ന്യൂഡല്‍ഹി: നര്‍സിങ് യാദവിനെ ഒളിമ്പിക്സ് ഗോദയില്‍നിന്ന് വിലക്കിയ മരുന്നടി സംഭവത്തിന്‍െറ നേര് ചികയാന്‍ ഇനി സി.ബി.ഐ. പ്രധാനമന്ത്രിയുടെ ഓഫിസാണ് കേസ് സി.ബി.ഐക്ക് വിട്ടത്. അഖിലേന്ത്യ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് പ്രധാനമന്ത്രിയെ നേരില്‍ കണ്ടു നടത്തിയ അഭ്യര്‍ഥനയെ തുടര്‍ന്നാണ് അന്വേഷണ ഏജന്‍സിയെ ഏല്‍പിക്കാന്‍ തീരുമാനിച്ചത്.
ഉത്തേജകം ഉപയോഗിച്ച കുറ്റത്തിന് നര്‍സിങ്ങിനെതിരെ നാലു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. റിയോ ഒളിമ്പിക്സിന് 20 ദിവസം മാത്രം ശേഷിക്കെയാണ് ഇന്ത്യയുടെ ഏറ്റവും ശക്തമായ മെഡല്‍ പ്രതീക്ഷയായിരുന്ന നര്‍സിങ് പഞ്ചം യാദവിന്‍െറ മൂത്രത്തില്‍ നിരോധിത മരുന്നിന്‍െറ അംശം കണ്ടത്തെിയത്. സംഭവത്തിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഭക്ഷണത്തിലോ പാനീയത്തിലോ നിരോധിത മരുന്ന് കലര്‍ത്തി കുടുക്കിയതാണെന്നുമായിരുന്നു നര്‍സിങ് യാദവ് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്. സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് നര്‍സിങ്ങും ഗുസ്തി ഫെഡറേഷനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തന്‍െറ വാദം സമര്‍ഥിക്കാന്‍ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ നര്‍സിങ്ങിന് കഴിഞ്ഞില്ല.
ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) നല്‍കിയ ക്ളീന്‍ ചിറ്റുമായി ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ റിയോയില്‍ എത്തിയെങ്കിലും ലോക ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) എതിര്‍ത്തതോടെയാണ് കേസ് ആര്‍ബിട്രേഷന്‍ കോടതിയില്‍ എത്തിയത്. ഇവിടെയും വിധി പ്രതികൂലമായതോടെ നാലു വര്‍ഷത്തെ വിലക്കിന് വിധേയനായ നര്‍സിങ്ങിന്‍െറ ഒളിമ്പിക്സ് സ്വപ്നം പൊലിയുകയായിരുന്നു.
നര്‍സിങ് ആരോപിക്കുന്ന അട്ടിമറി ഇന്ത്യയിലെ ഏതെങ്കിലും ക്രിമിനല്‍ കോടതി സ്ഥിരീകരിച്ചാല്‍ വിലക്കിനെതിരെ സ്വിറ്റ്സര്‍ലന്‍ഡിലെ സുപ്രീം കോടതിയില്‍ റിവ്യൂ ഹരജി നല്‍കാമെന്ന് റിയോയില്‍ നടന്ന വാദം കേള്‍ക്കലിനിടയില്‍ വാഡ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.