ഇന്ത്യയുടെ പൊന്നപ്പൻ

കോയമ്പത്തൂര്‍: ജീവിതം താങ്ങിനിര്‍ത്തേണ്ട വലതുകാല്‍ അഞ്ചാം വയസ്സില്‍ ഒരു ബസപകടത്തോടെ നഷ്ടമായി. ഒറ്റക്കാലില്‍ പുതു സ്വപ്നങ്ങളിലേക്ക് പിച്ചവെച്ചുതുടങ്ങുമ്പോഴേക്കും മാരിയപ്പനെയും സഹോദരങ്ങളെയും അമ്മയെയും ഉപേക്ഷിച്ച് അച്ഛന്‍ നാടുവിട്ടു. ബാല്യം തന്നെ പരീക്ഷണങ്ങളുടെ തീച്ചൂളയിലെറിയപ്പെട്ടതായിരുന്നു മാരിയപ്പന്‍ തങ്കവേലുവിന്‍െറ ജീവിതം. പക്ഷേ, ഓരോ വെല്ലുവിളിയും വിജയങ്ങളിലേക്കുള്ള ചവിട്ടുപടിയാക്കിയവന്‍ ഒടുവില്‍ രാജ്യത്തിന്‍െറ അഭിമാനമായി. പാരാലിമ്പിക്സ് അത്ലറ്റിക് വേദിയായ റിയോ ഡെ ജനീറോയിലെ ജോ ഹാവെലാഞ്ചോ സ്റ്റേഡിയത്തില്‍ സ്വര്‍ണമെഡലണിഞ്ഞ് നെഞ്ചില്‍ കൈവെച്ച് ദേശീയ ഗാനം ഏറ്റുചൊല്ലി ദേശീയ നായകനാവുമ്പോള്‍ വിജയിക്കുന്നത് കീഴടക്കാനൊരുക്കമല്ലാത്ത മനസ്സാന്നിധ്യം.
തമിഴ്നാട്ടിലെ സേലത്തുനിന്ന് 50 കിലോമീറ്റര്‍ അകലെ ഓമല്ലൂരിലെ പെരിയവടക്കംപട്ടിയെന്ന കുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന മാരിയപ്പന്‍ അതുല്യ നേട്ടത്തിലേക്ക് ചാടിവീണത് നിരന്തര പ്രയത്നത്തിലൂടെ. തങ്കവേലു-സരോജ ദമ്പതികളുടെ നാലുമക്കളില്‍ മൂത്തവന്‍. സ്വകാര്യ ഇഷ്ടിക നിര്‍മാണ കേന്ദ്രത്തില്‍ തൊഴിലാളിയായ പിതാവ് തങ്കവേലു കുടുംബവുമായി വേര്‍പിരിഞ്ഞ് പോയതോടെ മാതാവ് സരോജക്ക് പച്ചക്കറി കച്ചവടത്തിലൂടെ ലഭിക്കുന്ന തുച്ഛവരുമാനത്തിലായിരുന്നു രണ്ടു പെണ്‍മക്കള്‍ ഉള്‍പ്പെടുന്ന കുടുംബത്തിന്‍െറ ജീവിതം. താമസം വാടകവീട്ടിലും.

1995 ജൂണ്‍ 28ന് ജനിച്ച മാരിയപ്പന് അഞ്ചു വയസ്സുള്ളപ്പോഴാണ് ബസപകടത്തില്‍ വലതുകാലിന് ഗുരുതരമായി പരിക്കേറ്റത്. സ്കൂളിലേക്ക് പോകവെ നിയന്ത്രണംവിട്ട ബസിടിച്ച് കാല്‍മുട്ടിനുതാഴെ വളര്‍ച്ച മുരടിക്കുകയായിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസില്‍ ഇപ്പോഴും കോടതിവിധി വന്നിട്ടില്ല. ചികിത്സക്കു വാങ്ങിയ മൂന്നു ലക്ഷം രൂപ വായ്പ ഇനിയും അടച്ചുതീര്‍ക്കാനാവാതെ കഷ്ടപ്പെടുന്നു. ഓമല്ലൂര്‍ ഗവ. സ്കൂളില്‍ പഠിക്കവെ വോളിബാളിലായിരുന്നു മാരിയപ്പന് താല്‍പര്യം. എന്നാല്‍, കായികാധ്യാപകനായ രാജേന്ദ്രനാണ് ഹൈജംപിലുള്ള കഴിവ് തിരിച്ചറിഞ്ഞത്. സ്കൂള്‍ വിദ്യാഭ്യാസ കാലയളവില്‍ പൂര്‍ണ ആരോഗ്യവാന്മാരായ കുട്ടികളോടൊപ്പം ജില്ലാ-സംസ്ഥാനതലങ്ങളില്‍ മത്സരിച്ച് സമ്മാനങ്ങള്‍ വാരിക്കൂട്ടി. സ്കൂളിലെ അധ്യാപകരും സഹപാഠികളും ഗ്രാമീണരും നല്‍കിയ ചെറുതും വലുതുമായ സാമ്പത്തിക സഹായത്തോടെയാണ് വിവിധ മത്സരങ്ങളില്‍ പങ്കെടുത്തത്. അവധിദിനങ്ങളില്‍ കെട്ടിടനിര്‍മാണ ജോലിക്ക് പോയി മാരിയപ്പന്‍ അമ്മയെയും സഹായിച്ചു.

കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയിലും സേലത്തെ സ്വകാര്യ കോളജില്‍നിന്ന് ബി.ബി.എ പൂര്‍ത്തിയാക്കി. 2013ലെ ദേശീയ പാരാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പാണ് മാരിയപ്പന്‍െറ കായികജീവിതത്തില്‍ വഴിത്തിരിവായത്. പിന്നീട് ബംഗളൂരുവിലെ ഇന്ത്യന്‍ പാരാലിമ്പിക്സ് കമ്മിറ്റി അക്കാദമിയിലെ കോച്ച് സത്യനാരായണയുടെ കീഴിലായി പരിശീലനം. മൂന്നു വര്‍ഷത്തെ കഠിന പരിശീലനം വഴി ദേശീയ-അന്താരാഷ്ട്രതല ചാമ്പ്യന്‍ഷിപ്പുകളില്‍ മാരിയപ്പന് തിളങ്ങാനായി. 2015ല്‍ ഹൈജംപില്‍ ലോക ഒന്നാം നമ്പറുകാരനായി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തുനീഷ്യയില്‍ നടന്ന ഐ.പി.എല്‍ ഗ്രാന്‍ഡ്പ്രിക്സ് ഹൈജംപില്‍ 1.78 മീറ്റര്‍ ഉയരം ചാടി റിയോ പാരാലിമ്പിക്സിന് യോഗ്യത നേടുമ്പോഴും മാരിയപ്പന്‍ വലിയ സ്വപ്നങ്ങള്‍ നെയ്തിരുന്നില്ല. റിയോയിലേക്കുള്ള ഒരുക്കത്തിനിടെ ബി.ബി.എ പൂര്‍ത്തിയാക്കി ജോലി അന്വേഷണത്തിലായിരുന്നു.

പാരാലിമ്പിക്സില്‍ വേദനകളെല്ലാം മറന്ന് ഒറ്റക്കാലില്‍ കുതിച്ചുചാടി സ്വര്‍ണമണിഞ്ഞതോടെ മാരിയപ്പന്‍െറ ജീവിതവും മാറുകയാണ്. അഭിനന്ദനപ്രവാഹങ്ങള്‍ക്കൊപ്പം പാരിതോഷികങ്ങളും ഒഴുകിയത്തെി. പാരാ ഒളിമ്പിക്സില്‍ സ്വര്‍ണം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാവുമ്പോഴും ജീവിക്കാന്‍ സ്വന്തമായി ഒരു ജോലിയാണ് മാരിയപ്പന്‍െറ ആഗ്രഹം. ഇതിലൂടെ കുടുംബത്തിന്‍െറ ദാരിദ്ര്യമകറ്റാനാവുമെന്ന് 21കാരന്‍ മനസ്സുതുറക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.