എന്താ സാറേ, മരുന്നടി നടക്കുന്നില്ലേ? പിള്ളേരുടെ പ്രകടനം അത്ര പോരല്ലോ?

കോഴിക്കോട്: ഇതെന്താ, ചില സ്കൂളുകള്‍ക്ക് ഇതെന്തുപറ്റി? വര്‍ഷങ്ങളായി കുത്തകയാക്കിവെച്ച പല ഇനങ്ങളിലും കാര്യമായ പ്രകടനങ്ങളൊന്നും കാണുന്നില്ലല്ളോ? കായികമേളയില്‍ ഉത്തേജകമരുന്നടി നടക്കുന്നുണ്ടെന്ന, എല്ലാ വര്‍ഷവും കേള്‍ക്കുന്ന പരാതി അധികൃതരുടെ ശക്തമായ ഇടപെടല്‍ മൂലം ഒരു പരിധി വരെ കുറഞ്ഞതാണോ  ഇവരുടെ പ്രകടനത്തെ ബാധിച്ചതെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാകില്ല. അതില്‍ എന്തൊക്കെയോ ശരിയുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ദേശീയ ഏജന്‍സിയായ നാഡയുടെ അസാന്നിധ്യത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന ചില സ്കൂളുകള്‍ എന്തുകൊണ്ടാണ് നാഡ സംഘം എത്തുന്ന മീറ്റുകളില്‍ പിന്നാക്കംപോകുന്നുവെന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട്. ദേശീയ സ്കൂള്‍ ഗെയിംസില്‍ ആള്‍മാറാട്ടവും വയസ്സ് തിരുത്തലും എല്ലാം നടക്കുന്നുണ്ടെങ്കിലും കേരളത്തില്‍ സാധാരണയായി ഉയര്‍ന്നുകേട്ടിരുന്നത് ഉത്തേജകമരുന്ന് വിവാദമാണ്. അത് ശരിവെക്കുന്നതാണ് ഇപ്പോള്‍ പല സ്കൂളുകളുടെയും പ്രകടനവും.
59ാമത് സംസ്ഥാന സ്കൂള്‍മേളയില്‍ ഉത്തേജകമരുന്ന് പരിശോധന കുറ്റമറ്റരീതിയില്‍ നടക്കുന്നുണ്ട്. നാഡയുടെ നാലംഗ പ്രതിനിധികള്‍ രാവിലെ മുതല്‍തന്നെ കര്‍ത്തവ്യനിരതരായി മേളയില്‍ സജീവം. ഓരോ ഇനങ്ങളിലും ഒന്നും രണ്ടും സ്ഥാനം നേടുന്ന താരങ്ങളെ കൃത്യമായ പരിശോധനക്കാണ് വിധേയമാക്കുന്നതും. അത് കൃത്യമായിതന്നെ തുടരുന്നുണ്ട്.
നാഡയുടെ ഈ കര്‍ക്കശമായ നടപടിയാണോ ചില സ്കൂളുകളുടെ പ്രകടനത്തെ ബാധിച്ചതെന്ന് പരിശോധിച്ചാല്‍ വ്യക്തമാകും. സാധാരണയായി സ്പ്രിന്‍റ്, മധ്യദൂര ഓട്ടങ്ങളിലും ത്രോ ഇനങ്ങളിലുമാണ്  ഉത്തേജകമരുന്ന് ഉപയോഗം കണ്ടുവരുന്നത്. എന്നാല്‍, ഈ മേളയില്‍ ഈ ഇനങ്ങള്‍ കുത്തകയാക്കിയിരുന്ന സ്കൂളുകളില്‍ ചിലത് പിന്നാക്കംപോയത് ഉത്തേജകമരുന്ന് ഉപയോഗം തടയുന്നതില്‍ ഇക്കുറി സംഘാടകര്‍ വിജയിച്ചുവെന്ന സൂചന നല്‍കുകയാണ്.
എല്ലാ ഇനങ്ങളിലെയും മത്സരങ്ങള്‍ കഴിയുമ്പോള്‍ വിജയികളുടെ സാമ്പ്ള്‍ ശേഖരിക്കുന്നു. രക്തം, മൂത്രം, ഹൃദയമിടിപ്പ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ കൃത്യമായിതന്നെ നടക്കുന്നുണ്ട്. നാഡയുടെ പരിശോധനയില്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടത്തെിയാല്‍ ആ താരങ്ങള്‍ അയോഗ്യരാകും. ഫീല്‍ഡ് ഇനങ്ങളില്‍ ആധുനിക സാങ്കേതികവിദ്യകള്‍ കൂടുതലായി കൊണ്ടുവന്നതും ഈ മേളയില്‍ പരാതികള്‍ കുറക്കാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍, ഇക്കുറി ത്രോ  ഇനങ്ങള്‍ക്കായി ഇ.ഡി.എം സംവിധാനം ഏര്‍പ്പെടുത്തിയതും ഓട്ടമത്സരങ്ങള്‍ക്കായി അപ്ഗ്രേഡ് ചെയ്ത ഫോട്ടോഫിനിഷിങ്, കാമറ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതും മേളയുടെ നിലവാരം വര്‍ധിപ്പിച്ചുവെന്നത് മറ്റൊരു വസ്തുത.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT