ഒളിമ്പിക് ‘ഗുസ്തി’ കോടതിയിലേക്ക്

ന്യൂഡല്‍ഹി: 74 കിലോഗ്രാം ഗുസ്തി ഒളിമ്പിക്സ് യോഗ്യതയുമായി ബന്ധപ്പെട്ട് സുശീല്‍കുമാര്‍-നര്‍സിങ് യാദവ് പോരാട്ടം കോടതിയിലേക്ക്. റിയോ ഒളിമ്പിക്സ് യോഗ്യതക്കായി ട്രയല്‍സ് നടത്തണമെന്നാവശ്യപ്പെട്ട് സുശീല്‍കുമാര്‍ ഡല്‍ഹി ഹൈകോടതിയെ സമീപിക്കും. 74 കിലോഗ്രാം വിഭാഗത്തില്‍ യോഗ്യത നേടിയ നര്‍സിങ്ങുമായി ട്രയല്‍സ് നടത്തണമെന്നാണ് സുശീല്‍കുമാറിന്‍െറ ആവശ്യം. ആഗസ്റ്റില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ ചുമലിന് പരിക്കേറ്റതു കാരണം സുശീലിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത നര്‍സിങ് യാദവ് വെങ്കലമെഡല്‍ നേട്ടത്തോടെ യോഗ്യത ഉറപ്പിക്കുകയും ചെയ്തു. ഒരു വിഭാഗത്തില്‍നിന്ന് ഒരാള്‍ക്കു മാത്രമാണ് ഒളിമ്പിക്സില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്ത് മത്സരിക്കാനാകുക.
പരിക്ക് ഭേദപ്പെട്ട സുശീല്‍ ട്രയല്‍സ് നടത്തി യോഗ്യത പുനര്‍നിര്‍ണയിക്കണമെന്ന് ഇന്ത്യന്‍ റെസ്ലിങ് ഫെഡറേഷനോട് ആവശ്യപ്പെട്ടെങ്കിലും ഫെഡറേഷന്‍ അനുകൂല നിലപാടെടുത്തിരുന്നില്ല. പുറമെ, ബുധനാഴ്ച സോനിപത്തില്‍ ആരംഭിക്കുന്ന ഒളിമ്പിക്സ് യോഗ്യത നേടിയവര്‍ക്കായുള്ള പരിശീലന ക്യാമ്പിലും സുശീല്‍കുമാറിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. 2008 ബെയ്ജിങ് ഒളിമ്പിക്സില്‍ വെങ്കലവും 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ വെള്ളിയും നേടിയ താരമാണ് സുശീല്‍കുമാര്‍.
സുശീലിന്‍െറ ആവശ്യം അംഗീകരിച്ചാല്‍ മറ്റു താരങ്ങള്‍ക്കും ഇളവ് അനുവദിക്കേണ്ടിവരുമെന്നാണ് ഫെഡറേഷന്‍െറ നിലപാട്. ഫെഡറേഷന്‍ കേന്ദ്ര കായിക മന്ത്രാലയത്തോടും അഭിപ്രായം തേടിയിരുന്നു.  
കഴിഞ്ഞ രണ്ടു വര്‍ഷമായി എന്‍െറ ഒളിമ്പിക്സ് മെഡലിനായി ഫെഡറേഷനും സര്‍ക്കാറും ധാരാളം പണം ചെലവാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തിനായി എനിക്കെന്തെങ്കിലും തിരിച്ചുനല്‍കണം -സുശീല്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, സുശീല്‍കുമാറും നര്‍സിങ് യാദവും തമ്മിലുള്ള പ്രശ്നത്തില്‍ കേന്ദ്രം ഇടപെടില്ളെന്ന് കായിക മന്ത്രി സര്‍ബാനന്ദ സൊനോവാള്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം റെസ്ലിങ് ഫെഡറേഷന്‍േറതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.