ഇനിയെങ്കിലും കാണാതെപോകരുത് സായൂജിന്‍െറ നേട്ടം


കോഴിക്കോട്: ഒരുവീടെന്ന സ്വപ്നത്തിനായി സായൂജ് ഓടുന്നത് ഇനിയെങ്കിലും അധികൃതര്‍ കാണണം. ജില്ലാ കായികമേളയില്‍ സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായിരുന്ന കോഴിക്കോട് കൂരാചുണ്ട് സെന്‍റ് തോമസ് എച്ച്.എസിലെ ടി.കെ. സായൂജ് സംസ്ഥാന കായികമേളയില്‍ ആദ്യദിനം 400 മീറ്ററില്‍ സ്വര്‍ണംനേടി. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ മുന്നിട്ടുനിന്ന കോതമംഗലം സെന്‍റ് ജോര്‍ജ് എച്ച്.എസ്.എസിന്‍െറ വാരിഷ് ബോഗിമായുമിനെ അവസാനനിമിഷങ്ങളില്‍ പിന്തള്ളിയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒന്നാമനായത്.
എറണാകുളത്തിന്‍െറയും പാലക്കാടിന്‍െറയും താരനിരയെ നിഷ്പ്രഭമാക്കി ആതിഥേയ ടീമിന് അഭിമാനമാകുകയായിരുന്നു ആദ്യദിനം സായൂജ്. മുമ്പ് ഫുട്ബാള്‍ താരമായിരുന്ന സായൂജ് ഈവര്‍ഷം മുതലാണ് ട്രാക്കിലിറങ്ങുന്നത്. ട്രാക്കില്‍ ഒരോ ചുവടുവെക്കുമ്പോഴും സായൂജിന്‍െറ മനസ്സില്‍ തെളിയുക വീട്ടിലെ സങ്കടങ്ങളാണ്. സ്വന്തമായി വീടില്ലാത്ത സായൂജിന് തനിക്ക് ലഭിക്കുന്ന നേട്ടങ്ങളിലൂടെ അത് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ്. ഉച്ചക്കുശേഷം ആരംഭിച്ച 400 മീറ്ററിന് ഓടാനായി തയാറെടുക്കുമ്പോള്‍ എല്ലാവരുടെയും കണ്ണ് കോതമംഗലത്തിന്‍െറ താരത്തിനുനേരെയായിരുന്നു. എല്ലാവരും പ്രതീക്ഷിച്ചപ്പോലെ വാരിഷ് ഒന്നാമതായി മുന്നേറി. എന്നാല്‍ അവസാന സെക്കന്‍ഡില്‍ സായൂജ് വാരിഷിനെ പിന്നിലാക്കി സ്വര്‍ണത്തിലേക്ക് കുതിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം വരെ സെപ്റ്റ് ഫുട്ബാള്‍ ക്ളബില്‍ പന്തുതട്ടിയ താരമാണ് സായൂജ്. പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട കൂരാചുണ്ട് മണ്ടോപ്പാറയിലെ സായൂജിന്‍െറ പിതാവ് ബാബുവിന് ആകെയുള്ളത് മൂന്ന് സെന്‍റ് സ്ഥലമാണ്. കൂലിപ്പണിക്കാരനായ ബാബുവിന് അവിടെയൊരു വീടുവെക്കാനുള്ള ശേഷിയില്ല. ഇപ്പോള്‍ ബാബുവിന്‍െറ ഭാര്യാസഹോദരന്‍െറ വീട്ടിലാണ് കുടുംബം കഴിയുന്നത്. സായൂജിന്‍െറ ചേച്ചി സുതാര്യ പ്ളസ് ടു കഴിഞ്ഞ് വീട്ടിലാണ്. അളിയന്‍െറ കുടുംബവും ബാബുവിന്‍െറ കുടുംബവും അടങ്ങുന്ന ഏട്ടോളംപേരാണ് ഇപ്പോള്‍ മണ്ടോപ്പാറയിലെ കൊച്ചുവീട്ടില്‍ കഴിയുന്നത്. ബാബുവിന്‍െറ പിതാവ് കണ്ണന്‍ രോഗശയ്യയിലാണ്. ബാബുവിന്‍െറ മാതാവ് കല്യാണിയും കിടപ്പിലാണ്.
പിതാവിനെയും മാതാവിനെയും നോക്കണം. ഒരു കൊച്ചുവീടും വേണം. ഇതെല്ലാം എങ്ങനെ സാധിക്കുമെന്ന് സായൂജിന്‍െറ പിതാവിനറിയില്ല. അഞ്ചുവയസ്സുമുതല്‍ സായൂജിന് ഫുട്ബാള്‍ ജീവവായുവായിരുന്നു. ഫുട്ബാളില്‍ നിന്നുമാറി കൂരാചുണ്ട് സ്കൂളിലെ കായികാധ്യാപകന്‍ സാജുവിന്‍െറ കീഴില്‍ ട്രാക്കിലേക്കിറങ്ങിയ സായൂജ് പരിശീലകന്‍െറ കണക്കുകൂട്ടലുകള്‍ തെറ്റിക്കാതെ പങ്കെടുത്ത മൂന്നിനങ്ങളിലും ഒന്നാമതത്തെി. 54.44 സെക്കന്‍ഡില്‍ 400 മീറ്ററില്‍ ഒന്നാമതത്തെിയ സായൂജ് ഇന്ന് 600 മീറ്ററിലും നാളെ 200 മീറ്ററിലും ട്രാക്കിലിറങ്ങും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT