഓപണ്‍, ആസ്ട്രേലിയന്‍ ഓപണ്‍ എന്നിവ കൈയിലിരിക്കെ ഈ വര്‍ഷം ഫ്രഞ്ച് ഓപണും കൂടി നേടി ‘സാന്‍റിന സ്ളാം’ തികക്കാനും ഒളിമ്പിക്സ് സ്വര്‍ണമെന്ന സ്വപ്നം പൂവണിയിക്കാനുമുള്ള തയാറെടുപ്പിലാണ്.  

അപൂര്‍വി ചന്ദേല

റിയോ ഒളിമ്പിക്സിലെ ഷൂട്ടിങ് റെയ്ഞ്ചില്‍ ഇന്ത്യ കാത്തിരിക്കുന്ന ശുഭവാര്‍ത്തകളിലൊന്ന് അപൂര്‍വിയുടെ മെഡല്‍ നേട്ടത്തിന്‍േറതായിരിക്കും. കോമണ്‍വെല്‍ത്ത് ഗെയിംസിലെ സുവര്‍ണ നേട്ടം റിയോയിലും ആവര്‍ത്തിക്കാനാകുമെന്ന ആത്മവിശ്വാസം ഇതിനകം പ്രകടിപ്പിച്ച താരം, മുന്നൊരുക്ക ടൂര്‍ണമെന്‍റുകളില്‍ സ്വര്‍ണക്കുതിപ്പുമായി മുന്നേറുകയാണ്. 

ജോഷ്ന ചിന്നപ്പ, ദീപിക പള്ളിക്കല്‍

ഒളിമ്പിക്സില്‍ ഇടംപിടിക്കുന്നതില്‍ സ്ക്വാഷ് ഇത്തവണയും പരാജയപ്പെട്ടപ്പോള്‍ ഇന്ത്യക്ക് നഷ്ടമാവുക ജോഷ്ന ചിന്നപ്പയും ദീപിക പള്ളിക്കലും പോലുള്ള താരങ്ങള്‍ നല്‍കുന്ന മെഡല്‍ പ്രതീക്ഷയാണ്. ഇതിലുള്ള ദു$ഖം ദീപിക പങ്കുവെച്ചിരുന്നു. മറ്റു ടൂര്‍ണമെന്‍റുകളിലെ മികവുറ്റ പ്രകടനങ്ങളിലൂടെ ഈ നഷ്ടം മറികടക്കുകയാകും ഇന്ത്യയുടെ ടോപ് താരങ്ങളുടെ ഇനിയുള്ള ലക്ഷ്യം. 

സൈന നെഹ്വാള്‍

ലോക ബാഡ്മിന്‍റണിന്‍െറ നെറുകയില്‍ ഇന്ത്യന്‍ പതാക പാറിച്ച താരം. എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങള്‍ക്കുടമ. ലോക രണ്ടാം നമ്പര്‍ പദവിയിലിരിക്കെ റിയോ ഒളിമ്പിക്സില്‍ മെഡല്‍ എന്ന ലക്ഷ്യത്തില്‍ കുറഞ്ഞതൊന്നും സൈനയുടെ മുന്നിലില്ല. കഴിഞ്ഞ വര്‍ഷം വെള്ളിയിലൊതുങ്ങിയ ഓള്‍ ഇംഗ്ളണ്ട് ചാമ്പ്യന്‍ഷിപ്പില്‍ ഇത്തവണ സ്വര്‍ണമുത്തത്തിനായുള്ള കാത്തിരിപ്പിലാണ് സൈന. 

ടിന്‍റു ലൂക്ക

ട്രാക്കില്‍ ഇന്ത്യയുടെ പ്രധാന പ്രതീക്ഷയാണ് മലയാളികളുടെ സ്വന്തം ടിന്‍റു. 2012 ലണ്ടന്‍ ഒളിമ്പിക്സ് സെമിഫൈനല്‍ വരെ നടത്തിയ പ്രകടനത്തില്‍നിന്നും ഏറെമെച്ചപ്പെട്ടാണ് ടിന്‍റു റിയോയിലേക്ക് ഒരുങ്ങുന്നത്. 800 മീറ്ററില്‍ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലെ വെള്ളിയും വുഹാന്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണവുമായാണ് പി.ടി ഉഷയുടെ ശിഷ്യ ഒരുങ്ങുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.