ഖല്‍ബിലെ തീയണച്ച് ഹനാന്‍െറ ദീപശിഖാ പ്രയാണം

ബ്രസീലിയ: ഒളിമ്പിക്സ് എന്ന ലോക കായികമാമാങ്കത്തിന് രാജ്യത്തിന്‍െറയും വംശത്തിന്‍െറയും അതിരുകളില്ളെന്ന് തെളിയിച്ച് ഹനാന്‍ ഖാലിദ് ഡക്കായുടെ ദീപശിഖാ പ്രയാണം. റിയോ ഒളിമ്പിക്സിന് മൂന്നു മാസം മാത്രം ബാക്കിനില്‍ക്കെയാണ് രാജ്യതലസ്ഥാനമായ ബ്രസീലിയയിലെ വീഥികളിലൂടെ 12കാരി ഹനാന്‍ ദീപശിഖയുമായി കുതിച്ചത്. യുദ്ധം കീറിപ്പറിച്ച സിറിയയില്‍നിന്ന് അഭയാര്‍ഥിയായാണ് ഹനാനും കുടുംബവും കഴിഞ്ഞ വര്‍ഷം ബ്രസീലിലത്തെിയത്. സാവോപോളോയിലെ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയാണ് ഈ കൊച്ചുമിടുക്കി. അഭയാര്‍ഥികള്‍ക്കുള്ള പ്രത്യേക വിസ പദ്ധതി പ്രകാരമാണ് ഈ പെണ്‍കുട്ടി രാജ്യത്തത്തെിയത്. ആറു കോടിയോളം അഭയാര്‍ഥികളോട്, ‘ഞങ്ങളുണ്ട് കൂടെ’ എന്ന ആശ്വാസവചനംപോലെയാണ് ഈ ദീപപ്രയാണമെന്ന് സംഘാടകര്‍ പറഞ്ഞു.
‘ഒളിമ്പിക് ദീപശിഖയേന്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല’ -ഹനാന്‍ പറഞ്ഞു. ജീവിതത്തിലെ അനര്‍ഘനിമിഷമാണിതെന്നും താന്‍ ബ്രസീലുകാരിയായതുപോലെ തോന്നുന്നെന്നും അവള്‍ പറയുന്നു. എല്ലാ അഭയാര്‍ഥികള്‍ക്കും യുദ്ധമില്ലാതെ സുഹൃത്തുക്കള്‍ക്കൊപ്പം ജീവിക്കാനാകുന്ന സമാധാനം നേരുന്നുവെന്നും ഹനാന്‍ പറഞ്ഞു.

വടക്കുപടിഞ്ഞാറന്‍ സിറിയയില്‍നിന്നാണ് ഹനാനും കുടുംബവും ബ്രസീലിലേക്ക് കുടിയേറിയത്. സുഹൃത്തുക്കളെ സിറിയയില്‍നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചതിന് പിതാവിനെ ജയിലിലടച്ചിരുന്നു. പിന്നീട് ജയില്‍മോചിതനായ പിതാവും മറ്റു ബന്ധുക്കള്‍ക്കുമൊപ്പം രണ്ടര വര്‍ഷത്തോളം ജോര്‍ഡനിലെ സാത്താരിയിലെ അഭയാര്‍ഥി ക്യാമ്പിലായിരുന്നു. കഴിഞ്ഞ വര്‍ഷം ബ്രസീല്‍ സര്‍ക്കാര്‍ 8000ത്തോളം സിറിയന്‍ അഭയാര്‍ഥികളെ ഇവിടെ എത്തിച്ചപ്പോള്‍ ഹനാനും പുതിയൊരു ജീവിതമായി.
മാതാപിതാക്കള്‍ക്കും ചേട്ടനും അനിയത്തിക്കുമൊപ്പമാണ് താമസം. സാവോപോളോയിലെ ചെറിയ അപ്പാര്‍ട്മെന്‍റില്‍ അമ്മാവനും നാല് കസിന്‍സും കൂട്ടായുണ്ട്. ഹനാന്‍െറ മാതാവ് യുസ്ര ഒരു കുഞ്ഞുവാവയെ കാത്തിരിക്കുകയാണ്.

ബ്രസീലില്‍ നിരവധി കൂട്ടുകാരികളുള്ള ഹനാന്‍ നന്നായി പോര്‍ചുഗീസ് ഭാഷയും സംസാരിക്കും. ഒളിമ്പിക് ദീപശിഖയേന്തിയതില്‍ കൂട്ടുകാരികള്‍ക്കായിരിക്കും ഏറ്റവും സന്തോഷമെന്നാണ് ഈ മിടുക്കിയുടെ അഭിപ്രായം. തിരിച്ച് സ്കൂളിലത്തെിയാല്‍ വിശേഷങ്ങള്‍ ഏറെ പറയാനുണ്ട് ഹനാന്. രാജ്യത്തെ പ്രമുഖ കായികതാരങ്ങളും ദീപശിഖാപ്രയാണത്തില്‍ പങ്കെടുത്തു.ഗ്രീസിലെ ആതന്‍സില്‍വെച്ച് മറ്റൊരു സിറിയന്‍ അഭയാര്‍ഥി ദീപശിഖയേന്തിയിരുന്നു. നീന്തല്‍താരമായ ഇബ്രാഹിം അല്‍ഹുസൈനാണ് ആദ്യം ഈ ഭാഗ്യം കിട്ടിയ അഭയാര്‍ഥി. ബോംബ് സ്ഫോടനത്തില്‍ കാലിന്‍െറ ഒരു ഭാഗം നഷ്ടപ്പെട്ട  ഇബ്രാഹിം അഭയാര്‍ഥികളുടെ ടീമില്‍ റിയോയില്‍ മത്സരിക്കുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.