കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ പോൾവാൾട്ടിൽ കോട്ടയത്തിന്‍റെ മരിയ ജെയ്സന് ദേശീയ റെക്കോർഡോടെ സ്വർണം. ദേശീയ റെക്കോർഡിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ച മരിയ മീറ്റ് റെക്കോർഡും മറികടന്നു. കേരളത്തിന്‍റെ തന്നെ സിഞ്ജു പ്രകാശ് കുറിച്ച 3.05 റെക്കോർഡ് 3.42 മീറ്റർ ചാടിയാണ് മരിയ തിരുത്തികുറിച്ചത്. കോട്ടയം പാലാ സെന്‍റ് മേരീസ് എച്ച്.എസ്.എസിലെ വിദ്യാർഥിയാണ്.
റാഞ്ചിയിൽ നടന്ന ദേശീയ ജൂനിയർ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇതേ ഇനത്തിൽ ദേശീയ റെക്കോഡും മീറ്റ് റെക്കോഡും മരിയ തിരുത്തിക്കുറിച്ചിരുന്നു. സിഞ്ജു പ്രകാശ് 2013ല്‍ കുറിച്ച 3.40 മീ. എന്ന ഉയരമാണ് ഭേദിച്ചത്. കൂടാതെ, സ്വന്തം പേരിലെ ദേശീയ ജൂനിയര്‍ റെക്കോഡ് (3.65) മരിയ 3.70 മീറ്റർ ചാടി മറികടന്നിരുന്നു. 12 വര്‍ഷം പഴക്കമുള്ള ഫെഡറേഷന്‍ കപ്പ് ജൂനിയര്‍ മീറ്റ് റെക്കോഡ് ഹൈദരാബാദില്‍ മരിയ തിരുത്തിയത് മൂന്നു മാസം മുമ്പായിരുന്നു.
ജൂനിയർ വിഭാഗം 100 മീറ്റർ ഒാട്ടത്തിൽ തൃശൂർ നാട്ടിക ഫഷറീസ് സ്കൂളിലെ പി. ഡി അഞ്ജലിയും സബ് ജൂനിയർ വിഭാഗം 100 മീറ്റർ ഒാട്ടത്തിൽ കൊല്ലം സായിലെ അലൻ ചാർളി ചെറിയാനും സ്വർണം നേടി.
കായികമേളയുടെ രണ്ടാം ദിനത്തിൽ സബ് ജൂനിയർ പെൺകുട്ടികളുടെ ഡിസ്കസ്ത്രോയിൽ തൃശൂരിന്‍റെ അതുല്യക്ക് റെക്കോർഡോടെ സ്വർണം നേടി. തിരുവനന്തപുരം സായിയിലെ മേഘ മറിയ മാത്യു ഇരട്ട സ്വർണം തികച്ചു. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടിലും ഡിസ്‌ക്കസ് ത്രോ (33.65 മീറ്റര്‍)യിലുമായിരുന്നു മേഘയുടെ ഡബിള്‍സ്. കോതമംഗലം ബാര്‍ ബേസിലിലെ ശരണ്യ (29.46 മീറ്റര്‍) വെള്ളിയും കോഴിക്കോട് പുല്ലൂരാംപാറ സെന്‍റ് ജോസഫ്‌സിലെ മരിയ തോമസ് (28.02 മീറ്റര്‍) വെങ്കലവും നേടി.
മെഡൽ പട്ടികയിൽ എറണാകുളം-74, പാലക്കാട്-55, കോഴിക്കോട്-34 പോയൻറുമായി ആദ്യ മൂന്ന് സ്ഥാനങ്ങളിൽ മുന്നേറുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.