പരിപാലിക്കാൻ കഴിയുന്നില്ല; ദീപ കർമാകർ ബി.എം.ഡബ്ല്യൂ കാർ മടക്കി നൽകുന്നു

അഗർത്തല∙ റിയോ ഒളിംപിക്സിൽ രാജ്യത്തിന്റെ അഭിമാനമായി മികച്ച പ്രകടനം കാഴ്ചവെച്ചതിന്​  സച്ചിൻ തെൻഡുൽക്കർ സമ്മാനിച്ച ബി.എം.ഡബ്ല്യൂ കാർ, ജിംനാസ്റ്റിക്സ് താരം ദിപ കർമാകർ മടക്കിനൽകുന്നു. കോടികൾ വിലമതിക്കുന്ന ആഡംബര കാറിന്റെ പരിപാലന ചെലവ് താങ്ങാനാവാത്തതിനാലാണ്​ മടക്കി നൽകാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ്​ റിപ്പോർട്ട്​.  കാറി​െൻറ യഥാർഥ ഉടമസ്ഥനായ ഹൈദരാബാദ്​ ബാഡ്​മിൻറൺ അസോസിയേഷൻ പ്രസിഡൻറ്​ വി.ചാമുണ്ഡേശ്വര നാഥിന്​മടക്കി നല്‍കാനാണ്​ ദീപയുടെയും കുടുംബാംഗങ്ങളുടെയും തീരുമാനം.  

റിയോ ഒളിംപിക്സ്​ വനിതകളുടെ ബാഡ്മിന്റൻ സിംഗിൾസിൽ വെള്ളി മെഡൽ നേടിയ പി.വി.സിന്ധു, വനിതാവിഭാഗം ഗുസ്തിയിൽ വെങ്കലം നേടിയ സാക്ഷി മാലിക്ക്, ജിംനാസ്റ്റിക്സിൽ നാലാം സ്ഥാനം നേടിയ ദിപ കർമാകർ എന്നിവർക്ക്​  ഹൈദരാബാദ് ബാഡ്മിന്റൻ അസോസിയേഷൻ ചാമുണ്ഡേശ്വര നാഥാണ് ബി.എം.ഡബ്ല്യൂ കാറുകൾ നൽകിയത്.  ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഹൈദരാബാദിൽ നടന്ന ചടങ്ങിൽ ക്രിക്കറ്റ് ഇതിഹാസം  സചിൻ തെന്‍ഡുൽക്കറാണ് ഇവർക്ക് കാർ സമ്മാനിച്ചത്.

ദീപയും കുടുംബവും താമസിക്കുന്ന   അഗർത്തല നഗരത്തിൽ ഇത്തരം ആഡംബര കാറുകൾ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടാണ് വാഹനം മടക്കി നൽകുന്നതിനുള്ള പ്രധാന കാരണം.  നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ വാഹനം ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന അറ്റകുറ്റപണികൾക്കും പരിപാലനത്തിനുമായി വൻതുക മുടക്കേണ്ടി വരുമെന്നതാണ്​ കാരണമായി ദീപയുടെ കുടുംബം ചൂണ്ടികാണിക്കുന്നത്​.

ജർമനിയിൽ നവംബറിൽ ആരംഭിക്കുന്ന  ചാലഞ്ചേഴ്സ് കപ്പ് ടൂർണമെൻറിൽ പ​െങ്കടുക്കുന്നതിനുള്ള പരിശീലനത്തിലായതിനാൽ ദീപക്ക്​ കാറിൽ ശ്രദ്ധ ചെലുത്താൻ സമയമില്ലെന്നും പരിപാലനത്തിന്​ സാമ്പത്തിക ശേഷിയില്ലെന്നുമാണ്​ ഇവർ ചൂണ്ടിക്കാട്ടുന്നത്​. എന്നാൽ, ഇതേക്കുറിച്ച് ദിപ കർമാകർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, കാർ മടക്കി നൽകാനുള്ള തീരുമാനം ദീപയുടെ മാത്രമല്ലെന്നും കുടുംബാംഗങ്ങളും താനും ചേർന്ന്​കൈകൊണ്ടതാണെന്നും പരിശീലകനായ ബിശ്വേശ്വർ നന്ദി വ്യക്തമാക്കി. അഗർത്തലയിൽ ബി.എം.ഡബ്ല്യൂ കാറിന്റെ സർവീസ് സെന്ററില്ലെന്നതും നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ കാറിന്​ ചേരുന്നതല്ലെന്നതുമായ കാരണങ്ങളാണ്​ മടക്കി നൽകുന്നതിന്​ പിറകിലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.