ചേച്ചിമാരെ പിന്തള്ളി 5000 മീറ്ററില്‍ സാന്ദ്ര സ്വര്‍ണമണിഞ്ഞു

കോഴിക്കോട്: താരക്കും ചിത്രക്കും പിന്‍ഗാമിയായി ദീര്‍ഘദൂര ട്രാക്കില്‍നിന്ന് ഒരു പുത്തന്‍ താരോദയം. പ്രായംകൊണ്ട് ജൂനിയറാണെങ്കിലും പ്രതിഭകൊണ്ട് സീനിയറായ സാന്ദ്ര എസ്. നായരാണ് 5000 മീറ്റര്‍ പെണ്‍കുട്ടികളില്‍ പുതുതാരോദയമായി ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ രണ്ടാംദിനത്തില്‍ ഉദിച്ചുയര്‍ന്നത്.
പ്രായത്തില്‍ ജൂനിയറെങ്കിലും പ്രതിഭ തിരിച്ചറിഞ്ഞ പരിശീലകന്‍ മജുജോസാണ് സാന്ദ്രയെ ചേച്ചിമാര്‍ക്കൊപ്പം ട്രാക്കിലിറക്കിയത്. ദേശീയ ചാമ്പ്യന്മാരായ മേഴ്സിക്കുട്ടന്‍ അക്കാദമിയിലെ പി.ആര്‍. അലീഷയും പറളി എച്ച്.എസ്.എസിലെ രേഷ്മ വി.ആറും മത്സരിച്ച ഇനത്തില്‍ 17 മിനിറ്റ് 29.56 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഇടുക്കി കാല്‍വരിമൗണ്ട് സി.എസ്.എച്ചിലെ പത്താംക്ളാസുകാരി ഒന്നാമതത്തെിയത്. കൊച്ചുസാന്ദ്രയുടെ കുതിപ്പില്‍ അലീഷ രണ്ടും, രേഷ്മ മൂന്നും സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 3000 മീറ്ററില്‍ ബബിതക്കുപിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു സാന്ദ്ര.
നാല് വര്‍ഷം മുമ്പാണ് മജുവിന്‍െറ ശിക്ഷണത്തില്‍ സാന്ദ്ര എത്തുന്നത്. കഴിഞ്ഞ സംസ്ഥാന മീറ്റില്‍ 3000 മീറ്ററില്‍ മൂന്നാംസ്ഥാനം നേടി. ഈ മീറ്റില്‍ 3000 മീറ്ററില്‍ മത്സരിച്ചപ്പോള്‍ രണ്ടാംസ്ഥാനം നേടാനും സാധിച്ചു. ‘ജൂനിയര്‍ വിഭാഗത്തില്‍ 3000 മീറ്റര്‍ മാത്രമേയുള്ളൂ. 5000ത്തില്‍ കൂടി മത്സരിക്കാമല്ളോ എന്ന ആലോചനയിലാണ് സീനിയറില്‍ രജിസ്റ്റര്‍ ചെയ്തത്. ഓട്ടം കഴിഞ്ഞപ്പോള്‍ തീരുമാനം പിഴച്ചില്ളെന്ന് ബോധ്യപ്പെട്ടു.’ -മജു ‘മാധ്യമ’ ത്തോട് പറഞ്ഞു. നെടുങ്കണ്ടം പട്ടംകോളനി കല്ലാര്‍ സന്തോഷ്ഭവനില്‍ കര്‍ഷകനായ സന്തോഷ്കുമാറിന്‍െറയും അനിതയുടെയും മകളാണ് സാന്ദ്ര.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT