ന്യൂഡല്‍ഹി: ഗുസ്തിയെന്നാല്‍ ഹരിയാനക്കാരനായ മഹാവീര്‍ ഫൊഗട്ടിന് ജീവനാണ്. രണ്ടു പെണ്‍മക്കളെ ഗോദയിലിറക്കി വാനോളമുയര്‍ത്തിയ മഹാവീറിന് ഇപ്പോള്‍ സന്തോഷിക്കണോ ദുഖിക്കണോ എന്നറിയാത്ത അവസ്ഥയാണ്. കാരണം രണ്ടു മക്കളില്‍ ഒരാള്‍ക്ക് ഒളിമ്പിക്സ് ടിക്കറ്റ് കിട്ടിയപ്പോള്‍ മറ്റേയാള്‍ക്ക് ലഭിച്ചില്ല.മൂത്തമകള്‍ ഗീത ഫൊഗട്ട് മുഖവുരയാവശ്യമില്ലാത്ത താരമാണ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് സ്വര്‍ണം നേടിത്തന്ന താരം. ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കലം നഷ്ടമായത് തലനാരിഴക്ക്. നിരവധി മെഡലുകള്‍. ഇങ്ങനെയൊക്കെയാണെങ്കിലും റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ ഗീതക്ക് യോഗ്യത ലഭിച്ചില്ല. 58 കിലോഗ്രാം വിഭാഗത്തിലായിരുന്നു ഗീത മത്സരിക്കേണ്ടിയിരുന്നത്. എന്നാല്‍, പ്രധാന യോഗ്യതാ മത്സരങ്ങളില്‍ തിളങ്ങാതെപോയ ഗീതയുടെ റിയോ സ്വപ്നങ്ങള്‍ ഏതാണ്ട് അവസാനിച്ചമട്ടാണ്. സാക്ഷി മല്ലിക്കാണ് ഈ വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുക.
ഈ ദു:ഖത്തെ മറികടക്കുന്നത് രണ്ടാമത്തെ മകളായ ബബിത കുമാരിയുടെ യോഗ്യതയാണ്. 53 കിലോഗ്രാം വിഭാഗത്തിലാണ് ബബിത ഗോദയിലിറങ്ങുക. അവള്‍ക്കൊപ്പം സഹോദരപുത്രി വിനേഷ് ഫൊഗട്ടും റിയോയിലേക്ക് സ്വര്‍ണം തേടി പറക്കുന്നുവെന്നത് കുടുംബത്തിനും മഹാവീറിനും ഇരട്ടിമധുരമാകുന്നു.
2014 ഗ്ളാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 55 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണ നേട്ടത്തോടെ ചേച്ചിയുടെ യഥാര്‍ഥ പിന്‍ഗാമിയാണെന്ന് ബബിത തെളിയിച്ചു. മഹാവീറിന്‍െറയും മക്കളായ ഗീത, ബബിത എന്നിവരുടെയും ജീവിതത്തെ ആസ്പദമാക്കി ആമിര്‍ ഖാന്‍ നായകനാകുന്ന ദന്‍ഗല്‍ എന്ന ചിത്രം അണിയറയില്‍ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.