ശിവ ഥാപ്പ ഒളിമ്പിക്സിന്; മേരി കോം പുറത്ത്

ക്വിയാന്‍ (ചൈന): ഇന്ത്യയുടെ ശിവ ഥാപ്പക്ക് ബോക്സിങ്ങില്‍ ഒളിമ്പിക്സ് യോഗ്യത. 56 കിലോ ഗ്രാം വിഭാഗത്തില്‍ ഏഷ്യന്‍ യോഗ്യതാ ടൂര്‍ണമെന്‍റിന്‍െറ ഫൈനലിലത്തെിയതോടെയാണ് ശിവ റിയോ ഡെ ജനീറോയിലേക്ക് ടിക്കറ്റ് സ്വന്തമാക്കിയത്. എന്നാല്‍, സൂപ്പര്‍ താരം എം.സി. മേരികോം 51 കിലോ വിഭാഗത്തില്‍ സെമിയില്‍ തോറ്റതോടെ ഇത്തവണത്തെ ഒളിമ്പിക്സ് പ്രതീക്ഷ അസ്തമിച്ചു.കസാഖ്സ്താന്‍െറ കൈരാത്ത് യെരാലിയേവിനെ സെമിയില്‍ തകര്‍ത്താണ് 22 കാരനായ ശിവ ഥാപ്പ തന്‍െറ രണ്ടാം ഒളിമ്പിക് യോഗ്യത സ്വന്തമാക്കിയത്. വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ രണ്ടാം സീഡായ തായ്ലന്‍ഡിന്‍െറ ചട്ചായ് ബുത്ദീയാണ് ഒന്നാം സീഡായ ശിവയുടെ എതിരാളി. ലണ്ടന്‍ ഒളിമ്പിക്സില്‍ ഏറ്റവും പ്രായം കുറഞ്ഞ ബോക്സര്‍ എന്ന പദവിയുമായായിരുന്നു ശിവ ഥാപ്പ മത്സരിച്ചിരുന്നത്. റിയോ ഒളിമ്പിക്സിനുള്ള അവസാന യോഗ്യതാ മത്സരമാണിത്.
ഈ നേട്ടത്തിന് ദൈവത്തിന് നന്ദി പറയുകയാണെന്ന് ശിവ പറഞ്ഞു. ‘ഈ മത്സരത്തിനായി ശരിക്കും കഠിനമായ പരിശീലനത്തിലായിരുന്നു ഞാന്‍. ഇതെനിക്ക് സുപ്രധാന മത്സരമായിരുന്നു.’ -അദ്ദേഹം പറഞ്ഞു. ഫൈനലിനുമുമ്പ് കാര്യമായ വിശ്രമദിനമില്ല. പരിശീലകരോട് അതിയായ നന്ദിയുണ്ട്. ഒളിമ്പിക് മെഡല്‍ സ്വന്തമാക്കി പ്രതീക്ഷകള്‍ നിറവേറ്റാന്‍ ശ്രമിക്കുമെന്നും മണിപ്പുര്‍ താരം വ്യക്തമാക്കി. ശിവയുടെ നേട്ടത്തെ മുഖ്യകോച്ച് ഗുര്‍ബക്ഷ് സിങ് സന്ധു പ്രകീര്‍ത്തിച്ചു. ‘വ്യക്തമായ പദ്ധതിയോടെയും മുന്‍തൂക്കത്തോടെയുമുള്ള  പ്രകടനമായിരുന്നു ശിവ ഥാപ്പയുടേത്. പക്വതയാര്‍ന്ന താരമായി ശിവ വളര്‍ന്നതിന്‍െറ തെളിവാണ് ഈ പോരാട്ടം’ -സന്ധു പറഞ്ഞു.
അതേസമയം, ലണ്ടന്‍ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേത്രിയായ മേരികോമിന്‍െറ തോല്‍വി ഇന്ത്യന്‍ ക്യാമ്പില്‍ ഞെട്ടലുളവാക്കി. ചൈനയുടെ റെന്‍ കാന്‍കാനാണ് അഞ്ചുവട്ടം ലോകജേത്രിയായ മേരിയെ മലര്‍ത്തിയടിച്ചത്. ഇതോടെ ടൂര്‍ണമെന്‍റില്‍ മേരി വെങ്കല മെഡലിലൊതുങ്ങി. പുരുഷന്മാരില്‍ ദേവേന്ദ്രോ സിങ് 49 കിലോയില്‍ മംഗോളിയയുടെ റോജന്‍ ലാഡനോട് തോറ്റ് സെമിയില്‍ പുറത്തായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.