ദിപാ കർമാകർ ബി.എം.ഡബ്ല്യു കാർ തിരികെ നൽകുന്നു

അഗർത്തല: റിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ  ജേതാവ് ദിപാ കർമാകർ സമ്മാനമായി ലഭിച്ച ബി.എം.ഡബ്ല്യു കാർ തിരികെ നൽകുന്നു.  ഹൈദരാബാദ് ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ സമ്മാനമായി നൽകിയ ബി.എം.ഡബ്ല്യു കാറാണ് 'കൊണ്ട് നടക്കാൻ' ബുദ്ധിമുട്ടി തിരികെ നൽകുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനമായ ത്രിപുരയിൽ ആഢംബര കാറിൻെറ അറ്റകുറ്റപ്പണികൾക്ക് പ്രശ്നങ്ങൾ നേരിടുന്നതിനാലാണ് ദീപയുടെ തീരുമാനം.

ത്രിപുരയിൽ ബി.എം.ഡബ്ല്യു കാർ ഷോറൂമോ സേവന കേന്ദ്രമോ ഇല്ലാ. ഡ്രൈവിംഗ് സമയത്ത് ഏന്തെങ്കിലും സാങ്കേതിക പ്രശ്നം വന്നാൽ താൻ എന്തുചെയ്യും. അഗർത്തലയിലെ മലനിരകളിലെ റോഡുകൾ ഈ ആഡംബര കാർ ഒാടിക്കാൻ പറ്റിയതരത്തിലല്ല. സംസ്ഥാനത്തിന്റെ മറ്റ് സ്ഥലങ്ങളിൽ അനുയോജ്യമായ റോഡുകൾ ഉണ്ടെന്നും ദീപ ഐ.എ.എൻ.എസ് വാർത്താ എജൻസിയോട് വ്യക്തമാക്കി.

ബി.എം.ഡബ്ല്യു സമ്മാനിച്ച ഹൈദരാബാദ് ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് വി.ചാമുണ്ഡേശ്വരനാഥുമായി തൻെറ കോച്ച് ബിശേശ്വർ പ്രശ്നം ചർച്ച ചെയ്തതായും തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ബി.എം.ഡബ്ല്യു കാറിന് തുല്യമായ പണം നിക്ഷേപിക്കാൻ അദ്ദേഹം സമ്മതിച്ചതായും ദീപ വ്യക്തമാക്കി. ഈ തീരുമാനം സ്വയം  എടുത്തതല്ലെന്നും കോച്ചിനെക്കൂടാതെ തൻെറ മാതാപിതാക്കളുമായും മറ്റു കുടുംബാംഗങ്ങളും ഒറ്റക്കെട്ടായി തീരുമാനിച്ചതാണെന്നും ദീപ പറഞ്ഞു. ഒരു മാസം അകലെ ജർമ്മനിയിൽ നടക്കുന്ന ചലഞ്ചേഴ്സ് കപ്പിനായുള്ള ഒരുക്കത്തിലാണെന്നും കാർ വിഷയം ശ്രദ്ധിക്കേണ്ടതില്ലെന്ന് കോച്ച് ഉപദേശിച്ചതായും ദീപ അറിയിച്ചു.

ജിംനാസ്റ്റ്  ഇനത്തിൽ ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ വനിതയാണ് 23 കാരിയായ ദീപ. റിയോ ഒളിമ്പിക്സ് വനിതാ ഫൈനലിൽ നാലാം സ്ഥാനത്തെത്തി ദീപ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.  ദീപയെക്കൂടാതെ ബാഡ്മിന്റൺ താരം പി.വി. സിന്ധു, ഗുസ്തി  താരം സാക്ഷി മാലിക്, സിന്ധുവിൻെറ പരിശീലകൻ പുല്ലേല ഗോപിചന്ദ് എന്നിവർക്കും ബി.എം.ഡബ്ല്യു കാർ സമ്മാനമായി ലഭിച്ചിരുന്നു. റിയോ ഒളിംപിക്സിൽ ഇന്ത്യയുടെ ഗുഡ്വിൽ അംബാസഡറായിരുന്ന ക്രിക്കറ്റ് ഇതിഹാസം  സച്ചിൻ ടെണ്ടുൽക്കറാണ് ഇവർക്ക് കാറുകളുടെ താക്കോലുകൾ കൈമാറിയത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.