ദേശീയ സ്കൂള്‍ കായിക മേള; ഒരുമിച്ച് നടത്താനില്ലെന്ന് മഹാരാഷ്ട്ര; കേരളം തയാര്‍

കോഴിക്കോട്: ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റ് മുന്‍കാലങ്ങളിലെപ്പോലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ച് നടത്തണമെന്ന കേരളത്തിന്‍െറയും മുന്‍കാല താരങ്ങളുടെയും ആവശ്യം മഹാരാഷ്ട്ര സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ തള്ളി. സമയമായിട്ടും മീറ്റിന്‍െറ തീയതി പ്രഖ്യാപിക്കാന്‍ വിസമ്മതിച്ച മഹാരാഷ്ട്ര മേള ഒരുമിച്ച് നടത്തണമെന്ന് നിര്‍ബന്ധിക്കുന്ന സാഹചര്യത്തില്‍ ആതിഥേയത്വംതന്നെ ഉപേക്ഷിക്കാന്‍ തയാറെടുക്കുകയാണ്്.  മഹാരാഷ്ട്ര തീരുമാനത്തില്‍ ഉറച്ചുനിന്നാല്‍ ദേശീയ സ്കൂള്‍കായിക മേള ഏറ്റെടുക്കാന്‍ കേരളം സന്നദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് ‘മാധ്യമ’ത്തോട് പറഞ്ഞു. 2009ലാണ് കേരളം അവസാനമായി ദേശീയ സ്കൂള്‍ കായികമേളക്ക് ആതിഥേയത്വം വഹിച്ചത്.

അതിനിടെ, 61ാമത് ദേശീയ സ്കൂള്‍ കായിക മേള ഏറ്റെടുക്കാനുള്ള സന്നദ്ധത ആരാഞ്ഞ് സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന ഫെഡറേഷനുകള്‍ക്ക് കത്തയച്ചിട്ടുമുണ്ട്. പുതിയ സാഹചര്യത്തില്‍ ജനുവരി മൂന്നാം വാരം കായികമേളക്ക് തിരുവനന്തപുരം വേദിയാവുമെന്നാണ് സൂചന. ആണ്‍കുട്ടികള്‍ക്ക് ഡിസംബര്‍ അവസാന വാരം പുണെയിലും പെണ്‍കുട്ടികള്‍ക്ക് ജനുവരി രണ്ടാം വാരം നാസിക്കിലുമായി മത്സരം നടത്താനുള്ള മഹാരാഷ്ട്രയുടെ തീരുമാനത്തെ കേരളം എതിര്‍ത്തിരുന്നു. ഇതുസംബന്ധിച്ച് കേരള സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ കഴിഞ്ഞ ദിവസം സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്ക് കത്തയക്കുകയും ചെയ്തു. കായിക രംഗത്തെ ലിംഗസമത്വം ചോദ്യംചെയ്യപ്പെടും വിധമുള്ള തീരുമാനത്തെ എതിര്‍ത്ത് ഒളിമ്പ്യന്‍ പി.ടി. ഉഷ രംഗത്തത്തെിയതോടെയാണ് ദേശീയ മേള വിഭജിച്ച് നടത്താനുള്ള തീരുമാനത്തില്‍നിന്ന് സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പിന്നോട്ടുപോയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര കായിക മന്ത്രാലയത്തിനും ഉഷ കത്തയച്ചിരുന്നു.നേരത്തേ നിശ്ചയിച്ച രീതിയില്‍ മേള വിഭജിച്ച് നടത്താന്‍ മഹാരാഷ്ട്ര ഇപ്പോഴും തയാറാണെന്നും അല്ലാത്തപക്ഷം ആതിഥേയത്വം ഏറ്റെടുക്കാന്‍ നിര്‍വാഹമില്ളെന്നുമാണ് മഹാരാഷ്ട്ര സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍െറ മറുപടി.

ഈ സാഹചര്യത്തില്‍ മഹാരാഷ്ട്രക്കാരുമായി ഒരിക്കല്‍ക്കൂടി സംസാരിക്കുമെന്നും അവര്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നപക്ഷം കേരളം കായികമേള ഏറ്റെടുക്കുമെന്നും മന്ത്രി അബ്ദുറബ്ബ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് ചൊവ്വാഴ്ച നിയമസഭാ സമ്മേളനത്തിനിടെ മുഖ്യമന്ത്രിയുമായും കായിക മന്ത്രിയുമായും ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കും. കായികമേള നടത്താനുള്ള എല്ലാ സൗകര്യങ്ങളും കേരളത്തിലുണ്ടെന്നും ഫണ്ട് ഒന്നിനും തടസ്സമാവില്ളെന്നും മന്ത്രി ചൂണ്ടിക്കാട്ടി.സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുത്താല്‍ മേളക്ക് സൗകര്യമൊരുക്കാന്‍ തടസ്സങ്ങളൊന്നുമില്ളെന്ന് സംസ്ഥാന സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഡയറക്ടര്‍ ചാക്കോ ജോസഫ് പറഞ്ഞു. സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ ആതിഥേയത്വം വഹിക്കാനുള്ള സന്നദ്ധതയറിയിച്ച് കത്തയക്കും.

ദേശീയ സ്കൂള്‍ കായികമേളക്ക് പുണെ മുമ്പ് വേദിയായിട്ടുണ്ടെങ്കിലും ഇത്തവണ മൂവായിരത്തോളം കായിക താരങ്ങള്‍ക്കും ഒഫിഷ്യലുകള്‍ക്കും താമസമടക്കമുള്ള സൗകര്യമൊരുക്കാനുള്ള പ്രയാസം ചൂണ്ടിക്കാട്ടിയാണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ മേള നടത്താന്‍ മഹാരാഷ്ട്ര തീരുമാനമെടുത്തത്.
അതേസമയം, ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളം പുലര്‍ത്തുന്ന ആധിപത്യം അവസാനിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് പുതിയ നീക്കത്തിന് പിന്നിലെന്ന് വിമര്‍ശമുയരുകയും ചെയ്തു.

പെണ്‍കുട്ടികളുടെ മികവിലാണ് കേരളം എല്ലായ്പോഴും ഓവറോള്‍ കിരീടം നേടിയിരുന്നത്.ദേശീയ മീറ്റ് സാധാരണഗതിയില്‍ ഡിസംബര്‍ അവസാന വാരമോ ജനുവരി ആദ്യമോ ആണ് സംഘടിപ്പിക്കാറ്. ഇത്തവണ കേരളം ആതിഥേയത്വം ഏറ്റെടുത്താല്‍ ജനുവരി മൂന്നാം വാരത്തോടെ മീറ്റ് നടത്താനാവുമെന്നാണ് കണക്കുകൂട്ടല്‍.ഈ വര്‍ഷമാദ്യം ദേശീയ ഗെയിംസിന് പ്രധാന വേദിയായ തിരുവനന്തപുരത്തെ മികച്ച സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനാവും തീരുമാനം. തുടര്‍ച്ചയായി രണ്ടാം തവണയും ആതിഥേയത്വം വഹിച്ച റാഞ്ചിയില്‍ തദ്ദേശ തെരഞ്ഞെടുപ്പായതിനാല്‍ കഴിഞ്ഞ വര്‍ഷം ജനുവരി മൂന്നാം വാരമാണ് മീറ്റ് നടന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.